Japan Diary - Part 4B
- Pathikan

- Dec 18, 2016
- 2 min read
Updated: Aug 21, 2021
തോർത്ത് എവിടെ, എവിടെ തോർത്ത്
ഒന്നും നോക്കിയില്ല, കിട്ടിയ ഒരു തുണി ചുറ്റി ഓടി; ഇനി ടോക്കിയോ പോലീസ്ന്റെ മുന്നിൽ തുണി ഇല്ലാതെ…
അതിന്റെ ഒരു കുറവ് കൂടിയേ ഉള്ളു.
ഇങ്ങനെ അപകട മണി അടിച്ചാൽ, ഇത് നമ്മുക്ക് വീടിന്റെ ഉള്ളിൽ നിന്ന് തന്നെ ഓഫ് ചെയ്‌യാൻ
പറ്റും എന്ന് അറിയാം.
കാരണം, പിള്ളേര് ഇടക്ക് ഇങ്ങനെ കുളിമുറിയിൽ കേറിയിട്ടു ഈ സ്വിച്ചിൽ കളിക്കും.
അപ്പൊ ചേച്ചി എന്തോ ചെയ്‌യുന്ന കണ്ടിട്ടുണ്ട്.
അത് കൊണ്ട് ഈ ഉപകരണം എവിടെ ഇരിക്കുന്നെ എന്നൊക്കെ അറിയാം.
ഓടി അതിനു അടുത്ത് ചെന്നു.
ശബ്ദം ഇത്തിരി കൂടിയോ??
ഈ ഉപകരണം ഒരു ഫോൺ പോലെ ആണ്, നമ്മുടെ ലാൻഡ് ഫോൺ ഒക്കെ പോലെ.
ഇന്റർകോം ആയിട്ടു ഉപയോഗിക്കാം, പുറത്തു പുറത്തു ആരെങ്കിലും വന്നിട്ടുണ്ടോ അതാരാണ്; ആളുമായി നമ്മുക്ക് ആശയവിനിമയം നടത്താം ഈ സംവിധാനം വഴി.
നമ്മൾ ഈ ഇംഗ്ലീഷ് മൂവിയിൽ ഒക്കെ കാണുന്നെ പോലെ ഉള്ള സംഭവം.
കുളിമുറിയിലെ എമർജൻസി സംവിധാനം ഇതുമായി സംയോജിപ്പിച്ചിരിക്കുകയാണ്.
ടു..ഡു..ടു..ഡു..ടു..ഡു..
ശബ്ദം നന്നായി കൂടി.
ദൈവമേ എന്തേലും ഒക്കെ ചെയ്‌യണമല്ലോ.
നോക്കുമ്പോ നമ്മുടെ ഫോൺ പോലത്തെ യന്ത്രത്തിന്റെ, റീസിവേര്ന്റെ അടുത്തായി രണ്ടു കറുത്ത ബട്ടണുകൾ.
ഓരോ ബട്ടൻറെ അടിയിലും അത് എന്തിനു വേണ്ടി ഉള്ളതാണ് എന്ന് എഴുതിയിട്ടുണ്ട്.
ജപ്പാൻകാർ അതിൽ കിടിലം ആണ്.
എല്ലാം കൃത്യമായി എഴുതി ഒക്കെ വെക്കും; പക്ഷെ ജാപ്പനീസിൽ ആന്നു മാത്രം
എൻ്റെ ജപ്പാനേ...
എന്ത് ചെയ്‌യും കർത്താവേ.
ഏതു ബട്ടൺ ഞാൻ അമര്ത്തണം?
വന്ദനത്തിലെ മോഹൻലാലിനെ ഞാൻ ഓർത്തു, അങ്ങേർക്കു കുറഞ്ഞത് ഓരോ ചുവന്ന വയറും പച്ച വെയറെങ്കിലും ഉണ്ടായിരുന്നു. നിറം വച്ചെങ്കിലും എന്തേലും ചെയ്‌യാം.
എനിക്ക് ഇവിടെ രണ്ടു കറുത്ത സ്വിച്ചുകൾ.
ഒന്നും ചെയ്‌യാൻ ഇല്ല.
എന്തായാലും ഒരു ബട്ടൺ അമർത്തി നോക്കാം.
ആദ്യത്തെ ബട്ടൺ തന്നെ ഞെക്കി.
എന്റമ്മോ!!
ശബ്ദം ഒന്നൂടെ കൂടി. ടു ടു..ഡു ഡു...
ഇനി ഒന്നും നോക്കാൻ ഇല്ല, മറ്റേ ബട്ടൺ തന്നെ.
ഞെക്കി, ഞെക്കി പിടിച്ചു, ഞെക്കോട് ഞെക്ക്.
ഒന്നും സംഭവിക്കുന്നില്ല.
മണിയൊച്ച ഉച്ചത്തിലായി.
എന്ത് ചെയ്‌യും ഇനി?
ഫോൺ!
എടുത്തു, കറക്കി.
ചേച്ചിയെ ഡയല് ചെയ്തു, വാട്ട്സ് ആപ്പ് കാൾ ആണേ.
റിങ് ചെയ്യുന്നുണ്ട്, ഫോൺ എടുക്കുന്നില്ല.
ചേട്ടനെ വിളിച്ചു, ഇല്ല ഒരു രക്ഷയില്ല. ഫോൺ എടുക്കുന്നില്ല.
അലാറം ഇങ്ങനെ അടിച്ചോണ്ടു ഇരിക്കാണ്.
ശബ്ദം കൂടി കൂടി വരുന്നു.
ഉറപ്പായി, നാളെത്തെ ഫുനാബോരി ടൈംസ് ലെ തലക്കെട്ട് ഇത് തന്നെ.
“ഷവര് ബട്ടൺ എന്ന് കരുതി എമർജൻസി ബട്ടൺ അമർത്തിയ ഇന്ത്യൻ യുവാവിനെ രക്ഷിച്ചു കൊണ്ട് ജാപ്പനീസ് പോലീസ്” കൂടെ തോർത്ത് ഉടുത്തു നിക്കുന്ന ഒരു പടവും.
തീർന്നു.
ആലോചിച്ചു നിക്കാൻ നേരമില്ല, നേരെ ഓടി ഫ്ലാറ്റിന്റെ പിന്നിലെ ബാല്കണിയിൽ പോയി നോക്കി.
ഭാഗ്യം, പുറത്തു ഇത് വരെ പോലീസ്, ഫയർ എൻജിൻ, ആംബുലൻസ് ഒന്നും വന്നിട്ടില്ല.
ദൈവമേ, ഇതു എങ്ങിനെ ഓഫ് ചെയ്‌യും?
തിരിച്ചു വീണ്ടും നമ്മുടെ ഉപകരണത്തിന്റെ അടുത്തേക്ക്.
കമ്മോൻട്രാ മഹേഷേ!!
ബി.ടെക് ഇലെക്ട്രിക്കൽ കഴിഞ്ഞ ഞാൻ ഈ എമർജൻസി അലറാമിനു മുന്നിൽ പതറുകയോ.
നോ. നെവർ.
യന്ത്രങ്ങളുടെ പ്രവർത്തനം നമ്മളും കുറച്ചൊക്കെ കണ്ടതാണല്ലോ.
അലാറത്തിനെ ഒന്ന് വിശദമായി പഠിച്ചു.
നോക്കുമ്പോ അതാ നമ്മുടെ ഉപകരണത്തിന്റെ ഒരു ഭാഗത്തു കുറെ ജാപ്പനീസ് കുറിപ്പുകളും, കൂടെ ഒരു പടവും. പടം നോക്കിയപ്പോ, ആ ഭാഗം അതിൽ നിന്ന് അടർത്തി മാറ്റാൻ പറ്റും എന്ന് മനസിലായി. പക്ഷേ, അതിന്റെ അടുത്ത് തന്നെ ഒരു വട്ടത്തിൽ ചുവന്ന അക്ഷരത്തിൽ എന്തോ ജാപ്പനീസിൽ കുറിച്ചിട്ടുണ്ട്.
ഇനി ഇപ്പൊ ഈ ഭാഗം എടുത്തു മാറ്റുമ്പോൾ ആണോ എന്തോ എല്ലാവര്ക്കും സന്ദേശം പോവുന്നെ? എല്ലാവരും എന്ന് വച്ചാൽ പോലീസ് പട്ടാളം ഒക്കെ. അറിയില്ലലോ ജാപ്പനീസ് സംവിധാനം. ഇവിടെ വല്ലോം ആണേൽ നൂറു വിളിച്ച മതിയായിരുന്നു. ഇതിപ്പോ??
രണ്ടും കൽപ്പിച്ചു അതങ്ങു എടുത്തു മാറ്റി. ഹോ ഹോ ഹോ!!!!
നിശബദ്ധത…. പരിപൂർണ നിശബ്ദത.
കണ്ണ് നിറഞ്ഞു പോയി...
ടീച്ചർമാരുടെ ഭാഷയിൽ പറഞ്ഞാൽ ‘പിൻഡ്രോപ് സൈലെൻസ്.’
സ്കൂൾ വിട്ടതിനു ശേഷം വീണ്ടും ഒരു ‘പിൻഡ്രോപ് സൈലെൻസ് ’അനുഭവിക്കാൻ ഇങ്ങു ടോക്കിയോ വരെ വരേണ്ടി വന്നല്ലോ.
ഹാവൂ..
സമാധാനം. ആനന്ദം.
നേരെ ബാല്കണിയിലേക്കു ഓടി.
ഒന്നൂടെ നോക്കി താഴോട്ട്, ആരും ഇല്ല.
വീണ്ടും കുളിമുറിയിൽ കേറി വസ്ത്രം മാറി, മുന്നിലെ വാതിൽ തുറന്നു പുറത്തു ഇറങ്ങി.
അവിടെയും ആരും ഇല്ല. സമാധാനം.
പോലീസ്, പട്ടാളം, ആംബുലൻസ്, ഫയർ എൻജിൻ, ആരും എത്തിയിട്ടില്ല.
അന്നത്തെ യാത്ര അവിടെ അവസാനിപ്പിച്ചു, വിശ്രമ ദിവസം ആയി പ്രഖ്യാപിച്ചു. നേരെ സെറ്റിയിലോട്ടു.
ഒന്ന് വിശ്രമിക്കട്ടെ.
വാൽ കഷ്ണം
പുറത്തു നിന്ന് തുറക്കാൻ പറ്റുന്ന കുളിമുറി വാതിൽ, കുളിമുറിയിലും ടോയ്‌ലെറ്റിലും എമർജൻസി ബട്ടൻസ്.
ലേശം ആർഭാടം അല്ലേ?
ഇതിന്റെ ഒക്കെ ആവശ്യമുണ്ടോ എന്ന് ഞാൻ ചിന്തിച്ചു പോയി.
ഇതൊന്നുമില്ലാതെ നമ്മൾ നാട്ടിൽ എത്ര കുളി കുറിച്ചിരിക്കുന്നു.
പക്ഷേ ജപ്പാൻ ജനതയെ ഒന്ന് നീരീക്ഷിച്ചാല് ഒരു കാര്യം നമ്മുക്ക് മനസിലാവും.
ജനങ്ങളും, അവരുടെ സുരക്ഷക്കും ആണ് അവിടെ മുൻഗണന, ബാക്കി എല്ലാം അതിനു ശേഷം മാത്രം.
അത് ജപ്പാന്റെ ഓരോ മുക്കിലും മൂലയിലും പോയാൽ നമ്മുക്ക് അറിയാൻ സാധിക്കും.
ട്രെയിൻ, ബസ്, കാർ, റോഡ്..എന്തിനു കുളിമുറികൾ പോലും.
മനുഷ്യ ജീവന്റെ അത്ര വിലയൊന്നുമില്ലലോ വേറൊന്നിനും!
നമ്മുക്ക് ആ തിരിച്ചറിവ് എന്ന് വരുമോ എന്തോ.
വൃദ്ധരെയും, രോഗികളെയും, പിന്നെ ഭൂകമ്പകളേയും മുൻകൂട്ടി കണ്ടു കൊണ്ടാണ് ജപ്പാനിലെ കുളിമുറികളിലെ പുറത്തു നിന്ന് തുറക്കാവുന്ന വാതിലും, എമർജൻസി ബട്ടണും.
നമ്മുടെ കേരളത്തിൽ എത്ര കുളിമുറികളിലെ വാതിലുകൾക്കു പുറത്തു നിന്ന് തുറക്കാൻ പറ്റുന്ന വാതിൽ വെക്കാൻ പറ്റും. എന്താവും അവസ്ഥ?
സാംസ്കാരിക കേരളത്തിന്റെ സംസ്കാരത്തെ ചോദ്യം ചെയ്യുന്നെ പോലെ ആവുമോ അത് ?
തുടരും






Comments