top of page

Bros & Biennale - Part 2

ബിനാലെ കസേര !!


എന്താണീ ബിനാലെ കസേര ??

കസേരയെന്നു പറയുന്നതിലും ശെരി, കസേരകളെന്നു പറയുന്നതാവും.

മൂന്നു നാലു പാവം കസേരകള്‍..പഴയ ഇരുമ്പിന്റെ തുരുമ്പിക്കാത്ത കുറച്ചു കസേരകള്‍.

പണ്ട് കല്യാണങ്ങള്‍ക്കും മറ്റും ഉപയോഗിച്ചിരുന്ന മടക്കാവുന്ന നീലയും പച്ചയുമൊക്കെ നിറത്തിലുള്ള കസേരകള്‍. മാറ്റങ്ങളുടെ അടിയൊഴുക്കില്‍ പെട്ടു മുങ്ങിപോയവര്‍, പ്ലാസ്റ്റിക്‌ കസേരകള്‍ക്കു വഴി മാറി കൊടുക്കേണ്ടി വന്ന ജന്മങ്ങള്‍...പാവം കസേരകള്‍.


ഈ ‘പാവം’ കസേരകള്‍ എങ്ങിനെ ബിനാലെ കസേരെയായി ?

അതൊരു കഥയാണ്‌ സുഹൃത്തുക്കളേ...സംഭവിച്ചിരിക്കാന്‍ സാധ്യതയുള്ള ഒരു കഥ.

എവിടെയോ വായിച്ച, ശെരിക്കും നടന്നതാണോ അല്ലയോ എന്നറിയാത്ത ഒരു കഥ.

ഫോര്‍ട്ട്‌ കൊച്ചിയിലേക്കുള്ള യാത്രയില്‍ ബെഞ്ച്‌ ബ്രോയോടു ഞാന്‍ ആ കഥ പറഞ്ഞിരുന്നു.

വീണ്ടും ഒരിക്കല്‍ കൂടി ആ പൊതി ഞാന്‍ അഴിക്കുന്നു.

ഒരു കസേര, ബിനാലെ കസേരയായ കഥ, ഒരു കദന കഥ.


ഒരു ബിനാലെ ദിവസം.

ബിനാലെ കണ്ടു നടന്നു തളര്‍ന്ന ഒരു ചേട്ടന്‍.

ഒന്നിരിക്കാന്‍ കൊതിച്ചു കൊണ്ട് ആ ചേട്ടന്‍ ചുറ്റുമൊന്നു നോക്കി.

ദാ ഇരിക്കുന്നു മൂന്ന് നാല് ഇരുമ്പു കസേരകള്‍ !!

പിന്നെ ഒന്നും നോക്കിയില്ല ആ ചേട്ടന്‍...

എടുത്തു ഒരു കസേര, ഒറ്റ വലിക്കു മടക്കു നിവര്‍ത്തി, കാലു നീട്ടി വിശാലമായോന്നു ചാരിയിരുന്നു.

“ഹാവൂ, എന്തൊരാശ്വാസം.” ചേട്ടന്‍ പറഞ്ഞു കാണും.

ചേട്ടന്‍ ഇരുന്നൊന്നു കാലു നിവര്‍ത്തിയില്ല..അതാ ആരോ പുറത്തു തട്ടുന്നു.

“ചേട്ടാ ഒന്നെണീക്കുവോ...”

“ഇരിക്കാനാണോ മോനേ...ദാ അവിടെ മൂന്ന് നാല് കസേരയുണ്ട്‌...കുറച്ചു പഴയതാണ്, എന്നാലും ഇരിക്കാന്‍ കുഴപ്പമില്ല... അതിലിന്ന് ഒരണമെടുത്തോ...”

“ചേട്ടാ !!!!” പുറത്തു തട്ടിയ ചേട്ടന്‍ ഒന്ന് ഞെട്ടി.

“അതേ ചേട്ടാ, ഈ കസേരകള്‍ ഇരിക്കാനുള്ളതല്ല.”

“പിന്നെ ??”

“ചേട്ടാ, ഈ കസേരകള്‍ ബിനാലെയില്‍ പ്രദര്‍ശനത്തിന്നു വച്ചിരിക്കുന്നതാണ്, ഇരിക്കാനുള്ളതല്ല.”

“അല്ലേ ??? ഇത് ബിനാലെ കസേരയായിരുന്നോ ? അറിഞ്ഞില്ല മോനേ അറിഞ്ഞില്ല...”

“ചേട്ടാ !!!”


ഇതാണ് സുഹൃത്തുക്കളെ ബിനാലെ കസേരയുടെ കഥ.

ഈ കഥ പക്ഷേ സത്യമാണോ അല്ലയോ എന്നോന്നുമറിഞ്ഞു കൂടാ, പക്ഷേ ആ കസേരകള്‍, അതുണ്ട്.

ആ പഴയ ഇരുമ്പു കസേരകള്‍, ഇങ്ങനെ മടക്കി വച്ചിരിക്കുന്നു പ്രദര്‍ശനത്തിനായി.

ഞങ്ങള്‍ ഹാളില്‍ കയറിയപ്പോള്‍ അതാ ഇരിക്കുന്നു, ബിനാലെ കസേരകള്‍.

“ആ ചേട്ടനെ കുറ്റം പറയാന്‍ പറ്റില്ല ബ്രോ” ഞാന്‍.

“ഈ കസേരകളെ കൊണ്ട് എന്താ ഉദേശിക്കുന്നേ ബ്രോ” ബെഞ്ച്‌ ബ്രോ.

“ആ...ആര്‍ക്കറിയാം..” ഞങ്ങള്‍ക്ക് ഒന്നും പിടികിട്ടിയില്ല.

ബിനാലെ കസേരയില്‍ നിന്ന് കണ്ണെടുത്ത്‌ ഞങ്ങളൊന്നു ചുറ്റും നോക്കി.

“ദൈവമേ....!!!!”

ഒരു വശത്തു ഒരു വാതില്‍ കുത്തനെ കുത്തി നിര്‍ത്തിയിരിക്കുന്നു...

അപ്പുറത്ത് ഒരു പൈപ്പ്, വായുവില്‍ തൂക്കിയിട്ട പോലെ നിര്‍ത്തിയിരിക്കുന്നു...

“ബ്രോ, നമ്മളു വെല്ല ഹാര്‍ഡ്‌വെയര്‍ ഷോപ്പിലുമാണോ...”എനിക്കു ഒരു സംശയം.

“ബ്രോ, നമ്മള് ഇനി ശെരിക്കും നോക്കാനിട്ടാണോ, ചുമ്മാ വാതിലും കസേരയുമൊക്കെ ഇങ്ങനെ കൊണ്ട് വെക്കുമോ ?” ബെഞ്ച്‌ ബ്രോയുടെ സംശയം.

സംശയ നിവാരണത്തിനായി ഞങ്ങള്‍ കസേരയുടെയും, വാതിലിന്റെയുമൊക്കെ ചുറ്റും നടന്നു നോക്കി.

വെല്ല കൊത്തുപണിയോ, ചിത്രപണിയോ ഉണ്ടെങ്കിലോ...എവിടെ...

സാധാരണ വീടുകളില്‍ കാണുന്ന വാതിലും,കസേരയും, പൈപ്പുമൊക്കെ തന്നെ...

എന്താണോ എന്തോ !


കലയും, കസേരയും തമ്മിലുള്ള ബന്ധം മനസിലാവാതെ ഞങ്ങള്‍ രണ്ടു ബ്രോസ്.


“ബ്രോ വാ..നമ്മുക്ക് അടുത്തത് എന്താന്നു നോക്കാം” ബെഞ്ച്‌ ബ്രോ മുന്നോട്ടു നടന്നു.

ഞങ്ങള്‍ പതിയെ ബിനാലെ കസേരയോടു വിട പറഞ്ഞു കൊണ്ട് അടുത്ത പന്തിയിലേക്ക് നടന്നു.

അവിടെ ഇനി എന്താണാവോ ?


അടുത്ത ഹാളിലേക്ക് കേറുന്നതിനു മുന്നേ, ഹാളിന്റെ പ്രവേശന കവാടത്തില്‍ വച്ചിരിക്കുന്ന ഒരു ഫലകം എന്റെ കണ്ണില്‍ പെട്ടു. ദീര്‍ഘ ചതുരത്തില്‍ മരത്തിന്റെ ഒരു പലക. അതില്‍, എന്താണ് പ്രദര്‍ശനത്തിനായി വച്ചിരിക്കുന്നെ എന്നതിന്റെ ഒരു വിവരണവും, അതിന്നു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ വിവരങ്ങളും മറ്റും എഴുതി വച്ചിരിക്കുന്നു.

ഈ പലകയുടെ തലകെട്ട് AES+F.

വിചിത്രമായ തലകെട്ടാണല്ലോ, ഇതെന്താണീ AES+F ?

സംഭവം എന്താണെന്ന് അറിയാന്‍ ഞാന്‍ തുടര്‍ന്നു വായിച്ചു.


ത..തത്യ...തത്യാന അര്‍സമസോവ.

ലേവ് ഈവ്സോവിച്.

ഈവ്ജെനി..സ്വ..സ്വാ..സ്വവ്യ...സ്വ്യതസ്കി, ഈവ്ജെനി സ്വ്യതസ്കി. എന്റമ്മോ !!!

വ്ലാദിമിര്‍ ഫ്രിഡ്ക്കിസ്.

ഇവന്മാരെയൊക്കെ വീട്ടില്‍ എങ്ങിനെയാണോ വിളിക്കുന്നെ എന്തോ, ദൈവത്തിനറിയാം !!

എല്ലാവരും മോസ്കോ നിവാസികള്‍. “ഹയ്യ്‌, റഷ്യക്കാരാണല്ലോ..” ഞാന്‍ മനസിലോര്‍ത്തു.

റഷ്യന്‍ പുസ്തകങ്ങളുടെ ഒരു ആരാധകനാണു ഞാന്‍, അത് കൊണ്ട് റഷ്യക്കാരോട് ഒരു ചെറിയ സ്നേഹമില്ലാതില്ല.

പെട്ടന്ന് എനിക്കു AES+F ന്റെ ഗുട്ടന്‍സ് പിടികിട്ടി.

അര്‍സമസോവയുടെ ‘A’ യും, ഈവ്സോവിച്ചിന്റെ ‘E’, സ്വ്യതസ്കിയുടെ ‘S’, ഫ്രിഡ്ക്കിസിന്റെ ‘F’ ചേര്‍ത്ത് ഉണ്ടാക്കിയാതാണ് AES+F. ഫ്രിഡ്ക്കിസ് ചിലപ്പോള്‍ AES ഗ്രൂപ്പ്‌ ഉണ്ടായതിനു ശേഷം വന്നതാവും, അതാവണം ഒരു ‘+ F’. റഷ്യയിലെ ഗ്രൂപ്പ്‌ കളികള്‍ നമ്മുക്കറിയില്ലലോ. എന്താണ് റഷ്യക്കാരുടെ ബിനാലെ ഐറ്റമെന്നു അറിയാന്‍ ആകാംഷയോടെ ഞാന്‍ തുടര്‍ന്നു വായിച്ചു.

“Défilé 2000-2007

A series of....”

“ബ്രോ…ഓ!!!! ഓ!!!!!......” ഹാളില്‍ നിന്ന് ഒരു ആര്‍ത്തനാദം. ബെഞ്ച്‌ ബ്രോ.

ഞാന്‍ വായന നിര്‍ത്തി ഹാളിലേക്ക് ഓടി.


ഞാന്‍ നോക്കുമ്പോ ബെഞ്ച്‌ ബ്രോ ഹാളിന്റെ നടുക്ക് നില്ക്കുന്നു, ഹാളില്‍ അധികം വെളിച്ചമില്ല, ഹാളിന്റെ നാല് ചുവരുകളിലും ഏതാണ്ട് എട്ടു അടിയോളം ഉയരം വരുന്ന കുറെ ഫോട്ടോസ് പ്രദര്‍ശനത്തിനു വച്ചിരിക്കുന്നു.

ബ്രോ ഫോട്ടോസും നോക്കി സ്തംഭിച്ചു നില്പ്പാണ്‌.

“ബ്രോ, ഹെവി !!!” എന്നെ കണ്ടതും ബെഞ്ച്‌ ബ്രോ.

“ബ്രോ, എന്താ സംഭവം ??” ഞാന്‍.

“ഒരു ഫാഷന്‍ ഷോയുടെ ഫോട്ടോസാണ് ബ്രോ”

“ഫാഷന്‍ ഷോയോ ???”

“ഹ്മ്മം...ഒരു ഫാഷന്‍ ഷോ; ശവങ്ങളുടെ !!!!”

“ശവങ്ങളോ ???”

“ഹ്മ്മ്മം....”


ഞാന്‍ ഒന്ന് ചുറ്റും നോക്കി, “ദൈവമേ.....”

ഏഴു മൃതശരീരങ്ങളുടെ പൂര്‍ണകായ ചിത്രങ്ങള്‍, നല്ല വെളുത്ത ബാക്ക്ഗ്രൌണ്ടില്‍ മൃതശരീരങ്ങള്‍ എടുത്ത കാണിക്കുന്ന വിധം അവതരിപ്പിച്ചിരിക്കുന്നു. ഞാന്‍ കുറച്ചൂടെ അടുത്ത് ചെന്ന് നോക്കി.

“ഹോ !!”

തോലിയെല്ലാം അസ്ഥിയോടു ഒട്ടിച്ചേര്‍ന്നിരിക്കുന്നു; അഴുകി തുടങ്ങിയ ശവശരീരങ്ങള്‍.

ചില ചിത്രങ്ങളില്‍ വായ്‌ തുറന്നിരിക്കുന്ന മൃതശരീരങ്ങള്‍.

ഒരു ചിത്രത്തില്‍ പോസ്റ്റ്മോര്‌ട്ടം കഴിഞ്ഞു തുന്നി കുട്ടിയതിന്റെ വലിയ പാടുകള്‍ !!

പക്ഷേ ഇതിലെല്ലാം വിചിത്രം ആ മൃതദേഹങ്ങളുടെ വേഷവിധാനങ്ങളായിരുന്നു.

ഒരു പുരുഷദേഹം അതാ സ്ക്കിന്നി പാന്റ്സും, ബ്ലൈസേര്സും, ബോയുമോക്കെയായി കട്ട ലുക്കില്‍ !

വേറൊരു മാന്യ ദേഹം കഴുത്തില്‍ ഒരു സ്കാര്‍ഫും, തലയില്‍ ഒരു ഷാളുമൊക്കെയിട്ട് കലിപ്പില്‍.

ഒരു ശരീരം അതാ വെള്ള ഗൌണ്‍ ഒക്കെയിട്ടു ഏതോ കല്യാണത്തിലേ മണവാട്ടിയെ പോലെ...

പിന്നെ ഒരു ദേഹത്തിനു കടും ചുവപ്പ് ഗൌണും, ഒരു കോട്ടും, കഴുത്തില്‍ ഒരു ചുവന്ന പട്ടയും.

ഏതോ ഫാഷന്‍ ഷോയില്‍ പങ്കെടുത്തു കൊണ്ടിരിക്കുബോഴാണോ ഇവരൊക്കെ മരിച്ചതെന്ന് ഒരു സംശയം തോന്നാം. ചുരുക്കത്തില്‍ പറഞ്ഞാല്‍ മൃതശരീരങ്ങളുടെ ഒരു ഫാഷന്‍ ഷോ !

ഭീകരം !!!

ree
The Fashion Show !

ഞാന്‍ ഒന്നും കൂടി ചുറ്റും നോക്കി, പതിയെ ഹാളിന്റെ പുറത്തേക്കിറങ്ങി.

നേരെ മരപലകയുടെ അടുത്തേക്ക്, എന്താണ് റഷ്യക്കാര്‍ ഉദേശിചിരിക്കുന്നെ എന്ന് അറിയണമല്ലോ.

നേരത്തെ വായിച്ചു നിര്‍ത്തിയിടത്തു നിന്ന് തുടങ്ങി...

“Défilé 2000-2007

A series of 7 digital images on light boxes (Work in Progress) dimensions variable.


Défilé is a series of life sized photographs of seven recently deceased people dressed in high-end fashion and arranged as if partaking in a fashion shoot…”


“ഹോ !!!”

നശ്വരമായ സൗന്ദര്യവും, അനശ്വരമായ മൃത്യുവും...

മനുഷ്യനെ മോഹിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായ, രണ്ടു വിരുദ്ധ ധ്രുവങ്ങളില്‍ നില്ക്കുന്ന പ്രതിഭാസങ്ങള്‍.

ജീവനുള്ളതിനേ സൗന്ദര്യമുള്ളൂ...മരണം അപഹരിച്ചതിനു വിരൂപമാണ്...ആണോ ??

ആ ചോദ്യത്തിനുള്ള ഉത്തരം തേടി പോയതാണീ ഈ റഷ്യക്കാര്‍.

മരണത്തെയും, സൗന്ദര്യത്തേയും കൂട്ടിയിണക്കാനുള്ള ഒരു റഷ്യന്‍ ശ്രമം.

അവസാനിച്ചത്‌ ഒരു ഫാഷന്‍ ഷോയിലും !

ഈ ഒരു വിചിത്രമായ ആശയത്തെ എങ്ങിനെ വിശേഷിപ്പിക്കണമെന്നു പോലും എനിക്കറിയില്ല.


“ഹെവിയാണ് ബ്രോ, ഒരു രക്ഷയില്ല...” ബെഞ്ച്‌ ബ്രോ ഫാഷന്‍ ഷോയുടെ ഹാങ്ങ്‌ ഓവര്‍ മാറാതെ.

“അതെ ബ്രോ...ഹെവി”

ഇത്തിരി കനത്തിലുള്ള ആശയം തന്നെയായിരുന്നു അത്.

“ബ്രോ, ഇവന്മാര്‍ക്ക് പക്ഷേ ഈ ഐഡിയ കിട്ടിയത് നമ്മുടെ കയ്യില്‍ നിന്നാ...” ബെഞ്ച്‌ ബ്രോ.

“നമ്മുടെ കയ്യില്‍ നിന്നോ...???”

“നമ്മുടേന്നു വച്ചാ...കേരളത്തീന്ന്”

“കേരളത്തീന്നോ...”

“ബ്രോ കേട്ടിട്ടിലേ….ചത്ത്‌ കിടന്നാലും ചമഞ്ഞു കിടക്കന്നമെന്നു,നമ്മുടെ പഴഞ്ചൊല്ല് !

ഇവന്മാര് അതില്‍ നിന്ന് ഡെവലപ്പ് ചെയ്തതാ ഈ ഫാഷന്‍ ഷോ ഐഡിയ...”

“എന്റമ്മോ...!!!....ബ്രോ....”


“ബ്രോ, അപ്പൊ നമ്മുടെ ബിനാലെ കസേരക്കും കാണുമോ ഇതുപോലൊരു ആശയം ?”

അടുത്ത പന്തിയിലേക്ക് നടക്കുന്നതിനിടയില്‍ എനിക്കു ഒരു സംശയം.

“കാണും ബ്രോ..”

“നമ്മള്‍ അതിന്റെ വിവരണം വായിക്കാതെ പോന്നത് കഷ്ടമായി പോയി...”

“ഹ്മം...നമ്മുക്ക് തിരിച്ചു ഇറങ്ങുമ്പോ നോക്കാം ബ്രോ..”

“ഓക്കേ”

ഞങ്ങള്‍ പതിയെ അടുത്ത ഹാളിലേക്ക് കടന്നു.


അടുത്ത ഹാളില്‍ എന്തോ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ ഒന്നുമുണ്ടായില്ല. സമാധാനം.

ഒരു ഓര്‍ഗാനിക് പെയിന്റിംഗ്, പ്രകൃതിയില്‍ നിന്നുള്ള വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഒരു ചിത്രം.

മഞ്ഞ നിറത്തിനു മഞ്ഞളരച്ചും, ചുവപ്പിന്നു കുങ്കുമം ചാലിച്ചുമൊക്കെ പൂര്‍ത്തിയാക്കിയ ഒരു പെയിന്റിംഗ്.

പെയിന്റിങ്ങും കടന്നു ഞങ്ങള്‍ മുന്നോട്ടു...ചെന്ന് കയറിയത് ഒരു കൊച്ചു മുറിയിലോട്ടു.


ഓടു മേഞ്ഞ ഒരു കൊച്ചു മുറി.

ആ മുറി നിറയെ ബള്‍ബ്ബുകള്‍, കത്തുന്നതും കത്താത്തതുമായ കുറെയേറെ ബള്‍ബ്ബുകള്‍...

അതൊരു സുഖമുള്ള കാഴ്ചയായിരുന്നു.

ഒരു മുറി നിറയെ നൂറുകണക്കിനു ബള്‍ബുകള്‍ ഇങ്ങനെ തൂക്കിയിട്ടിരിക്കുന്നു...

പ്രകാശത്തില്‍ കുളിച്ചു നില്ക്കുന്ന ഒരു കൊച്ചു മുറി.

മനോഹരം.

ree

ബള്‍ബുകളുടെ കൂടെ നിന്ന് രണ്ടു മൂന്നു സെല്‍ഫിയെടുത്തു ഞങ്ങള്‍ പതുക്കെ അവിടെ നിന്നു ഇറങ്ങി.

ആ മുറിയില്‍ നിന്ന് ഇറങ്ങിയത്‌ ഒരു നീണ്ട ഹാളിലേക്ക്; ചൂണ്ടു പലകയനുസരിച്ചു ആ ഹാളില്‍ നിന്ന്

വലത്തോട്ട് തിരിഞ്ഞു വേണം ഇനി മുന്നോട്ടു പോവാന്‍.

ഞാന്‍ ആ ഹാളില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞില്ലാ, “ബ്രോ !!!” ഇത്തവണ ഞെട്ടാനുള്ള യോഗം എന്റെയായിരുന്നു. ഞങ്ങള്‍ നോക്കുമ്പോ എന്താ...

കുറെ കല്ലും മണ്ണും കൂട്ടിയിട്ടിരിക്കുന്നു, നല്ല വൃത്തിയില്‍ കൂട്ടിയിട്ടിരിക്കുന്നു.

ഏതോ കെട്ടിടം പൊളിച്ചതിന്റെ അവശിഷ്ടമാവണം.

ചുമ്മാ കുറെ കല്ലും കട്ടയും കൂട്ടിയിട്ടിരിക്കുന്നു...എന്താണോ ഏതോ !

ഇതിന്റെ പിന്നിലെ ഗുട്ടന്‍സ് അറിയാന്‍ ഞാന്‍ വേഗം അതിന്റെ വിവരണം വായിക്കാന്‍ പോയി.

ഞാന്‍ പലക്കുറി ആ വിവരണം വായിച്ചു നോക്കി, പക്ഷേ ഒന്നും മനസിലായില്ല.

വിവരണത്തിന് കലാകാരന്മാരുടെ ഭാഷ, ഒന്നും മനസിലായില്ല. നമ്മുക്ക് മലയാളമല്ലേ അറിയുള്ളു...

“പഴയ കല്ലും കട്ടയും കൊടുക്കാനുണ്ട് എന്നൊരു ബോര്‍ഡ്‌ കൂടി ഉണ്ടെങ്കില്‍ സൂപ്പറായേനെ !!” ബെഞ്ച്‌ ബ്രോ.

“ഹ...ഹ...ബെസ്റ്റ് !!”

ree

കല്ലുകളോടും കട്ടകളോടും വിട പറഞ്ഞു ഞങ്ങള്‍ നേരെ ചെന്ന് കേറിയത്‌ ഒരു റെസ്റ്റ് റൂമില്‍ !

“ദൈവമേ, റെസ്റ്റ് റൂമോ ??” ഞാന്‍.

“ബ്രോ, ജേന്റ്സിന്റെ റെസ്റ്റ് റൂം...അതും അങ്ങനെ തന്നെ !...”ബെഞ്ച്‌ ബ്രോ.

ഒരു ജെന്റ്സ് റെസ്റ്റ് റൂം അങ്ങിനെ തന്നെ ഉണ്ടാക്കി വച്ചിരിക്കുന്നു, പ്രദര്‍ശനത്തിനായി.

കസേര, വാതില്‍, കല്ലും കട്ടയും...ദാ ഇപ്പൊ റെസ്റ്റ് റൂമും !

ഈ ബിനാലെയിലെ സംഭവങ്ങള്‍ ഒക്കെ വിചിത്രങ്ങളാണലോ ദൈവമേ...

“ബ്രോ, ഇത് നോക്ക്...സംഭവം കിടിലം!” ബെഞ്ച്‌ ബ്രോ.

നോക്കുമ്പോ എന്താ സംഭവം, ആ റെസ്റ്റ് റൂം മൊത്തം കടലാസ് കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നെ...

അതും കടലാസ് ചെറുതായി ചുരുട്ടി ചുരുട്ടി ചുരുളുകളാക്കി, ആ ചുരുളുകള്‍ കൊണ്ടാണ് ആ വലിയ റെസ്റ്റ് റൂം മുഴുവന്‍ ഉണ്ടാക്കിയിരിക്കുന്നെ...ശെരിക്കും ഒരു റെസ്റ്റ് റൂം എങ്ങിനെയിരിക്കുമോ അത് പോലെ തന്നെ, അതേ വലുപ്പത്തിലും ഉണ്ടാക്കിയിരിക്കുന്നു...ലക്ഷകണക്കിനു കടലാസ് ചുരുളുകള്‍ വേണ്ടി വന്നിരിക്കണം.

ആ ശ്രമത്തിനു ഒരു കയ്യടി കൊടുക്കാതെ വയ്യ ! കിടിലം !

ree
A sewing machine...with a monitor head !

റെസ്റ്റ് റൂമിനു ശേഷം വന്നത് ഒരു തയ്യല്‍ മെഷീന്‍.

പക്ഷേ ആ തയ്യല്‍ മെഷീനു തലയില്ല, പകരം ഒരു മോണിറ്റര്‍. പഴയ ഡസ്ക്ടോപ്പുകളുടെ CRT മോണിറ്റര്‍.

തയ്യല്‍ മെഷീനില്‍ നമ്മള്‍ കാലു വച്ചമര്‍ത്തുമ്പോള്‍ മോണിറ്ററിലെ വീഡിയോ പ്ലേ ആവും.

നമ്മുടെ ചവിട്ടിന്റെ വേഗമനുസരിച്ച് വീഡിയോ ഫാസ്റ്റ് ഫോര്‍വേഡിലും സ്ലോ മോഷനിലും പ്ലേയാവും.

പിന്നെ വന്നത് കുറെ പതാകകള്‍. എല്ലാ രാജ്യങ്ങള്‍ക്കും പതാകകളുണ്ട്.

എന്നാല്‍ എല്ലാ പതാകകള്‍ക്കും, അവയ്ക്ക് പ്രതിനിധീകരിക്കാന്‍ ഒരു രാജ്യമുണ്ടോ ? ഇല്ലെന്നാണ് ഉത്തരം.

ചരിത്ര താളുകളില്‍ മാത്രം അവശേഷിക്കുന്ന, ഇപ്പോള്‍ നിലവില്ലാത്ത രാജ്യങ്ങളുടെ പതാകകള്‍ പ്രദര്‍ശനത്തിനായി വച്ചിരിക്കുന്നു. പതാകകള്‍ക്കു ശേഷം വന്നത് ഒരു ചങ്ങല. ഒരു മുറിയില്‍ ഒരു ചങ്ങല ഇങ്ങനെ തൂക്കിയിട്ടിരിക്കുന്നു. ആ ചങ്ങലയുടെ പ്രത്യേകത, മുകളില്‍ നിന്ന് താഴോട്ടു വരും തോറും അതിലെ കണ്ണികളുടെ വലുപ്പം കുറഞ്ഞു കുറഞ്ഞു വരും. ആ മുറിയിലെ വെളിച്ചത്തിന്റെ പ്രത്യേക ക്രമീകരണം കൊണ്ട് ആ ചങ്ങലയുടെ ഏറ്റവും ചെറിയ കണ്ണിയില്‍ നിന്നും അതിന്റെ നിഴല്‍ തുടങ്ങുന്നത് പോലെ നമ്മുക്ക് തോന്നും, നിഴല്‍ ആ ചങ്ങലയുടെ ഒരു തുടര്‍ച്ചയെന്ന പോലെ.


തയ്യല്‍ മെഷീനും, പതാകകളും, ചങ്ങലയുമൊക്കെ കണ്ടു, നടന്നു നടന്നു ഞങ്ങള്‍ ഒരു മുറിയുടെ അടുത്തെത്തി.

മുറിയുടെ വാതില്‍ അടഞ്ഞു കിടക്കുന്നു. ഞങ്ങള്‍ ചുമ്മാ ആ വാതിലൊന്നു തള്ളി നോക്കി.

“അതേ..ഇപ്പൊ ഷോയില്ല...”

ഇതാരപ്പാ ? നോക്കിയപ്പോ ഒരു വോളന്റെയിര്‍ ചേട്ടന്‍.

“അതേ..ഇപ്പൊ ഷോയില്ല...” വോളന്റെയിര്‍ ചേട്ടന്‍.

ഞാനും ബെഞ്ച്‌ ബ്രോയും ഒന്ന് പരസ്പരം നോക്കി.

“അടുത്ത ഷോ ഇനി എപ്പോഴാ ?” ബെഞ്ച്‌ ബ്രോ.

“അടുത്ത ഷോ ഇനി നാലരക്ക്” വോളന്റെയിര്‍ ചേട്ടന്‍.

“ബ്രോ, എന്താ വേണ്ടേ ? കാണണോ ? പത്തു മിനിറ്റെ ഉള്ളു..ഇപ്പൊ നാലരയാവും”‍.

“ചേട്ടാ, ഈ ഷോ എത്ര നേരം കാണും” ബെഞ്ച്‌ ബ്രോ വോളന്റെയിര്‍ ചേട്ടനോട്.

“പന്ത്രണ്ടു മിനിറ്റ്. ഒരു ചെറിയ വീഡിയോ, ഒരു ഓഡിയോ നറെഷന്‍...” വോളന്റെയിര്‍ ചേട്ടന്‍.

“ബ്രോ, എന്നാ കണ്ടാലോ...എന്താ സംഭവമെന്ന് നോക്കാം”

“ഓകെ ബ്രോ...കണ്ടു കളയാം...എന്തായാലും വേറെ പണിയോന്നുമില്ലലോ...”


ഇനിയൊരു പത്തു മിനിറ്റ് കാത്തിരിപ്പ്...

ഷോ തുടങ്ങാന്‍...


തുടരും...


 
 
 

Comments


Featured Posts

© Copyright
bottom of page