top of page

Japan Diary - Part 7A

Updated: Aug 21, 2021

ഒരു “കാമി ഓ കിത്തെ കുദാസായി” സ്റ്റോറി !! “സാന്‍ സെന്‍ യെന്‍ ദെസ്...” “സാന്‍ സെന്‍ യെന്‍ ??” “ഹൈ.” സാന്‍...സാന്‍...സാന്‍ന്നുച്ചാ... ഇചി, നീ, സാന്‍, യോന്‍...ഒന്ന്, രണ്ടു, മൂന്ന്, നാല്... ഓ !! സാന്‍...മൂന്ന്... സാന്‍ സെന്‍ന്നു പറയുമ്പോ... എന്റമ്മോ !!! സാന്‍ സെന്നോ !! “ഹൈ !!!” ഒരു “കാമി ഓ കിത്തെ കുദാസായി” സ്റ്റോറി !! ************************************************************************************************************** “ഒഹായോ ഗോസായിമാസ് !!” എല്ലാവരും ഒന്നിരുന്ന്, ബാഗില്‍‍ നിന്നു പുസ്തകങ്ങളും മറ്റു പടക്കോപ്പുകളുമെടുത്തു ഒരു യുദ്ധത്തിനു തയ്യാറെടുക്കുപ്പോഴാണ് വാതിലിനടുത്തു നിന്നാ ഒറ്റപ്പെട്ട ‘ഒഹായോ ഗോസായിമാസ്’. ഗോസായിമാസിന്റെ കാര്യം പറഞ്ഞപ്പോഴാണ്; കുറച്ചു നാളായിട്ട് നമ്മള്‍ അങ്ങു ഇന്റര്‍നാഷണല്‍ റോമിങ്ങിലാണ്, അതെ വീണ്ടും ! ജപ്പാന്‍ തന്നെ ! ജപ്പാനെയങ്ങു അടുത്തറിയാമെന്നു കരുതി... ഭാഷയറിയാതെ എന്തോന്ന് അടുത്തറിയല്‍, അതു കൊണ്ടു ജാപ്പനീസ്‌ പഠിച്ചിട്ടു ഒരു കൈ നോക്കാമെന്ന് കരുതി...

ചില വട്ടുകള്‍ !! ഒരു കൊച്ചു ജാപ്പനീസ് ഭാഷാ പഠനകേന്ദ്രം. അവിടെയൊരു കൊച്ചു ക്ലാസ്സില്‍ ലോകത്തിന്റെ പലഭാഗത്തു നിന്നുള്ളവര്‍. ജാപ്പനീസുമായി ഒരു കൈ നോക്കാന്‍ വന്നവരാണ്. ഇന്ത്യയില്‍ നിന്ന് ഈ ഞാനും... എന്താവുമോ എന്തോ ??? അങ്ങനെ ഒരു ദിവസം രാവിലെ ജാപ്പനീസുമായി ഒരു റൌണ്ട് ഗുസ്തിക്ക് തയ്യാറെടുക്കുമ്പോഴാണ്, ക്ലാസ്സിന്റെ വാതിലിനടുത്തു നിന്നാ ഒറ്റപ്പെട്ട ‘ഒഹായോ ഗോസായിമാസു’ അഥവാ ഗുഡ് മോര്‍ണിംഗ്. ഒക്കാച്ചി ഫ്രം സ്വീഡന്‍. ഒക്കാച്ചിയുടെ ശെരിക്കുള്ള പേരിതല്ല... പക്ഷേ സ്വീഡനില്‍ നിന്നുതന്നെയുള്ള റെബേക്കസാനു പോലും ആ പേര് പറയാന്‍ കിട്ടുന്നില്ല, പിന്നല്ലേ ഞങ്ങള്‍ക്ക്. ഞങ്ങളുടെ ബുദ്ധിമുട്ട് കണ്ടിട്ടാവണം ഒക്കാച്ചി തന്നെ ഇങ്ങോട്ട് പറഞ്ഞു “പ്ലീസ്സ്, പ്ലീസ്സ് കാള്‍ മീ ഒക്കാച്ചി”. ഓമനപ്പേരാവണം, എളുപ്പമുണ്ട് പക്ഷേ. ഓക്കാച്ചിയോരു ഗെയിമറാണ്. സ്വീഡനില്‍ നിന്നും വീഡിയോ ഗെയിം കളിച്ചു കളിച്ചു, ഗെയിമിങ് പ്രാന്തന്‍മാരുടെ നാട്ടില്‍ എത്തിച്ചേര്‍ന്നതാണ്. ജപ്പാനിലെ പേരെടുത്ത ഒരു ഗെയിമറാവണമെന്നാണ് ആഗ്രഹം. ഓരോ ഓരോ ആഗ്രഹങ്ങള്‍, നാട്ടിലെങ്ങാനുമാവണമായിരുന്നു, മിനിമം അവനൊരു ബിടെക്ക് ഇന്‍ ഫുഡ് ആന്ഡ് സേഫ്റ്റി ബിരുദധാരിയായേനെ, അല്ലേല്‍ ആക്കിയേനെ. എന്തോ മുന്‍ജന്മസുകൃതം ! ഒക്കാച്ചിയുടെ ‘ഒഹായോ’ കേട്ട്, ഗുസ്തിക്കു തയ്യാറെടുത്തിരുന്ന ഞങ്ങളൊന്നു തലയുയര്‍ത്തി നോക്കി. “വാവ് !!” റബേക്ക സാന്‍ “വാട്ട് ദി...!!” ഇന്‍ഡോനേഷ്യയില്‍ നിന്നുള്ള റെന്‍ഡി. “ഓവുസം !” ഹോങ്കോങ്ങില്‍ നിന്നുള്ള ഗോര്‍ഡന്‍ സാന്‍. “ക്രേസി മാന്‍ !!!!” ഇന്‍ഡോനേഷ്യയില്‍ നിന്നു തന്നെയുള്ള കിക്കി. “真想不到” ചീനകാരി ചൌ സാന്‍. എനിക്കും ഒന്നും മനസിലായില്ല !! “സുബരാഷി ഒക്കാച്ചി സാന്‍ !!!!!” ഞങ്ങളുടെ ജാപ്പനീസ് സെന്‍സെ. “ഈശോയേ !!” ‍പറയേണ്ടല്ലോ, ഞാന്‍ തന്നെ. ഒക്കാച്ചിയുടെ മുടിക്കിതെന്തു പറ്റി ?? വെല്ല പേയിന്‍റ് പണിക്കോ മറ്റോ പോയിട്ടു വല്ലതും...? അതോ വരുന്ന വഴിക്കു മഴവില്ലിന്റെ അറ്റം വല്ലതും തലയില്‍ മുട്ടിയോ ഇനി ?? ഇന്നലെ വരെ നല്ല വെളുത്ത മുടിയായിരുന്ന ഒക്കാച്ചിയുടെ മുടിയിന്നു...!! ചുവപ്പ്, മഞ്ഞ, പച്ച, നീല, പിങ്ക്...അങ്ങനെ പല നിറങ്ങള്‍. തണ്ണിമത്തന്‍ പോലെയുള്ള ആ തലയില്‍ ഇളംപച്ചക്കും കരിംപച്ചക്കും പകരം ചുവപ്പ്, മഞ്ഞ, പച്ച, നീല...അങ്ങനെയങ്ങനെ...ഏതെങ്കിലും നിറം ഞാന്‍ വിട്ടു പോയോ എന്തോ ! “പേയി മാതിരിയിറുക്ക്” കൊഞ്ചം കൊഞ്ചം തമിഴ് പേശാനറിയുന്ന എന്റെ കൂടെയിരിക്കുന്ന ശ്രീലങ്കയില്‍ നിന്നുള്ള പ്രദീപ് സാന്‍. “തകയി സെന്‍സെ, തോതെമോ തകയീ...” ഒക്കാച്ചി തന്‍റെ മുടിയില്‍ തൊട്ട് കൊണ്ട് സെന്‍സയോട്... “തക്കാളി സെന്‍സെ ??” ഒക്കാച്ചി പറഞ്ഞത് മനസിലാവാതെ ഞാന്‍ പ്രദീപ് സാനേ നോക്കി. “തകയി...എക്സ്പെന്‍സീവ്, തോതെമോ...വെരി” പ്രദീപ് സാന്‍റെ തര്‍ജ്ജമ. “ഒഹ്ഹ്...വെരി എക്സ്പെന്‍സീവ്.. റൈറ്റ് ?” "യെസ്” പിന്നല്ലേ !! ഇമ്മാതിരി കളര്‍ മുഴുവന്‍ തലയില്‍ അടിച്ചു വച്ചാ എക്സ്പെന്‍സീവ് അല്ലണ്ടിരിക്കുവോ !! ചിലപ്പോ വീട് വരെ പണയം വെക്കേണ്ടി വരും...അമ്മാതിരിയാണ് തല കാണിച്ചു വച്ചിരിക്കുന്നെ. അന്നത്തെ മോര്‍ണിംഗ് ക്ലാസ് മുഴുവന്‍ പിന്നെ വിവിധ രാജ്യങ്ങളിലെ മുടിവെട്ടിനെ കുറിച്ചായിരുന്നു. ഒക്കാച്ചിയുടെ അഭിപ്രായത്തില്‍, ജപ്പാനില്‍ മുടിവെട്ടിനു കാശ് കൂടുതലാണു, സ്വീഡനില്‍ പക്ഷേ അതിലും കൂടുതലാണത്രെ. ഫ്രാന്‍സും മോശമില്ല...യൂറോപ്പില്‍ പൊതുവേ മുടി വെട്ടാന്‍ കാശു കൂടുതലാണെന്നാണ് മനസിലാവുന്നത്.

ഇന്ത്യയിലും ശ്രീലങ്കയിലും താരതമ്യേനെ വളരെ വളരെ കുറവാണ്, നാട്ടില്‍ പോയി മുടി വെട്ടി വന്നാലും നഷ്ട്ടമില്ലത്രേ ! അങ്ങനെ കാലത്തെ ക്ലാസ്സു കഴിഞ്ഞു ബ്രേക്നു ഒന്നു റസ്റ്റ്റൂമില്‍ പോയി കണ്ണാടി നോക്കിയപ്പോഴാണ്... പിന്നിലെ മുടിയിങ്ങനെ ചുരുണ്ടുകേറി വന്നിരിക്കുന്നു, ഏതാണ്ട് താറാവിന്റെ പിന്നിലെ പപ്പുപോലെ... ചെവിക്ക് മുകളില്‍ അവിടെ ഇവിടെയായിട്ടു വിജ്രഭിച്ചു നില്‍ക്കുന്ന തുബുകള്‍...

ജപ്പാനില്‍ എത്തിയിട്ടു ഏതാണ്ട് ഒന്നരമാസം..യെസ്, ആ സത്യം ഞാന്‍ മനസിലാക്കി ! മുടി വെട്ടറായിരിക്കുന്നു ! ഭാവിയിലെ മരുഭൂമിയാണ്, ഇപ്പോഴുള്ള മരുപ്പച്ചയെ വെട്ടിയോതുക്കണോ ? എപ്പോഴേത്തെയും പോലെ 'വേണം' എന്നാണ് ഉത്തരമെന്ന് അറിയാമെങ്കിലും, ചോദിക്കാതിരിക്കാന്‍ നിവര്‍ത്തിയില്ലലോ! നമ്മുടെ മുടിയായി പോയില്ലേ, ഇനി വരുമോ ഇല്ലയോ എന്നു ആര്‍ക്ക് അറിയാം. അന്ന് ക്ലാസ് കഴിഞ്ഞു തിരിച്ചു വീട്ടിലേക്ക് പോവും വഴിയാണ്, മുടി വെട്ടാനൊരു ബാര്‍ബര്‍ഷോപ്പു അന്വേഷിച്ചതു. നോക്കുമ്പോ എന്താ, എന്നെ ഞെട്ടിച്ചു കൊണ്ട് വഴി നിറയെ ബാര്‍ബര്‍ഷോപ്പുകള്‍ ! ഇടത്തോട്ടു തിരിഞ്ഞാല്‍ അവിടെ ! വലത്തോട്ട് തിരിഞ്ഞാല്‍ അവിടെ ! ബാര്‍ബര്‍ ഷോപ്പുകളോട്, ബാര്‍ബര്‍ ഷോപ്പ്... തപ്പിപിടിച്ച് വന്നപ്പോ എന്താ , താമസസ്ഥലത്തിനടുത്ത് ഒരു ബാര്‍ബര്‍ മുക്കു തന്നെയുണ്ട്. കുറഞ്ഞത് ഒരു നാലു മുടിവെട്ട് കടകളെങ്കിലും കാണുമവിടെ ! എല്ലാമെന്‍റെ ഭാഗ്യം ! ജാപ്പനീസ് എഴുതാനും വായിക്കാനുമറിയാത്ത ഞാന്‍ എങ്ങിനെ ഈ ബാര്‍ബര്‍ഷോപ്പുകള്‍ തിരിച്ചറിഞ്ഞുവെന്ന സംശയം കാണാം, ന്യായം. ജപ്പാനില്‍ ബാര്‍ബര്‍ഷോപ്പ് തിരിച്ചറിയാന്‍ വളരെയെളുപ്പമാണ്. എല്ലാ മുടിവെട്ട് കടകളുടെയും മുന്‍പിലും ഒരു കറങ്ങുന്ന കോല് കാണാം. ചുവപ്പും, വെള്ളയും നീലയും ഇടകലര്‍ത്തി ചായമടിച്ചാ ആ കോലുകളിങ്ങനെ കിടന്നു കറങ്ങും മുടിവെട്ട് കടകള്‍ക്ക് മുന്നില്‍. മുടിവെട്ടാനാഗ്രഹിച്ചു ഇറങ്ങുന്ന ഒരു ആതമാവു പോലും കട തിരിച്ചറിയാനാവാതെ തിരിച്ചു കയറരുതെന്നാണ് ജപ്പാന്‍ ബാര്‍ബെര്‍സ് അസോസിയേഷന്റ്റെ മുദ്രാവാക്യം. നിങ്ങളുടെ മുടി, ഞങ്ങളുടെ കട...വെട്ടോ വെട്ട് ! അങ്ങനെ സമൃദ്ധമായി ബാര്‍ബര്‍ഷോപ്പുകളൊക്കെയുണ്ടെങ്കിലും, മനസിനു പിടിച്ചയോന്നു കണ്ടില്ല. ഭാഷ തന്നെ പ്രശ്നം. കടയുടെ മുന്നിലുള്ള ബോര്‍ഡു പോലും വായിക്കാന്‍ പറ്റുന്നില്ല ! പിന്നെയല്ലേ കയറിയിട്ട്...

മുടിവെട്ടു പോലും ജീവിതത്തിലോരു പ്രശ്നമായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല ! ഹോ, അവസ്ഥ ! ഒരാഴച്ചയങ്ങനെ മുടിവെട്ടെന്ന ഭാരവും പേറി ക്ലാസ്സിലോട്ടും, തിരിച്ചു വീട്ടിലോട്ടും സൈക്കിള്‍ ചവുട്ടി. സൈക്കിലാണേ ഇവിടെത്തെ എന്റെ ശകടം! ലൈസൻസും വേണ്ട,പാര്‍ക്കിങിന് കാശും കൊടുക്കണ്ട,നല്ല വ്യായാമവും ! അങ്ങനെ ഒരു ദിവസം ഉച്ചക്ക് ക്ലാസ്സു കഴിഞ്ഞു തിരിച്ച് സൈക്കിള്‍ ചവുട്ടുപ്പോഴാണ് ഞാന്‍ അത് കണ്ടത്. ‘HAIR SALOON !!!!!!!!!!!’ വെള്ള ബോര്‍ഡില്‍ ചുവന്ന വെണ്ടയ്ക്കാക്ഷരത്തില്‍, അതും ഇംഗ്ലീഷില്‍ !! മോനേ ! അടുത്തു ചെന്ന് ഒന്നും കൂടി വായിച്ചു നോക്കി. ഇംഗ്ലീഷ് തന്നെ ! ‘HAIR SALOON’ യെയ്യ് !!!!! മറ്റേ കോലു നിന്നു കറങ്ങുന്നുണ്ട്...ബാര്‍ബെര്‍ഷോപ്പു തന്നെ. ബാര്‍ബെര്‍ഷോപ്പിന്റെ ചില്ല് ജനാലയിലൂടെ കടയുടെ ഉള്ള് ഒന്നു നിരീക്ഷിച്ചു.

ആളൊഴിഞ്ഞ രണ്ടു കറങ്ങുന്ന കസേരകള്‍, വലിയ ഒരു കണ്ണാടി...

കൊള്ളാം, സെറ്റപ് കൊള്ളാം, ഒരു ഇന്ത്യന്‍ ക്ഷൗരകടയുടെ ഛായ എവിടെയോക്കയോ ഉണ്ട്.

പക്ഷേ ബാര്‍ബറേ മാത്രം അവിടെ കാണാനില്ല. ഉച്ചയാണല്ലോ, ഭക്ഷണം കഴിക്കാന്‍ പോയി കാണുമെന്ന് മനസിലോര്‍ത്തു. ഇംഗ്ലീഷ് ബോര്‍ഡ്...ഇന്ത്യന്‍ സെറ്റപ്പ്... ഇവിടെ തന്നെ, മുടിവെട്ടുന്നത് ഇവിടെ തന്നെ, തീരുമാനിച്ചു കഴിഞ്ഞു. നാളെ വെള്ളി, അപ്പോ ക്ലാസ് കഴിഞ്ഞു ഇവിടെ കയറി മുടി വെട്ടിയിട്ടു അങ്ങ് തിരിച്ചുപോവാം. മുടിവെട്ട് പ്ലാനും റെഡി ! അന്ന് രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞു ഇങ്ങനെ ചുമ്മാ ഇരിക്കുപ്പോഴാണ് ആ ചിന്ത;

നാളെയിനി ബാര്‍ബെര്‍ക്ക് ഇംഗ്ലീഷ് അറിയിലെങ്കിലോ ?? കര്‍ത്താവേ !!” ഇംഗ്ലീഷ് ബോര്‍ഡും കണ്ടു പറ്റിക്കപ്പെട്ടാലോ ? ജാപ്പനീസ് വാക്കുകള്‍ കുറച്ചൊക്കെ പിടിയുണ്ട്, പക്ഷേ പോര, ഒട്ടും പോര ! തീരെ പോര ! അറിയുന്ന വാക്കുകളൊക്കെയൊന്ന് ചികഞ്ഞു നോക്കി. ‘മുടി - കാമി’, ‘മുറിക്കുക - കിരു’, ‘പ്ലീസ്സ് - കുദാസായി’ നോക്കുമ്പോ മുടിവെട്ടാന്‍ വേണ്ട ജാപ്പനീസ് വാക്കുകള്‍ കുറച്ചൊക്കെ അറിയാം, പക്ഷേ വാക്കുകളെ വാചകങ്ങളകാനറിയില്ല...പെട്ടു ! മുടി വെട്ടണോ ? വളര്‍ത്തിയാലോ ? ചിന്തകള്‍ കാടുകേറി... വെട്ടാം, ഒരു ദിവസം എന്തായാലും വെട്ടണം, വെട്ടേണ്ടി വരും. എന്ന പിന്നെ നാളെ തന്നെയായിക്കോട്ടെ.

മുന്നോട്ട് വച്ച കാല് മുന്നോട്ട് തന്നെ !

തീരുമാനിച്ചു, നാളെ തന്നെ. പെട്ടന്നു ചുമ്മാ ഗൂഗിളില്‍ ഒന്നു പരതിയാലോ എന്നൊരാലോചന... ഉടനടി സര്‍ച്ച് ചെയ്തു "'ജപ്പാന്‍ ഹെയര്‍കട്ട്'" ദാ വരുന്നു ഒരു ലിസ്റ്റ്... ‘ഗെറ്റിങ് എ ഹെയര്‍കട്ട് ഇന്‍ ജപ്പാന്‍; എ സര്‍വൈവല്‍ ഗൈഡ്’ ഫസ്റ്റ് ലിങ്ക്.

ഒന്നും നോക്കിയില്ല, അങ്ങ് ക്ലിക്കി. പിന്നെ കുറച്ചു നേരെത്തേക്ക് ഞാന്‍ അങ്ങ് ‘വേലകാറിയായിരുന്താലും നീയെന്‍ മോഹവല്ലി’ മോഡിലായിരുന്നു. “കാമി ഓ കിത്തെ കുദാസായി” അഥവാ “മുടി മുറിച്ചാലും, പ്ലീസ്സ്” “കാമി ഓ കിത്തെ കുദാസായി” “മുടി മുറിച്ചാലും, പ്ലീസ്സ്” “കാമി ഓ കിത്തെ കുദാസായി” “കാമി ഓ കിത്തെ കുദാസായി” ബാര്‍ബര്‍ഷോപ്പില്‍ പിടിച്ച് നില്‍ക്കാനുള്ള കുറച്ചു സംഭവങ്ങള്‍ അങ്ങനെ ഉരുവിട്ടു പഠിച്ചു. ആതമവിശ്വാസമുയര്‍ന്നു ! എവിടെ, ബാര്‍ബര്‍ഷോപ്പ് എവിടെ ??? കാത്തിരുന്ന ആ വെള്ളിയാഴിച്ച പുലര്‍ന്നു. ജപ്പാനിലേ കന്നി മുടിവെട്ട്. എങ്ങിനയോ ഒരു വിധം ഉച്ചവരെ ക്ളാസ്സില്‍ സമയം തള്ളി നീക്കി. ക്ലാസ്സു കഴിഞ്ഞതും, സൈക്കിളെടുത്ത് പറന്നു നമ്മുടെ ഹെയര്‍സലൂണീലേക്ക്. പക്ഷേ വീണ്ടും, കടയില്‍ ആളില്ല, കഴിക്കാന്‍ പോയി കാണണം. ഞാനും വീട്ടിലേക്ക് വിട്ടു, ഭക്ഷണം കഴിഞ്ഞു ഒന്നു വിശ്രമിച്ച് വീണ്ടും സലൂണിലേക്ക്. “കൊനിച്ചിവാ” പുഞ്ചിരിയോടെ ഒരു കൊച്ചു ജാപ്പനീസ് അപ്പൂപ്പന്‍. അപ്പോ ഈ ജാപ്പനീസ് അപ്പൂപ്പനാണ് ഞാന്‍ അന്വേഷിച്ചു നടന്ന ബാര്‍ബര്‍, ബാര്‍ബര്‍ അപ്പൂപ്പന്‍. മുടിയെല്ലാം നരച്ച്, അല്പം കൂഞ്ഞി നടക്കുന്ന ഒരു അപ്പൂപ്പന്‍....ബാര്‍ബര്‍ അപ്പൂപ്പന്‍ ‘ഹലോ’ പറഞ്ഞതാണ് ആ ‘കൊനിച്ചിവാ’. ആളെ കണ്ടതും ഇംഗ്ലീഷ് സ്വപ്നങ്ങള്‍ വീണുടഞ്ഞു, ഇംഗ്ലീഷ് നടക്കിലെന്ന് നൂറു ശതമാനമുറപ്പ്. പരിചയപ്പെട്ട കുറച്ചു ജപ്പാന്‍കാരില്‍ ചെറുപ്പകാരായ ഒരാള്‍ പോലും ഇംഗ്ലീഷില്‍ സംസാരിച്ചിട്ടില്ല..

അപ്പോ ഈ ബാര്‍ബര്‍ അപ്പൂപ്പന്‍ ഒരു സാധ്യതയുമില്ല. “കൊനിച്ചിവാ, ഏയിഗോ ദായിജോബ് ദെസുക ??” എന്റെ മുറി ജാപ്പനീസ്. “ഗോമെനസായിനേ...” ബാര്‍ബര്‍ അപ്പൂപ്പന്‍.

ഇംഗ്ലീഷ് ‘ഓക്കെയാണോയെന്ന എന്റെ ചോദ്യത്തിനു ഇല്ലെന്നു മറുപടി. തീരുമാനമായി ! വിചാരിച്ചതു പോലെ തന്നെ. നീക്കണോ, പോണോ ?? കണ്‍ഫ്യൂഷന്‍.. പക്ഷേ കാല്..? മറ്റെ മുന്നോട്ട് വെച്ചു കാല് ? പിന്നോട്ടു എടുക്കാന്‍ പറ്റില്ലലോ..ഓരോരോ കോപ്പിലെ പഴഞ്ചൊലുകള്‍ !! മുന്നോട്ടു തന്നെ... മുഖത്തു ഒരു പുഞ്ചിരി വരുത്തി ബാര്‍ബര്‍ അപ്പൂപ്പനോട് “ഹെയര്‍ കട്ട്, ഓക്കെ ദേസുക ?” “ഹൈ” അപ്പൂപ്പന്‍ ഓക്കെ. ഇനി ഒന്നും നോക്കാനില്ല, വരുന്നിടത്ത് വെച്ചു കാണാം, വെട്ടുക തന്നെ. പെട്ടന്നു മനസില്‍ ഒക്കാച്ചിയുടെ മുഖമൊന്നു മിന്നിമറഞ്ഞു. മുടി വെട്ടുന്നതിന് എത്രയാവുമോ എന്തോ ? എനിക്കു പേയിന്റ്റൊന്നും അടിക്കേണ്ടല്ലോ...ഒന്നു മുടി കത്രിക്കണം, പോണം. പുറത്തു കട്ടിങ്ങിന്ടെയും ഷേവിങ്ങിന്ടെയും വിലവിവര പട്ടികയൊന്നും കണ്ടില്ല ! പണയമൊന്നും വേണ്ടിവരിലെന്ന് വിചാരിക്കാം. എന്നാലുമൊന്നു ചോദിച്ചു കളയാം... “ഇകുറ ദേസുക ? ഹെയര്‍ കട്ട് ?” എന്റെ മുറി ജാപ്പനീസില്‍ മുടിവെട്ടുന്നതിന് എത്രയാണെന്ന്. “സാന്‍ സെന്‍ യെന്‍ ദെസ്...” “സാന്‍ സെന്‍ യെന്‍ ??” “ഹൈ.” സാന്‍...സാന്‍...സാന്‍ന്നുച്ചാ... ഇചി, നീ, സാന്‍, യോന്‍...ഒന്ന്, രണ്ടു, മൂന്ന്, നാല്... ഓ !! സാന്‍...മൂന്ന്... സാന്‍ സെന്‍ന്നു പറയുമ്പോ... എന്റമ്മോ !!! സാന്‍ സെന്നോ !! “ഹൈ !!!” എന്റെ ഒക്കാച്ചി ! തകയി എന്നു പറഞ്ഞപ്പോ ഇത്രക്കും തകയിയാവുമെന്ന് പ്രതീക്ഷിച്ചില്ല ! സാന്‍സെന്‍ യെന്‍ എന്നു പറയുമ്പോ മൂവായിരം ജാപ്പനീസ് യെന്‍, ഏതാണ്ട് രണ്ടായിരം ഇന്ത്യന്‍ രൂപ !

ഒന്നു മുടിവെട്ടാന്‍ ?! ദൈവമേ !!!

ഇന്ത്യയില്‍ ആയിരുന്നെങ്കില്‍ എന്റെ രണ്ടു കൊല്ലത്തെ മുടിവെട്ടാണ് ! മുടി വെട്ടാതെ തിരിച്ചു പോയാലോ..?? ഒഹ്ഹ്...പക്ഷേ മറ്റേ കാല്...പുല്ല് ! ഇപ്പോ കാല് മാത്രമല്ല പ്രശനം. ബാര്‍ബര്‍ അപ്പൂപ്പന്‍ എന്നെ ഇങ്ങനെ നോക്കുവാണു.

കാശു കേട്ടു കഴിഞ്ഞു ഇവന്‍ നിക്കുവോ പോവുമോ എന്നറിയാന്‍. എന്റെ അഭിമാനം, ഒരു ഇന്ത്യകാരന്റെ അഭിമാനം...അതും ഒരു പീറ മുടിവെട്ട് കേസില്‍ ജപ്പാന്‍കാരുടെ മുന്നില്‍ അടിയറവ് വയ്ക്കുകയോ...നോ ! നെവര്‍ ! വെട്ടണം, മുടിവെട്ടിയെ പറ്റൂ... പക്ഷേ...കൈയില്‍ അത്രേയും കശുണ്ടോ എന്നൊരു സംശയം ! പണി പാളുമോ ! കോപ്പിലെ കാലും, അഭിമാനവും ! അപ്പൂപ്പന്റെ മുന്നില്‍ വച്ച് പഴ്സ് തുറന്നു നോക്കാന്‍ ഒരു മടി...വെറും ദുരഭിമാനം ! സൈക്കിള്‍ പൂട്ടിയിട്ടുണ്ടോയെന്ന് നോക്കാനെന്നുള്ള വ്യാജേന ഒന്നു പുറത്തിറങ്ങി, പഴ്സ്സിലോന്നു നോക്കി. ഹാവൂ, മൂവായിരം യെന്നുണ്ട്, കൃത്യമായി പറഞ്ഞാല്‍ മൂവായിരത്തിനാനൂറ്റിപ്പത്ത് യെന്‍ ഉണ്ട് കയ്യില്‍.

സമാധാനം ! ഇനിയിപ്പോ വെല്ല സര്‍വീസ് ചാര്‍ജ് മറ്റോ എന്നു പറഞ്ഞു കൂടുതല്‍ വരുമോ എന്നതായി അടുത്ത സംശയം. ഹോട്ടല്‍ വല്ലതുമായിരുന്നെങ്കില്‍ പാത്രമെങ്കിലും കഴുകാമായിരുന്നു, ഇതിപ്പോ മുടിവെട്ടിന്റെ എ ബി സി ഡി അറിയില്ല. അപ്പൂപ്പന്റെ സെറ്റപ്പ് കണ്ടിട്ടു കാര്‍ഡ് ഉരക്കലൊന്നും നടക്കുമെന്ന് തോന്നുന്നില്ല, അല്ല ജാപ്പനീസില്‍ ചോദിക്കാന്‍ അറിയില്ല എന്നതാണു സത്യം. എന്തായാലും വരുന്നോടത്ത് വച്ച് കാണാമെന്ന് വിചാരിച്ചു അകത്തോട്ടു കയറി. നെഞ്ചു വിരിച്ച്, അഭിമാനത്തോടെ, രാത്രിയിരുന്നു രാവിയ ഡയലോഗ് തന്നെയങ്ങു കാച്ചി. “കാമി ഓ കിത്തെ കുദാസായി” ബാര്‍ബര്‍ അപ്പൂപ്പന്‍ ഒരു പുഞ്ചിരിയോടെ അവിടെയുള്ള ഒഴിഞ്ഞ കസേരയോന്നിലേക്ക് വിരല്‍ ചൂണ്ടി. ഞാന്‍ പതുക്കെ കസേരയിലേക്ക്... തുടരും

 
 
 

Comments


Featured Posts

© Copyright
bottom of page