top of page

Japan Diary - Part 5A

Updated: Aug 21, 2021

താഴെ നിന്നുള്ള അപ്പാപ്പന്‍


“ടാ !!!”

“ആഷൂ, നിന്നോടല്ലേ പറഞ്ഞെ ഇങ്ങനെ സൌണ്ട് ഉണ്ടാക്കരുതെന്നു ?”

ഡും !

“ആഷൂ…”

“സൌണ്ട് ഉണ്ടാകല്ലേ ആഷൂ, ആഷൂ ഗുഡ് ബോയ്‌ അല്ലേ?”

ഡും ! ഡും ! ഡും ! ഡും !

“ആഷൂ...”


“ടാ, നിക്കടാവിടെ...ആഷൂ...”

ഡും, ഡും, ഡും, ഡും, ഡും...

പധും പധും പധും...ഞാന്‍ ആഷൂന്റെ പിന്നാലെ...

“അച്ചനാ ഇപ്പൊ സൌണ്ട് ഉണ്ടാകണേ...”

“എടീ...”


ആദ്യം കഥാപാത്രങ്ങളെ പരിചയപെടുത്താം, എന്നിട്ടവാം കഥ.


ഇതിലെ ‘ടാ’, ആഷൂ, എന്റെ അനന്തരവന്‍.

ചേട്ടന്റെയും ചേച്ചിയുടെയും ഇളയ പുത്രന്‍.

“ദൈവമേ......!!!”

അവനെ ഓര്‍ക്കുമ്പോ ഞാന്‍ അറിയാതെ ഒന്ന് ദൈവത്തെ വിളിച്ചു പോവും.

എന്തുകൊണ്ടാണെന്ന് വഴിയെ മനസിലാവും.


ഇതിലെ “എടീ”, ഇവ, എന്റെ അനന്തരവള്‍.

ആഷൂന്റെ ചേച്ചി, പൊന്നാമി എന്ന് വീട്ടില്‍ വിളിക്കും.

ഇത്തിരി പതുക്കെ “ദൈവമേ...” എന്ന് വിളിച്ച മതിയാവും പൊന്നാമിടെ കാര്യത്തില്‍.


ഇനി ‘അച്ചന്‍’, അത് ഈ ഞാന്‍ തന്നെ.

അച്ചന്‍ എന്ന് പറയുമ്പോ ചിലപ്പോ ഒരു ആശയ കുഴപ്പം വരാം.

അതായത് ‘അച്ഛന്‍’ ആണോ ‘അച്ചന്‍’ എന്നൊരു സംശയം വരാം. അല്ല.

ഇനി പള്ളിയിലെ അച്ചന്‍ ആണോ ഈ അച്ചന്‍ എന്നും സംശയം തോന്നാം.

അതും അല്ല. ഹോ ! വല്ലാത്തൊരു അച്ചന്‍ തന്നെ.

ആരാണ് ഈ ‘അച്ചന്‍’ ??

കേരളത്തിന്റെ ചില ജില്ലകളില്‍ അമ്മയുടെ ആങ്ങളെയെ വിളികുന്നതാണ് ‘അച്ചന്‍’ നെന്നു.

ആഷൂവും പൊന്നാമിയും എന്നെ വിളിക്കുന്നതാണ് അച്ഛനെന്നു.


ഇനി കഥ.


ഞാന്‍ ഒന്ന് ടി വി നിര്‍ത്തി. അതാണ് എല്ലാത്തിന്റെയും തുടക്കം

കുറെ നേരമായിട്ട്‌ രണ്ടുപേരും ടി വിയില്‍ തന്നെ ആണ്.

രണ്ടുപേര്‍ക്കും കുറച്ചു സമയം അനുവദിച്ചിട്ടുണ്ട് അപ്പയും അമ്മയും.

ടി വി ടൈം.

ടി വി ടൈം കഴിഞ്ഞിട്ട് ഒരു രണ്ടു രണ്ടര മണിക്കൂര്‍ കഴിഞ്ഞു.

ചേട്ടനും ചേച്ചിയും വീട്ടില്‍ ഇല്ല. അതു കൊണ്ട് എന്നെ മണിയടിച്ചു ഇങ്ങനേ ടി വി കണ്ടു ഇരിക്കാണ് രണ്ടു പേരും.


“പൊന്നാമി, മതി. നിര്‍ത്തിക്കോ”

“അച്ചാ, ഇതും കൂടി..പ്ലീസ് അച്ചാ...”

ചേച്ചിക്ക് സപ്പോര്‍ട്ട് ആയിട്ടു ആഷൂവും.. “പ്ലീസ് അച്ചാ...”


ആ പ്ലീസില്‍ നമ്മള്‍ വീണു പോവും..

പിന്നെ വേറെ ഒരു ഗുണം എന്താന്നു വെച്ചാല്‍ കുറച്ചു നേരം അടങ്ങി ഒതുങ്ങി ഇരുന്നോളും രണ്ടുപേരും, ടി വി കണ്ട്. എനിക്കും ഒരു സമാധാനം.


ഒരു അഞ്ചാറു പ്ലീസ് കഴിഞ്ഞു അങ്ങിനെ, അപ്പോഴാണ്‌ ഞാന്‍ ടി വി നിര്‍ത്താം എന്നുള്ള പ്രഖ്യാപനം നടത്തിയത്.

“മതി, എത്ര നേരായി...അച്ചന്‍ ടി വി ഓഫ്‌ ചെയ്യാന്‍ പോവാ...”

അച്ചന്‍ ഇത്ര കടുത്ത ഒരു തീരുമാനം എടുക്കും എന്ന് വിചാരിച്ചില്ല രണ്ടു പേരും.

“പ്ലീസ് അച്ചാ, പ്ലീസ്. ഇതും കൂടി...”

ഞാന്‍ ഒന്നും നോക്കിയില്ല ടി വി ഓഫ്‌ ആക്കി.

“അച്ചന്‍ ഈസ്‌ എ ബാഡ് ബോയ്‌” ആഷൂ.

ഇതും പറഞ്ഞു നിലത്തു ഒരു ചവിട്ടു.

‘ഡും !!!’


“ആഷൂ...ടാ...”

“ഇങ്ങനെ സൌണ്ട് ഉണ്ടാക്കലെന്നു..ദേ താഴെ നിന്ന് അപ്പാപ്പന്‍ ഇപ്പൊ വരും.”

“അപ്പാപ്പന്‍ വന്ന പിന്നെ അറിയാലോ..”


ഞാന്‍ ഫ്ലാറ്റില്‍ വന്നു കേറിയപ്പോള്‍ തന്നെ ചേട്ടനും ചേച്ചിയും എന്നോട് ഒരു കാര്യം ശ്രദ്ധിക്കാന്‍ പറഞ്ഞിരുന്നു. നടക്കുമ്പോള്‍ അധികം ശബ്ദം ഉണ്ടാക്കാതെ നോക്കണമെന്ന്, കാരണമുണ്ട്. ഫ്ലാറ്റിന്റെ നിലം തടി കൊണ്ടാണ്, അതുകൊണ്ട് നമ്മള്‍ നടക്കുമ്പോള്‍ ചെറിയ ഒരു ശബ്ദം ഉണ്ടാവും. ആ ശബ്ദം അധികമാവാതെ സൂക്ഷിക്കണം.

ശബ്ദം അധികമായാല്‍ താഴെ ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടാവും. അവര് പിന്നെ പരാതി കൊടുക്കും.

പോലീസ് കേസ് വരെ ആവാമെന്ന്. ഇതൊക്കെ മനസിലുണ്ട്, അപ്പോഴാണ്‌...


ഡും !

ടി വി നിര്‍ത്തിയതിന്റെ ദേഷ്യം.

“ടാ !!!”

“ആഷൂ, നിന്നോടല്ലേ പറഞ്ഞെ ഇങ്ങനെ സൌണ്ട് ഉണ്ടാക്കരുതെന്നു ?”

ഡും !

“ആഷൂ…”

“സൌണ്ട് ഉണ്ടാകല്ലേ ആഷൂ, ആഷൂ ഗുഡ് ബോയ്‌ അല്ലേ?”

ഡും ! ഡും ! ഡും ! ഡും !

“ആഷൂ...”


പല വോയിസ്‌ മോഡുലേഷനിൽ ഞാന്‍ പറഞ്ഞു നോക്കി. രക്ഷയില്ല !

അവനെ പിടിക്കാന്‍ വേണ്ടി ഞാന്‍ ചെന്നതും അവന്‍ ഒരോട്ടം.

ടാ, നിക്കടാവിടെ...ആഷൂ...”

ഡും, ഡും, ഡും, ഡും, ഡും...

പധും പധും പധും...ഞാന്‍ ആഷൂന്റെ പിന്നാലെ ഓടി...

“അച്ചാ, അച്ചനാ ഇപ്പൊ സൌണ്ട് ഉണ്ടാകണേ...” പൊന്നാമി.

“എടീ...”


ഞാന്‍ നോക്കിയപ്പോ അത് ശെരിയാ, അവന്റെ പിന്നാലെ ഓടി ഞാനും സൌണ്ട് ഉണ്ടാക്കുന്നുണ്ട്.

ഞാന്‍ ഓട്ടം നിര്‍ത്തി. പക്ഷേ അവന്‍ നിര്‍ത്തിയില്ല, അങ്ങോട്ട്‌ ഓടും ഇങ്ങോട്ട് ഓട്ടം തന്നെ.

ഡും...ഡും...ഡും...ഡും...

“ദൈവമേ...”


അവസാനം ഒരുവിധം എല്ലാമൊന്ന് ഒതുക്കി.

പൊന്നാമിക്ക് ഒരു പുസ്തകവും, ആഷൂനു എന്തോ കളിക്കാന്‍ കൊടുത്തും അന്തരീക്ഷം ശാന്തമാക്കി.

ഞാനും എന്റെ മൊബൈല്‍ എടുത്തു, സെറ്റിയില്‍ ഇങ്ങനെ കിടക്കാണ്.


ടിംഗ് ടോങ്ങ്...ടിംഗ് ടോങ്ങ്..

“ദൈവമേ...”

ഞാന്‍ രണ്ടു പേരെയും ഒന്ന് നോക്കി വാതിലിന്റെ അവിടേക്ക് നടന്നു.

ഡും...ഡും...ഡും...

ആരും നിലത്തു ചവിട്ടിയതല്ല...എന്റെ നെഞ്ചിടിപ്പു..

ഡും...ഡും...ഡും...


ഞാന്‍ വാതിലിന്റെ അവിടെയത്തി, ആരായിരിക്കും. ?

ഇനി ചേട്ടനും ചേച്ചിയും വന്നതാണോ..അതോ...??

ഞാന്‍ കീ ഹോളിനുള്ളിലൂടെ ഒന്ന് നോക്കി..

“ദൈവമേ...”

“ഡും...ഡും...ഡും...”നെഞ്ച് ആഞ്ഞിടിച്ചു.


അപ്പാപ്പന്‍ !

അതെ താഴെ നിന്നുള്ള അപ്പാപ്പന്‍ !!!


അപ്പാപ്പന്റെ ഒന്നാം വരവ്...


തുടരും..


 
 
 

Comments


Featured Posts

© Copyright
bottom of page