Bros & Biennale - Part 3
- Pathikan

- Aug 25, 2017
- 5 min read
“കായലിനരികെ...
കൊച്ചി കായലിനരികെ കൊടികള്‍ പറത്തി, കുതിച്ചു പൊങ്ങിയ കമ്പനികള്‍...
കച്ചവടത്തിനു കച്ചമുറുക്കി....ലാ...ലാ...ലാ...ലാ...
കായലിനരികെ…ഈ കായലിനരികെ...”
പാട്ടിന്റെ വരികളൊന്നും കൃത്യമായി അറിയില്ലെങ്കിലും, ഈ പാട്ടായിരുന്നു ആസ്പിന്‍വാള്‍ ഹൌസിന്റെ ഓരത്ത് കാറ്റും കൊണ്ട് നില്‍ക്കുമ്പോള്‍ ചുണ്ടില്‍. ഷോ തുടങ്ങുന്നതിനു മുന്‍പേ കായല്‍ കാഴ്ചകള്‍ ആസ്വദിച്ചു കൊണ്ട് ഒരു പത്തു മിനിറ്റ്. ഓളപരപ്പുകളെ കീറിമുറിച്ചു കൊണ്ട് പായുന്ന ബോട്ടുകള്‍...
ആരൊക്കയോ കഴുത്തില്‍ പിടിച്ചു വെള്ളത്തില്‍ മുക്കിയത് പോലെ കുറെ ചീന വലകള്‍ കായലില്‍ മുങ്ങി കിടക്കുന്നു, കുറച്ചെണ്ണം ശ്വാസമെടുക്കാനെന്ന പോലെ തലയുയര്‍ത്തിയും. ഉയര്‍ത്തിയ ചീന വലകള്‍ക്കു മുകളിലൂടെ റോന്തു ചുറ്റുന്ന കടല്‍ കാക്കകള്‍...കുറച്ചകലെ മാറി നങ്കൂരമിട്ടു കിടക്കുന്ന കൂറ്റന്‍ ചരക്കു കപ്പലുകള്‍, പാശ്ചാത്തലത്തില്‍ ജങ്കാറിന്റെ ഇരമ്പലും...
കൊച്ചി, അറബി കടലിന്റെ റാണി !

“ബ്രോ, പോയാലോ? സമയായി, ഷോ ഇപ്പൊ തുടങ്ങും”
“പോവാം ബ്രോ, വാ...”
ഞങ്ങള്‍ പതിയെ പ്രദര്‍ശന ഹാളിലേക്ക് നടന്നു, ആകാംഷയോടെ...
ഞങ്ങള്‍ എത്തുമ്പോ വോളന്റീര്‍ ചേട്ടന്‍ അവിടെയുണ്ട്.
പക്ഷേ, വോളന്റീര്‍ ചേട്ടന്‍ മാത്രമേ ഉള്ളു, വേറാരുമില്ലാ !!
ഞങ്ങള്‍ രണ്ടു പേരും പരസ്പരമോന്നു നോക്കി; അവസ്ഥ കണ്ടിട്ട് നിക്കണോ അതോ പോണോ എന്നൊരു സംശയം. അവസാനം നിക്കാം, ഒന്ന് കണ്ടു നോക്കാമെന്ന് തന്നെ തീരുമാനിച്ചു.
അത് പിന്നെ അങ്ങിനയേ തീരുമാനിക്കാന്‍ പറ്റൂ…
മര്‍ഫി ഗുരുക്കളുടെ തിയറി പ്രകാരം അങ്ങിനയേ വരൂ...
According to Murphy’s Law “Anything that can go wrong will go wrong.”
വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് ചുരുക്കം.
വോളന്റീര്‍ ചേട്ടന്‍ പതിയെ ഹാളിന്റെ വാതില്‍ തുറന്നു.
അപ്പോഴേക്കും മൂന്ന് നാല് പേരുടെ ഒരു ഗ്രൂപ്പുമെത്തി, കൂട്ടത്തില്‍ സാരിയുടുത്തൊരു മദാമ്മയോക്കെയുണ്ട്.
കേരളം കാണാന്‍ വന്ന ഏതോ വിദേശ വനിതയാണെന്ന് തോന്നുന്നു.
കുറച്ചു നേരം നോക്കിയിട്ട് പിന്നെയാരെയും കാണാത്തതു കൊണ്ട് ഞങ്ങളോട് കയറിയിരുന്നോളാന്‍
ആംഗ്യം കാണിച്ചു വോളന്റീര്‍ ചേട്ടന്‍.
ഞങ്ങള്‍ രണ്ടു പേരും, പിന്നെ ആ ഗ്രൂപ്പുമാണ് അപ്പൊ ഷോ കാണാനുള്ളത്.
ഞങ്ങള്‍ പതിയെ ആ ഹാളിനുള്ളിലോട്ടു കയറി.
ഇരുട്ട്.
ഒരു കൊച്ചു ഇരുട്ട് മുറി, ഒന്നും കാണാന്‍ വയ്യ.
വോളുന്റീര്‍ ചേട്ടന്‍ ആ മുറിയുടെ രണ്ടു പാളിയുള്ള കതകു മുഴുവന്‍ തുറന്നു.
ഇപ്പൊ എന്തെങ്കിലുമൊക്കെ കാണാം, സമാധാനം !
ഞങ്ങള്‍ നോക്കുമ്പോ എന്താ; ഒരു ചെറിയ നടുത്തളം.
നടുത്തളത്തിന്റെ മൂന്ന് വശങ്ങളിലായി കുതിരലാടത്തിന്റെ ആകൃതിയില്‍ മൂന്ന് ബെഞ്ചുകള്‍ ഇട്ടിരിക്കുന്നു.
ഞങ്ങള്‍ വേഗം നടുവിലെ ബെഞ്ചില്‍ തന്നെ കയറിയിരുന്നു.
“ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുകഷ്ണം” അതാണ് നമ്മുടെ ഒരു പോളിസി.
മദാമ്മയും കൂട്ടരും ഞങ്ങളുടെ ഇടതു വശത്തെ ബെഞ്ചിലും ഇരുപ്പുറപ്പിച്ചു.
എല്ലാവരും ഇരുന്നു കഴിഞ്ഞപ്പോള്‍ ഞാനൊന്നു നടുത്തളത്തിലേക്ക് നോക്കി.
ഞങ്ങള്‍ ഇരിക്കുന്നതിനു അഭിമുഖമായി ഒരു തൂവെള്ള സ്ക്രീന്‍ കുത്തനെ നിര്‍ത്തിയിരിക്കുന്നു.
ആ സ്ക്രീനിനു പുറകില്‍, ഒരു സ്റ്റാന്‍ഡില്‍ അറുപതു വാട്ട്സ്ന്റെ ഒരു ബള്‍ബും വച്ചിരിക്കുന്നു.
എന്താണോ എന്തോ ?
വോളുന്റീര്‍ ചേട്ടന്‍ പതുക്കെ കതകു ചാരി.
“അടയ്ക്കലെ...അടയ്ക്കലെ...ഞങ്ങളും കൂടിയുണ്ടേ...”
ഒരു ചെറിയ ബഹളം, വേറൊരു ഗ്രൂപ്പും കൂടി ഷോ കാണാന്‍.
കുറച്ചു വയസായ മൂന്ന് പേരുടെ ഒരു കൂട്ടം.
ഇരുട്ടത്ത് അവര്‍ക്ക് കണ്ണ് അങ്ങോട്ട് പിടിക്കുന്നില്ല, ഒരു വിധം വോളുന്റീര്‍ ചേട്ടന്‍ എല്ലാവരെയും ഇരുത്തി.
ഒരാള്‍ ഞങ്ങളുടെ ബെഞ്ചിലും, രണ്ടു പേര് വലതു വശത്തെ ബെഞ്ചിലുമായി ഇരുന്നു.
എല്ലാവരും ഒന്ന് ശാന്തമായെന്ന് കണ്ടപ്പോള്‍, വോളുന്റീര്‍ ചേട്ടന്‍ രണ്ടു പാളികളും ചേര്‍ത്ത് വച്ച് ആ കൊച്ചു മുറിയുടെ വലിയ കതകു വലിച്ചടച്ചു.
ദി ഷോ !
ഇരുട്ട്, കൂരാക്കൂരിരുട്ട്.
മുകളിലെ ഓടിട്ട മച്ചിലേ അങ്ങിങ്ങായുള്ള സുക്ഷിരങ്ങളില്‍ നിന്നും അരിച്ചിറങ്ങുന്ന സുര്യപ്രകാശം മാത്രമേയുള്ളൂ വെളിച്ചം എന്ന് പറയാനായിട്ടു. ഒന്നും കാണാന്‍ വയ്യ, ആരും ഒന്നും മിണ്ടുന്നുമില്ല ആകെ ഒരു വല്ലാത്ത നിശ്ശബ്‌ദത. എന്താണ് വരാന്‍ പോകുന്നതെന്ന് ഒരു പിടിയുമില്ല.
ആകാംഷയോടെ അപ്പാപ്പന്മാരും, മദാമ്മയുടെ ഗ്രൂപ്പും പിന്നെ ഞങ്ങള്‍ രണ്ടു ബ്രോസും.
ഇരുട്ടില്‍ അങ്ങിനെ ഒരു രണ്ടു മൂന്ന് മിനിറ്റ് ഇരുന്നു കാണും, പെട്ടന്ന്...
“ദി സണ്‍ !!!” ഒരശരീരി ഉച്ചത്തില്‍.
പതിയെ ആ വെളുത്ത സ്ക്രീനില്‍ ഒരു അഗ്നി വര്‍ണം തെളിഞ്ഞു വന്നു.
ബള്‍ബ് കത്തി, ഹോ !
“ദി മൂണ്‍ !!!” വീണ്ടും അശരീരി.
പക്ഷേ അഗ്നി വര്‍ണത്തിന്നു മാറ്റമൊന്നുമില്ല, അത് പോലെ തന്നെ.
മൂണ്‍ ആവുംമ്പോ മഞ്ഞ നിറം ആവണമല്ലോ ? ഞാന്‍ മനസ്സില്‍ ഓര്‍ത്തു.
“ദി വാട്ടര്‍ !!!” അശരീരി വീണ്ടും.
“ഗുളു, ഗുളു, ഗുളു, ഗുളു, ഗുളു, ഗുളു” വെള്ളമോഴുകുന്ന ഗുളു ഗുളു ശബ്ദം.
ഇതെന്താണാവോ സംഭവം, ഒരു പിടിയും കിട്ടുന്നില്ല, അപ്പൊ അതാ വീണ്ടും;
“ദി സണ്‍ !!!”
“ദി മൂണ്‍ !!!”
“ദി വാട്ടര്‍ !!!”
“ഗുളു, ഗുളു, ഗുളു, ഗുളു...”
വീണ്ടും....
“ദി സണ്‍ !!!”
“ദി മൂണ്‍ !!!”
“ദി വാട്ടര്‍ !!!”
“ഗുളു, ഗുളു, ഗുളു, ഗുളു...”
ദൈവമേ, വീണ്ടും പരീക്ഷണം !!!
ഞാന്‍ കുറച്ചു നേരം സ്ക്രീന്‍ നോക്കിയിരുന്നു.
സ്ക്രീനിന്റെ പുറകില്‍ കത്തുന്ന ബള്‍ബില്‍ നിന്ന് വരുന്ന വെളിച്ചം സ്ക്രീനില്‍ പതിക്കുന്നു.
സ്ക്രീനിനു അഭിമുഖമായി നില്ക്കുന്ന നമ്മുക്ക് ആ വെളിച്ചം ഒരു വ്രത്താകൃതിയില്‍ കാണാം, വേണമെങ്കില്‍ “ദി സണ്‍” എന്നൊക്കെ കേട്ടത് കൊണ്ട് സൂര്യന്‍ ആണെന്നു വിചാരിക്കാം. ചന്ദ്രനേയും ഒപ്പിക്കാം.
പക്ഷേ വെള്ളം...വെള്ളത്തിന് ശബ്ദം മാത്രമേയുള്ളു !
“ദി വാട്ടര്‍ !!!”
“ഗുളു, ഗുളു, ഗുളു, ഗുളു...”
ഏകദേശം ഒരു അഞ്ചു മിനിറ്റ് ആയി കാണും ഈ “ഗുളു, ഗുളു...” തുടങ്ങിയിട്ട്.
സ്ക്രീനില്‍ ഒന്നും മാറുന്നുമില്ല; അശരീരിയും കട്ടക്ക് തന്നെ. “ദി സണ്‍, “ദി മൂണ്‍....”
പെട്ടന്ന് ഡയലോഗ് ഒന്ന് മാറി, പക്ഷേ എനിക്കൊന്നും മനസിലായില്ലാ !
സ്ക്രീനില്‍ നോക്കിയപ്പോ, അത് പഴയപോലെ തന്നെ. ബള്‍ബിന്റെ മഞ്ഞ വെളിച്ചം, മാറ്റമൊന്നുമില്ല.
പുതിയ ഡയലോഗ് കഴിഞ്ഞില്ലാ, അതാ വീണ്ടും “ദി സണ്‍....”
“ദൈവമേ !!!!”
ഇനിയിപ്പോ എനിക്കു മാത്രമാണോ ഒന്നും മനസിലാവാത്തത് ?
ഞാന്‍ പയ്യെ ബെഞ്ച് ബ്രോയെ ഒന്ന് നോക്കി.
ഈശ്വരാ !!!
ബെഞ്ച് ബ്രോ കട്ട കോണ്‍സെന്ട്രഷനോട് കൂടി സ്ക്രീനും നോക്കിയിരിക്കുന്നു.
ബെഞ്ച് ബ്രോക്കു മനസിലാവുന്നുണ്ടോ? ഇനിയെന്റെ പ്രശനമാണോ?
ആകെ സംശയം, ഒന്നൂടെ ശ്രദ്ധിച്ചു നോക്കാം.
ഞാന്‍ വീണ്ടും സ്ക്രീനിലേക്ക്; അശരീരി വീണ്ടും “ദി സണ്‍, ദി മൂണ്‍...ഗുളു ഗുളു ഗുളു...”
സ്ക്രീനില്‍ നമ്മുടെ ബള്‍ബ് വെളിച്ചം തന്നെ. എല്ലാം പഴയ പോലെ തന്നെ. ഒരു മാറ്റവുമില്ല.
ഞാന്‍ വീണ്ടും ബെഞ്ച് ബ്രോയെ നോക്കി, ബ്രോ പഴയപടി സ്ക്രീനും നോക്കിയിരിക്കുന്നു.
എല്ലാവരും നിശബ്ദധരായി ഇരിക്കുന്നത് കൊണ്ട് ബ്രോയോടു ചോദിക്കാന്‍ ഒരു മടി.
കഴിയുമ്പോ ചോദിക്കാം എന്ന് വിചാരിച്ചു ഞാന്‍ വീണ്ടും സ്ക്രീനില്‍ നോക്കിയിരിപ്പായി.
“ദി സണ്‍, ദി മൂണ്‍...”
അങ്ങിനെ സ്ക്രീനും നോക്കിയിരിക്കുമ്പോ, പെട്ടന്നു ഇടതു വശത്തെ ബെഞ്ചില്‍ നിന്ന് ഒരു ഞെരുക്കം.
ഞാന്‍ സ്ക്രീനില്‍ നിന്ന് കണ്ണെടുക്കാതെ ഒന്ന് ഒളിക്കണ്ണിട്ടു നോക്കി.
നോക്കുമ്പോ നമ്മുടെ മദാമ്മ ആന്‍ഡ് ടീംസ് ഞങ്ങളെ നോക്കുന്നു.
ഞാന്‍ മൈന്‍ഡ് ആക്കിയില്ല, കട്ടക്ക് തന്നെ സ്ക്രീനില്‍ നോക്കിയിരുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും ഇടതു വശത്തു നിന്ന് മുറുമുറുക്കം.
ഇത്തവണ ഞാനൊന്ന് തല തിരിച്ചു നോക്കി.
മദാമ്മയും കൂട്ടരും ഞങ്ങളെ നോക്കുന്നു, പരസ്പരം എന്തോ പറയുന്നു, വീണ്ടും നോക്കുന്നു.
പെട്ടന്ന് എനിക്കു ആ നോട്ടത്തിന്റെ അര്‍ത്ഥം പിടികിട്ടി !!
ഞാന്‍ ബെഞ്ച് ബ്രോയെ നോക്കിയ അതെ നോട്ടം...
ഗുളു, ഗുളുവിന്റെ ഗുട്ടന്‍സ് അവര്‍ക്കും പിടികിട്ടുന്നില്ല...ഹാ...ഹാ...ഹാ...
ഞങ്ങളുടെ ഇരിപ്പ് കണ്ടപ്പോ തെറ്റിദ്ധരിചു കാണും.
ഞാന്‍ പതിയെ അവരെ നോക്കി ചിരിച്ചു, ഒന്നും മനസിലാവുന്നില്ലാ എന്നുള്ള ആ ചിരി...
അവരും പുഞ്ചിരിച്ചു, ഞങ്ങള്‍ക്കും ഒന്നും മനസിലാവുന്നില്ലാ എന്നുള്ള ആ ചിരി.
സര്‍വലോകര്‍ക്കും മനസിലാകുന്ന മനോഹരമായ ഭാഷ...പുഞ്ചിരി !!!

സ്ക്രീനില്‍ സംഭവം പഴയപടി തന്നെ, മഞ്ഞ വെളിച്ചം.
വിളങ്ങുന്ന സൂര്യനും ചന്ദ്രനും, കൂടാതെ ഗുളു ഗുളു ശബ്ധമുതിര്‍ത്തു കൊണ്ട് നിര്‍ലോപം ഒഴുകുന്ന വെള്ളവും.
ഇടയ്ക്കു കുറച്ചു ഡയലോഗുകള്‍ വരും പക്ഷേ അതിനെ തുടര്‍ന്നു ഗുളു ഗുളുവും വരും.
അങ്ങിനെ ഏതാണ്ട് പതിനഞ്ചു മിനിറ്റോളം ഒരു അറുപതു വാട്സ് ബള്‍ബും കത്തുന്നതും നോക്കിയിരുന്നു.
അങ്ങിനെ നോക്കിയിരിക്കുമ്പോള്‍, പതിയെ നമ്മുടെ ബള്‍ബ് കെട്ടു. അശരീരി നിന്നു. ആകെ ഇരുട്ട്.
“കറന്റ് പോയോ ??” അപ്പാപ്പന്‍ ടീമിലേ ആരോ.
“പഠോ !!!”
വെളിച്ചം !!
ഒന്നും കാണാന്‍ വയ്യ !
എല്ലാവരും കണ്ണുകള്‍ ഇറുക്കിയടച്ചു.
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം !!
ആ കൊച്ചു മുറി മുഴുവന്‍ വെളിച്ചത്തില്‍ മുങ്ങി.
പയ്യെ പയ്യെ ഇറുക്കിയടച്ച കണ്ണുകള്‍ എല്ലാവരും തുറന്നു.
ചീന വലകളും, ബോട്ടുകളും, ജങ്കാറിന്റെ ഇരമ്പലും...
കൊച്ചി കായല്‍ തന്റെ സര്‍വ്വ പകിട്ടോട് കൂടിയതാ കണ്മുന്നില്‍.
കൊച്ചി, മനോഹരീ...
പതിയെ ഞാന്‍ ഒന്ന് ചുറ്റും നോക്കി.
ഞങ്ങള്‍ എല്ലാവരും ഇരുന്നതിനു അഭിമുഖമായി, നമ്മുടെ ബള്‍ബിനു പിന്നില്‍ അതാ ഒരു കൂറ്റന്‍ വാതില്‍ തുറന്നിട്ടിരിക്കുന്നു.
ആ കൂറ്റന്‍ വാതില്‍ തുറന്നതാണ് ആ വലിയ ‘പഠോ !!’ ശബ്ദം
കാണികളെ അത്ഭുതപെടുത്താനുള്ള കലാകാരന്റെ സൈക്കൊളോജിക്കല്‍ മൂവ്.
എന്തായാലും ഒരു പരിധിവരെ അയാള്‍ അതില്‍ വിജയിച്ചിട്ടുമുണ്ട്.
ആ വാതില്‍ തുറക്കുന്നത് കൊച്ചി കായലിലേക്കാണ്, കാണികള്‍ക്ക് കൊച്ചി കായലിന്റെ ഒരു മനോഹര ദൃശ്യം നല്‍കാന്‍ ആ കാലകാരന് സാധിച്ചിട്ടുണ്ട്. പക്ഷേ ഇത്രേം നേരം അതിനു ബള്‍ബും നോക്കിയിരിക്കണോ എന്നുള്ളതാണ് ചോദ്യം. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍....
ആ വാതിലാണ് പുറത്തോട്ടുള്ള വഴി.
ഞങ്ങള്‍ എല്ലാവരും അത് വഴി പുറത്തേക്ക് ഇറങ്ങി.
“ഈ പതിനഞ്ചു മിനിറ്റ് ബള്‍ബ് നോക്കിയിരിക്കാനാണോടാ നീ ഞങ്ങളെ നല്ല ഷോയാന്നു പറഞ്ഞു വിളിച്ചോണ്ട് വന്നത്” അപ്പാപ്പന്‍ ടീമിലെ ഒരു അപ്പാപ്പന്‍ വേറോരു അപ്പാപ്പനോട്.
“ബ്രോ, എന്തെങ്കിലും മനസിലായോ ?” ഞാന്‍
“എവടെ !!!”
“ഹേ !!!”
“എനിക്കു ഒന്നും മനസിലായില്ല ബ്രോ, ഒന്നും.”
“എനിക്കും.”
“നമ്മളു ബുദ്ധിജീവികളല്ലാതോണ്ടാണോ ഇനി ??”
“ആ എനിക്കറിയില്ല ബ്രോ...!”
“ഇതൊക്കെയെന്തോ ആന്നു ബ്രോ...”
“ഹ്മ്മം...”
“അല്ല, ബ്രോടെ ഇരിപ്പ് കണ്ടപ്പോ ഞാന്‍ വിചാരിചു...”
“അത് ചുമ്മാ ഷോ...”
“ഹാ, ഹാ...എന്റെ പോലെ തന്നെ!!”
“ബ്രോയും അങ്ങാനയിരുന്നല്ലേ !! ”
“പിന്നല്ലാ..”
ചീപ്പ് ഷോ !!!
ഷോയും കഴിഞ്ഞു ഞങ്ങള്‍ ഇങ്ങനെ പതുക്കെ നടക്കുവാണ്.
അപ്പൊ അതാ കുറച്ചു പേരെ വോളുന്റീര്‍സ് കൈയും പിടിച്ചു നടത്തി കൊണ്ടുവരുന്നു.
ഞങ്ങള്‍ നടന്നു കുറച്ചു കൂടി അവരുടെ അടുത്തെത്തി; നോക്കുമ്പോ അവര് നടക്കുന്നതിനു എന്തോ ഒരു പ്രത്യേകത.
ബാലേ നൃത്തത്തിന്റെ ചുവടുകള്‍ പോലെ. വോളുന്റീര്‍ പിള്ളേര്‍ അവരെ ബാലേ പഠിപ്പിക്കുവാണന്നു തോന്നും നമ്മുക്ക്. പക്ഷേ സൂക്ഷിച്ചു നോക്കിയപ്പോള്‍ അവരുടെ കണ്ണില്‍ എന്തോ വച്ചിട്ടുണ്ട്, അത് കൊണ്ട് അവര്‍ക്ക് പുറത്തേക്കൊന്നും കാണാന്‍ വയ്യ, അത് കൊണ്ട് വോളുന്റീര്‍സ് സഹായിക്കുന്നതാണ്.
സംഭവം എന്താണെന്ന് അറിയാന്‍ ഒരു ആകാംഷ.
അനേഷിച്ചപ്പോ സംഭവം ആധുനികമാണ്.
വിര്‍ച്ച്വല്‍ റിയാലിറ്റി !
വിര്‍ച്ച്വല്‍ റിയാലിറ്റി സങ്കേതം ഉപയോഗിച്ച് കൊണ്ട് സിറിയന്‍ അഭയാര്‍ഥി പ്രതിസന്ധിയുടെ ഒരു ഭാവനാ ലോകം സൃഷ്‌ടിച്ചിരിക്കുന്നു. വിര്‍ച്ച്വല്‍ റിയാലിറ്റി ഒന്ന് അനുഭവിച്ചറിയണം എന്നുണ്ടായിരുന്നു, പക്ഷേ വി ആര്‍ ഹെഡ്സെറ്റ് ഇല്ലാ...എല്ലാവര്ക്കും ഞങ്ങളുടെ അതേ കൗതുകം തന്നെ !
മെഡിറ്ററെനീയന്‍ കടല്‍ തീരങ്ങളും, മൂന്ന് വയസുകാരനായ അലന്‍ കുര്‍ദിയുമോക്കെയായിരിക്കണം അതില്‍...അറിയില്ല...മെഡിറ്ററെനീയന്‍ കടലിന്റെ ഭാഗമൊക്കെ വരുമ്പോള്‍, ആ സമയം നോക്കി വോളുന്റീര്‍സ് നമ്മളെ പെട്ടന്ന് ഉപ്പൂറ്റിക്ക് മുകളില്‍ മാത്രം വെള്ളമുള്ള ഒരു ടാങ്കില്‍ ഇറക്കും. യാഥാര്‍ത്ഥ്യതോട് അടുത്ത് നില്കാനുള്ള ശ്രമങ്ങള്‍. ചിലര്‍ ഇടയ്ക്കിടയ്ക്ക് ഞെട്ടുന്നതൊക്കെ കാണാം. എന്തായാലും അതോരു നല്ല അനുഭവമായിരിക്കണം. ഹെഡ്സെറ്റ് തീര്‍ന്നു പോയതില്‍ ഒരു ചെറിയ നിരാശ, വിര്‍ച്ച്വല്‍ റിയാലിറ്റി ഒന്ന് അനുഭവിച്ചറിയണം എന്നു തന്നെയുണ്ടായിരുന്നു. നടന്നില്ല.
ഞങ്ങള്‍ രണ്ടു പേരും പിന്നെയും നടന്നു.
കൗതുകം തുളുബുന്ന ഒട്ടേറെ കാഴ്ചകള്‍...
ഒരിടത്തു ചുമ്മാ കത്തിച്ചു വച്ചിരിക്കുന്ന ഒരു ചുരുട്ട്...വെറുതെ പുകഞ്ഞു കൊണ്ടിരിക്കുന്നു.
വേറൊരിടത്തു എല്ലാം തല തിരിഞ്ഞിരിക്കുന്നു.
ക്യാന്‍വാസുകളും, പെയിന്റ് ബ്രഷുമെല്ലാം തലതിരിഞ്ഞിരിക്കുന്നു, ഒരു ചിത്രകാരന്റെ വീടാണത്രേ !
പിന്നെയൊരിടത്തു കനല്‍ കൂട്ടിയിട്ടിരിക്കുന്നു...
നൂറുകണക്കിന് ബള്‍ബുകള്‍ കൊണ്ട് ഒരു തീ കുണ്ഡം.
ഒരു വലിയ മുറിയില്‍ അതിന്റെ മച്ചില്‍ തട്ടുന്ന അത്ര ഉയരത്തില്‍ ഒരു വലിയ ഗോളം...
ഒരു മുറിയില്‍ ചെറിയ ഒരു കാട്...
ഏകദേശം നൂറു മീറ്റര്‍നു അടുത്ത് നീളമുള്ള ഒറ്റ ക്യാന്‍വാസ് ചിത്രങ്ങള്‍...
അങ്ങിനെ, അങ്ങിനെ...കുറെയേറെ കാഴ്ചകള്‍...
ബിനാലെ കാഴ്ചകള്‍.

അസ്പിന്‍വാള്‍ ഹൌസിലെ കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ പതിയെ പുറത്തിറങ്ങി.
“ബ്രോ...” ഞാന്‍.
പെട്ടന്നാണ് എനിക്കു അത് കത്തിയത്.
“എന്താ ബ്രോ...”
“നമ്മള്‍ ഒരു കാര്യം മറന്നു...”
“എന്താ ബ്രോ...”
“നമ്മുടെ ബിനാലെ കസേര...അതെന്താ സംഭവമെന്ന് നോക്കിയില്ലലോ...?”
“അയ്യോ, അത് ശെരിയാണല്ലോ...”
“വീണ്ടും കേറണമെങ്കില്‍ വീണ്ടും ടിക്കറ്റ് എടുക്കേണ്ടി വരുമെന്നാ തോന്നുന്നേ...”
“എന്നാ പോട്ടെ ബ്രോ...പിന്നെ എപ്പോഴെങ്കിലും നോക്കാം”
“ഹ്മ്മം.....”
“എന്നാ പോയാലോ ബ്രോ ??”
“ഓകേ ബ്രോ, പോവാം..”
അങ്ങിനെ ബിനാലെയോട് വിട പറഞ്ഞു കൊണ്ട് ഞങ്ങള്‍ രണ്ട് ബ്രോസ് പതിയെ ഫോര്‍ട്ട് കൊച്ചി വിട്ടു.
ബിനാലെ കസേര എന്താണെന്ന് അറിയാന്‍ പറ്റാത്തതില്‍ നേരിയ ദുഃഖം.
വിഷമം മാറ്റാന്‍ നേരെ കായിക്കയുടെ കടയിലേക്ക്...
ഒരു ബിരിയാണി കഴിക്കാന്‍...
എന്നാലും ബിനാലെ കസേര ഒരു വിങ്ങലായി മനസ്സില്‍...
ചുരുളഴിയാത്ത ഒരു രഹസ്യം കൂടി...
അവസാനിച്ചു.
അടികുറിപ്പ്
“ഉള്‍കാഴ്ചകള്‍ ഉരുവാകുന്നിടം”
കൊച്ചി മുസിരിസ് ബിനാലെയുടെ ടാഗ് ലൈന്‍.
ടാഗ് ലൈനിനെ അന്വവര്‍ത്തമാക്കുന്ന വിധത്തിലുള്ള കാഴ്ചകള്‍.
വിചിത്രമായ ആശയങ്ങള്‍ ഒരുമിച്ചു കൂടുന്ന ഒരിടം. ബിനാലെ !
മൃതശരീരങ്ങളുടെ ഫാഷന്‍ ഷോ, ബിനാലെ കസേര, ദി ഷോ അങ്ങിനെയങ്ങിനെ...
അസ്പിന്‍ വാളില്‍ നിന്ന് ഇറങ്ങിയതിനു ശേഷം പിറ്റേ ദിവസവും ഞങ്ങള്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് വന്നിരുന്നു.
ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരിയുമായി ഏകദേശം പത്തോളം ഹാളുകളിലായി വ്യാപിച്ചു കിടക്കുന്നു ബിനാലെ. ഞങ്ങള്‍ രണ്ടു പേരും ഓരോ സൈക്കിളുമെടുത്തു, എല്ലാ ബിനാലെ ഹാളും കയറി കണ്ടു.
ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നുമുള്ള കലാകാരന്മാര്‍ അവരുടെ ആശയങ്ങള്‍ പങ്കുവക്കുന്നു.
ആശയങ്ങളുടെ ഒരു മഹാ സമ്മേളനം.
“നമ്മളു ബുദ്ധിജീവികളല്ലാതോണ്ടാണോ ഇനി ?” നിരര്‍ത്ഥകമായ ഒരു ചോദ്യമായിരുന്നു അത്.
ബുദ്ധി ജീവികള്‍ക്കെ ബിനാലെ ആസ്വദിക്കാന്‍ പറ്റൂ ?
അല്ല !
ക്ഷമയില്ലായിമയും, വിവരണം വായിച്ചു നോക്കാനുള്ള ഞങ്ങളുടെ മടിയും ഒരു പരിധി വരെ ഞങ്ങളുടെ ബിനാലെ ആസ്വദനത്തെ ബാധിച്ചു എന്ന് വേണേല്‍ പറയാം. ബിനാലെ ആസ്വദിക്കാന്‍ വേണ്ടത് കുറച്ചു ക്ഷമയും, കുറേ സമയവും, പിന്നെ അവതാരകന്റെ ഭാഗത്ത് നിന്ന് ചിന്തിക്കാനുള്ള ഒരു മനസ്ഥിതിയും...
ഇതൊക്കെ തന്നെ ധാരാളം.
പിന്നെ ബുദ്ധി ജീവികള്‍, അവര്‍ക്കും, ആര്‍ക്കും ആസ്വദിക്കാം കൊച്ചിന്‍ മുസിരിസ് ബിനാലെ !!
ഞങ്ങള്‍ ബ്രോസും ആസ്വദിച്ചു, ഈ ബിനാലെ ! നിങ്ങളും ആസ്വദിക്കുമെന്നു വിശ്വസിക്കുന്നു.
































Comments