top of page

Japan Diary - Part 7B

Updated: Aug 21, 2021


ഒരു “കാമി ഓ കിത്തെ കുദാസായി” സ്റ്റോറി !!

- Part 2


“ഷൊ ഷൊ മചി കുദാസായിനേ”

“ഹൈ”

കസേരയിലോട്ടു ഇരിക്കാൻ ആംഗ്യം കാണിച്ച് “ഇപ്പോ വരാമെന്നു” പറഞ്ഞിട്ട് ബാർബർ അപ്പൂപ്പൻ അങ്ങ്

കടയുടെ അകത്തോട്ടു കയറി പോയി.


അപ്പോഴാണു ആ ബാർബർഷോപ്പിന്റെ ഉള്ള് വശമൊന്നു ശരിക്ക് ശ്രദ്ധിക്കുന്നതു തന്നെ.

അതുവരെ മുടി വെട്ടണോ വേണ്ടയോ എന്ന കൺഫ്യുഷനിൽ ഒന്നുമങ്ങോട്ടു ശ്രദ്ധിക്കാൻ പറ്റിയില്ല.

പതിയെ പരിസരമൊന്നു നിരീക്ഷിചു.

ഒരു പഴയ റേഡിയോ ഇങ്ങനെ ജാപ്പനീസിൽ പാടി കൊണ്ടിരിക്കുന്നു…

കേട്ടുകേൾവി പോലുമില്ലാത്ത ജാപ്പനീസ് മെലഡികൾ..

ഒരു വശത്തു മരത്തിന്റെ ഒരു കൊചു അലമാരയിൽ കുറേ പുസ്തകങ്ങൾ…

അറിയാതെയെങ്ങാനും വല്ല ഇംഗ്ലീഷ് പുസ്തകങ്ങളുണ്ടോ എന്നറിയാൻ ഒന്നു ചികഞ്ഞു നോക്കി…എവിടെ…നോ രക്ഷ ! പതിവു മുടിവെട്ടു കടയിൽ കാണുന്ന പോലെയൊക്കെ തന്നെ…

നാനയുടെയും, ചിത്രഭൂമിയുടെയുമൊക്കെ ജാപ്പനീസ് പതിപ്പുകൾ.

മുടിവെട്ടു കടകൾ എല്ലായിടത്തും ഒരു പോലെ തന്നെയാണോ; അതോ മനുഷ്യരാണോ ഇനി ഒരു പോലെ…

ആ ആർക്കറിയാം ??

പിന്നെ രണ്ടു കറങ്ങുന്ന കസേരകൾ.

കസേരകൾക്കു അഭിമുഖമായി ഭിത്തിയോടു ചേർന്നു പരന്നു വീതിയിൽ ഒരു വലിയ കണ്ണാടിയും.

കണ്ണാടിയുടെ മുന്നിൽ ഒരു തട്ടിൽ സോപ്പു ചീപ്പു മുതലായ സാമഗ്രികൾ. പിന്നെയും കുറെ എന്തൊക്കയോ സാധനസാമഗ്രികൾ, മുടി വെട്ടുന്നതിനു തന്നെയുള്ളതാവണം...ആധുനികമാവും, ആർക്കറിയാം..?

കത്രികയും ചീർപ്പും മാത്രം കണ്ടിട്ടുള്ള നമ്മുക്കു എന്തു ആധുനികം !

മുടി വെട്ടി കിട്ടിയ മതി, അത്രേള്ളു !

കസേരകൾക്കു അപ്പുറം, കയറി വരുന്ന വാതിലിനു എതിരേ വേറൊരു വാതിൽ…

അങ്ങോട്ടാണു അപ്പൂപ്പൻ കയറി പോയതു, വീടാവണം.

വീടിനോടു ചേർന്നു ഒരു കൊചു കടമുറി, അവിടെ ഒരു കൊചു ബാർബർ ഷോപ്പ്.

അതാണു ബാർബർ അപ്പൂപ്പന്റെ സെറ്റപ്പു..കൊള്ളാം.


“ഹൈ, ദൊ സൊ” അപ്പൂപ്പൻ തിരിച്ചെത്തി.

കൈയിൽ എന്തോക്കയോ എടുത്തു പിടിച്ചിട്ടുണ്ടു…

ബാർബർ അപ്പൂപ്പനു കാലങ്ങൾക്കു ശേഷം കിട്ടിയ ഒരു തലയാണോ എന്റെ എന്നോരു സംശയം !

ഇത്രേം ഒരുക്കങ്ങൾ, അതും ഒന്നു മുടി വെട്ടാൻ ! എന്തെലുമാവട്ടെ, വരുന്നിടത്തു വച്ചു കാണാം…


അവിടെയുള്ള കസേരയൊന്നിലേക്കു ഞാൻ അമർന്നിരുന്നു…


“നാൻ സെൻചി ഗുരായി കിരിമസുക ??” അപ്പൂപ്പൻ.

“ഏഹ്ഹ്ഹ് !!!!”

“നാൻ. സെൻചി. ഗുരായി. കിരിമസുക ??” അപ്പൂപ്പൻ വീണ്ടും, പതുക്കെ നിർത്തി നിർത്തി.

“എഹ്ഹ്ഹ്ഹ്ഹ്ഹ്…” ഞാൻ അതിലും പതുക്കെ, നിർത്താതെ.

ഒന്നും മനസിലായില്ല !


ഔട്ട് ഓഫ് സിലബസ് !!!

ഇന്നലെ വായിച്ചാ ‘മുടിവെട്ടു സർവ്വൈവൽ ഗൈഡിൽ’ ഇതു ഇല്ലായിരുന്നല്ലോ ??

അതോ ഉണ്ടായിരുന്നോയിനി ?? പഠിച്ചതൊക്കേ ഒന്നൂടെ ഓർത്തു നോക്കി…

ഇല്ലാ, ഓർമ്മ വരുന്നില്ലാ, ഓർമ്മ വരാത്തതൊക്കേ പണ്ടു മുതലേ ഔട്ട് ഓഫ് സിലബസാണല്ലോ…

എന്തു ചെയ്യും ദൈവമേ…

ബാർബർ അപ്പൂപ്പൻ എന്റെ മറുപടിയ്കായി കാത്തുനിക്കാണ്…

എന്തു പറയാൻ !!


“മൊ ഇചിദൊ…??” ഒന്നും കൂടി ??

ഒരുവട്ടം കൂടി കേട്ടിട്ടൊന്നും കാര്യമില്ലാ, എന്നാലുമൊന്നു ശ്രമിക്കാമെന്നു മാത്രം !

എന്റെ “മൊ ഇചിദൊ…??” കേട്ടതും, അപ്പൂപ്പൻ എന്നെയൊരു നോട്ടം.

“അവന്റെയൊരു മൊ ഇചിദൊ…ഭൂഗോളത്തിന്റെ സ്പന്ദനം ജാപ്പനീസിലാണെന്ന് നിനക്കറിയില്ലെടാ” എന്ന ചാക്കോ മാഷിന്റെ ഭാവം. ജാപ്പനീസ് ഭാവങ്ങളുമായി അങ്ങു പരിചയപെട്ടു വരുന്നേയുള്ളൂ.

പക്ഷേ ആ ഭാവം ചാക്കോ മാഷിന്റെ തന്നെ !

“നാൻ സെൻചി…” എന്റെ ‘മൊ ഇചിദൊ’ കേട്ടിട്ടു അപ്പൂപ്പൻ വീണ്ടും, പക്ഷേ മുഴുവനാക്കിയില്ല ഇത്തവണ.

എന്റെ ദയനീയ ഭാവം കണ്ടപ്പോ ഇവനോടു ഇനി പറഞ്ഞിട്ടു കാര്യമില്ലെന്നു തോന്നി കാണണം. അവസ്ഥ !

എന്നെയൊന്നു നോക്കിയിട്ടു അപ്പൂപ്പൻ അവിടെയുള്ള അലമാരയിൽ നിന്നും എന്തൊക്കയോ എടുത്തിട്ടു അടുത്തേക്കു വന്നു.


“നാൻ..സെൻചി..ഗുരായി..കിരിമസുക..??” ദേ വീണ്ടും.

പക്ഷേ…ഇത്തവണ കത്തി, ഒരായിരം ബൾബുകൾ !!


അലമാരയിൽ നിന്നെടുത്ത ഒരു ട്രിമ്മർ, ആ ട്രിമ്മറിന്റെ തുമ്പിലോട്ടു ചൂണ്ടിയിട്ടു, പതുക്കെ നിർത്തി നിർത്തിയാണു ബാർബർ അപ്പൂപ്പന്റെ ചോദ്യം “നാൻ..സെൻചി..ഗുരായി..കിരിമസുക..??”

എകദേശം എത്ര സെന്റിമീറ്റർ വെട്ടണമെന്നു ??? അതാണാ ചോദ്യം, സിമ്പിൾ !

എങ്ങനെ കത്തിയെന്നൊന്നും ചോദിക്കരുതു, എങ്ങിനയോ കത്തി…


ഹോ !

എത്ര സെന്റിമീറ്റർ കുറയ്ക്കണമെന്ന്…?


“ചേട്ടാ, ഒരു മീഡിയത്തീ പിടിച്ചോ…അധികം കുറയ്ക്കണ്ടാ…” അല്ലെങ്കിൽ “ചേട്ടാ, നന്നായി കുറചോ…”

ഇതാണ് നാട്ടിലേ നമ്മുടെ സ്ഥിരം പല്ലവി. പതിനഞ്ചു മിനിട്ടു കൊണ്ടു പരിപാടിയും തീരും.

ആ എന്നോടാണു ‘എത്ര സെന്റിമീറ്റർ കുറയ്ക്കണമെന്നു ?’

ഇനിയിപ്പോ സ്കെയിലൊക്കേ എടുത്തു അളന്നൊക്കെ നോക്കണോ എന്തോ ?

പൊല്ലാപ്പായല്ലോ…


“മോനു ഇതിനെ പറ്റിയൊന്നും വലിയ ധാരണയില്ലലേ ??”

“ഇല്ലാ അപ്പൂപ്പാ, ഒരു ഐഡിയില്ലാ…ഞങ്ങളുടെ നാട്ടിലു മുടിവെട്ടാൻ കത്രികയും ചീപ്പും മാത്രം മതി, സ്കെയിലൊന്നും അങ്ങനെ ഉപയോഗിക്കാറില്ല മുടി വെട്ടാൻ…ഇതിപ്പോ…”

“വിഷമിക്കാതെ മോനെ…നമ്മുക്ക് ശരിയാക്കാം…ഇതൊന്നു നോക്കിയെ”


“എരാന്തെ കുദാസായി”

“എഹ്ഹ്”

ബാർബർ അപ്പൂപ്പൻ വീണ്ടും..അപ്പോ നേർത്തെ മലയാളം പറഞ്ഞത് അപ്പൂപ്പനല്ലേ ??

തല പെരുത്തു നിൽക്കുമ്പോ അങ്ങനെ പലതും തോന്നുമെന്നു ആരോ പറഞ്ഞു കേട്ടിട്ടുണ്ട്.

ബാക്ക് ടു റിയാലിറ്റി മാൻ, കമോൺ !


നോക്കുമ്പോ അപ്പൂപ്പൻ ഒരു പുസ്തകവും തുറന്നു പിടിച്ചു ഇങ്ങനെ നിക്കാണു.

ഞാൻ റിയാലിറ്റിയിലേക്ക് തിരിച്ചു വന്നുയെന്നു കണ്ടപ്പോ എന്നോട് “എരാന്തെ കുദാസായി…”

അപ്പൂപ്പൻ എന്റെ മനസു വായിച്ചിട്ടാണോ, അതോ ഇവന്റെ നാട്ടിൽ മുടിവെട്ടാൻ സ്കെയിലുപയോഗിക്കാറിലെന്നു മനസിലാക്കിയിട്ടാണോ എന്നറിയില്ലാ…ചിലപ്പോ അതിദയനീയമായ എന്റെ അവസ്ഥ കണ്ടിട്ടാവണം, അതാവനേ വഴിയുള്ളൂ…തുറന്നു പിടിച്ചാ പുസ്തകത്തിൽ മുഴുവൻ വിവിധതരത്തില്ലുള്ള ഹയർ സ്റ്റ്വൈലുകൾ.

എന്നോടു അതിൽ നിന്നും ഇഷ്ടപെട്ട ഒരു ഹയർ സ്റ്റ്വൈലു കാണിച്ചു കൊടുക്കാൻ, അപ്പൂപ്പൻ അതുപോലെ വെട്ടിതരാമെന്നു.


ഹാവൂ…ആശ്വാസം…ശ്വാസം കുറച്ചൊന്നു നേരെ വീണൂ…

പടം കാണിച്ചാ മതിയല്ലോ ഇനി..

ഒന്നും നോക്കിയില്ലാ പിന്നെ…

തമ്മിൽ ഭേദം തോന്നിയ ഒരു ജാപ്പനീസ് തലയങ്ങു കാണിച്ച് അതു പോലെയാക്കി കൊള്ളാൻ ആംഗ്യം കാണിച്ചു.


വെട്ട്!

ആദ്യമേ അപ്പൂപ്പൻ എന്റെ കണ്ണടയൂരി ഭദ്രമായി ഒരു ലെതറിന്റെ പൌചിലിട്ടെടുത്തു വച്ചു.

മുടി വെട്ടി കഴിയുമ്പോ തരുമായിരിക്കും…പക്ഷേ…പോയി കാഴ്ച്ച പോയി.

പിന്നെ അപ്പൂപ്പൻ എന്നെയൊന്നു വലം വച്ചു…മുടി ദേഹത്തു വീഴാതിരിക്കാൻ തുണി ചുറ്റിയതാണ്.

ഇവനു ഒരു റൌണ്ട തുണിപോരാന്നു തോന്നിയിട്ടാണോ എന്നു അറിയില്ല…അപ്പൂപ്പൻ രണ്ടു തവണ കൂടിയെന്നെ വലം വച്ചു, പക്ഷേ അവസാനം ചുറ്റിയതു തുണിയല്ല…ഒരു കറുത്ത പ്ലാസ്റ്റ്ക്ക് ഷീറ്റ്…

എന്താണോ എന്തോ…

ഈ കണ്ട തുണിയും ഷീറ്റുമൊക്കെ മുഴുവൻ ചുറ്റിയിട്ടു രണ്ടു കൈയും അനക്കാൻ വയ്യാ.

ഭാഷയുമറിയില്ല, കാഴ്ച്ചയും പോയി…ദേ ഇപ്പൊ കൈയും അനക്കാൻ വയ്യ.

ജപ്പാൻ പൊതുവേ സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ പാറിപറക്കുന്ന രാജ്യമൊക്കെയാണെങ്കിലും, ചില മാരക സൈക്കോകൾ ഇവിടെയുമുണ്ട്. ആൾകൂട്ടത്തിനിടയിലേക്കു ട്രക്ക് ഇടിചു കേറ്റുക, മെട്രോയിൽ വിഷവാതകം പരത്തുക, സ്കൂൾ കുട്ടികളെ കുത്തിപരിക്കേല്പ്പിക്കുക തുടങ്ങിയ…ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിലും…

സൈക്കോകളുണ്ട് !

ആരോരുമില്ലാത്ത ഒരു ബാർബർഷോപ്പ്…

ഒന്നു മുടി വെട്ടാൻ ഇതു വരെ കാണാത്ത തയ്യാറെടുപ്പുകൾ…

ഇനി ബാർബർ അപ്പൂപ്പൻ എങ്ങാനും…? ഒരു ബാർബർ സൈക്കോ !!??

കർത്താവേ…

കണ്ണടയൂരിവച്ചിരിക്കുന്ന കാരണം ഒന്നും നേരെ ചൊവ്വെ കാണാൻ വയ്യ.

കൈയോ, തുണി ചുറ്റി വരിഞ്ഞു വച്ചിരിക്കാണു; അനക്കാൻ വയ്യ…

അവസാനം ചുറ്റിയതോ ഒരു കറുത്ത പ്ലാസ്റ്റ്ക്ക് ഷീറ്റൂം…തലവെട്ടി അങ്ങനെയേ പൊതിഞ്ഞു കൊണ്ടു പോവനായിരിക്കും. ജപ്പാൻകാർ അല്ലേലും പ്ലാനിങ്ങിൽ കിടിലമാണു. അപ്പൊ എന്റെ കാര്യം ഒരു തീരുമാനമായി…

മുടി വെട്ടാൻ വന്നവന്റെ തല വെട്ടുന്ന അവസ്ഥ…മൈ ഗോഡ് !!


ഒന്നു അലറി വിളിച്ചു ആളെ കൂട്ടാമെന്നു വിചാരിച്ചാ ‘രക്ഷിക്കണേ, രക്ഷിക്കണേ’ എന്നേന്റെ ജാപ്പനീസ് അറിയില്ലാ…

ഏതു നേരത്താണോ എന്തോ…ഇനിയിപ്പോ ഇംഗ്ലീഷിൽ അലറി വിലിക്കാമെന്നു വിചാരിച്ചാ, ഇവന്മാർക്കു മനസിലാവുമോ എന്തോ…അലറി വിളിക്കാൻ സമയം കിട്ടുമോ എന്നുള്ളതു വേറെ കാര്യം…കത്തി വചു ഒരു കീച്ച്..

അതും ജാപ്പനീസ് കത്തി വചു…

ഇല്ലാ, അലറാൻ സമയം കിട്ടില്ലാ…പടചോനേ, നിങ്ങളു കാത്തോളീ…

ആപത്തു വരുമ്പോ അങ്ങിനെ ദൈവങ്ങളിൽ മതം നോക്കാറില്ല‌, അങ്ങ്ടു വിളിയ്ക്കനേ…


ree

ധനനഷ്ടം കുറയ്ക്കാൻ, ഇപ്പോ ഇവിടെയാണു വെട്ടുന്നതു !!!


പെട്ടന്നു തലയുടെ പിന്നിൽ ആരോ അമർത്തുന്ന പോലെ…നല്ല ശക്തിയിൽ തന്നെ !!

തല തിരിചു നോക്കാൻ പറ്റാത്തതു കൊണ്ടു നേരെയുള്ള കണ്ണാടിയിലേക്കൊന്നു നോക്കി.

ബാർബർ അപ്പൂപ്പൻ തന്നെ !

തലയുടെ പിന്നിൽ കൈകൊണ്ടു ഇങ്ങനെ അമർത്തുന്നു…??? യെന്തിനു ??


ഞാനുമോന്നു മസിലു പിടിച്ചു.

തല വെട്ടാനങ്ങനെ പെട്ടന്നൊന്നും സമ്മതിക്കില്ലാ…!!

എന്റെ ശക്തമായ എതിർപ്പു മനസിലാക്കിയിട്ടാന്നു തോന്നുന്നു, അപ്പൂപ്പനും എന്നെയൊന്നു നോക്കി കണ്ണാടിയിലൂടെ. ഞങ്ങളുടെ കണ്ണുകളൊന്നു കണ്ണാടിയിൽ കൂട്ടിയിടിച്ചപ്പോൾ, ഞാൻ നെറ്റി ചുളിച്ചും, പുരികം വളച്ചും എന്താ സംഭവമെന്നു അപ്പൂപ്പനോടു…ഭാഗ്യം, അപ്പൂപ്പനു കാര്യം പിടികിട്ടി.

ജാപ്പനീസ് ഭാഷയേക്കാളുമെളുപ്പം ആംഗ്യഭാഷ തന്നെ !

ബാർബർ അപ്പൂപ്പൻ തലയിൽ രണ്ടു തട്ടു തട്ടിയിട്ടു എന്റെ കാലിൻ ചുവട്ടിലേക്കു വിരൽ ചൂണ്ടി.

എഹ്ഹ് !!!

ഇതെവിടേന്നു വന്നു ഈ സംഗതി !!


ഒരു കൊച്ചു സിങ്ക് !

നമ്മൾ അടുക്കളയിലൊക്കെ ഉപയോഗിക്കുന്നതു പോലത്തെ…

പക്ഷേ അതിനെക്കാൾ കുറച്ചു ചെറിയതു…ഇതിപ്പോ എന്തിനാണോ എന്തോ ?

തല വെട്ടി കഴിഞ്ഞുള്ള ചോര വാർത്തു കളയാനാണോ ഇനി…!!! ഈശ്വരാ...

കണ്ണൂം കാണാൻ വയ്യാ…പുല്ല് !

എന്നാലും കണ്ണ് ഒന്നു ഇറുക്കി പിടിച്ച്, ഒന്നൂടെയൊന്നു നോക്കി…

ആ കൊച്ച് സിങ്കിനടുത്ത് അതാ ഒരു കൊച്ചു ഹാൻഡ് ഷവർ !

ഓ !!

അപ്പോ തലയോന്നു കഴുകാൻ വേണ്ടിയിട്ടാണ് ഈ പരാക്രമങ്ങൾ…

ഹോ !

എന്നോടു പറഞ്ഞിട്ടു കാര്യമില്ലെന്നു മനസിലാക്കിയിട്ടാണ്, ബാർബർ അപ്പൂപ്പൻ ഇങ്ങനെ തലയിൽ അമർത്തുന്നതു…

തല കുനിച്ചു സിങ്കിലോട്ടു വയ്ക്കാൻ…

അപ്പൂപ്പനും ആംഗ്യഭാഷ !!

ഞാൻ വേഗം തല സിങ്കിലോട്ടു വചു.

തല വെട്ടുന്നെങ്കിലങ്ങു വെട്ടട്ടെ…പെട്ടന്നു തീരുമല്ലോ !



ജപ്പാനിലേ ക്ഷൗരകടകളിലൂടെ… ഈ കടകളെല്ലാം ഒരു 100മീ ചുറ്റളവിലാണു !!

നല്ല ഇളം ചൂടുള്ള വെള്ളം…

തലയിലിങ്ങനെ ധാര ധാരയായി…കൂടെ ബാർബർ അപ്പൂപ്പന്റെ ചെറു മസാജ്ജിങ്ങും.

നല്ല സുഖം !!!

വെറുതേ അപ്പൂപ്പനെ തെറ്റുധരിച്ചു…

ചൂടു വെള്ളത്തിൽ തല മുഴുവൻ കഴുകി, ചെറു മസാജ്ജിങ്ങും ചെയ്ത്, അതും പോരാഞ്ഞു തല നന്നായി തോർത്തി തരുക വരെ ചെയ്തു നമ്മുടെ ബാർബർ അപ്പൂപ്പൻ…അതും മുടി വെട്ടാൻ തുടങ്ങുന്നതിനു മുന്നേ…

ഈ പൂ പോലത്തെ മനസുള്ള അപ്പൂപ്പനെയാണല്ലോ ഈശ്വരാ ഞാൻ ഒരു സൈക്കോ ആക്കിയതു…

മാപ്പ് നൽകൂ, മാപ്പ് നൽകൂ മഹാമധേ…


തല കുളിപ്പിച്ചു തോർത്തിയതിനു ശേഷം, അപ്പൂപ്പൻ എന്തോ ചെയ്യ്തു…

അതിനു പിന്നാലെ ആ കൊച്ചു സിങ്ക്; എന്റെ കാലിനടുത്തുള്ള, കടയിലുള്ള ആ പരന്ന കണ്ണാടിയുടെ അടിയിലേക്കു അങ്ങു കയറി പോയി..ഒരു മേശ വലിപ്പൊക്കെ അടയുന്ന പോലെ…

ഒരു സിങ്കേ, അങ്ങിനെ തന്നെ… ഹൈടെക്ക്, ഹൈടെക്ക് !!!

അതിനു ശേഷം അപ്പൂപ്പൻ ആ കറുത്ത പ്ലാസ്റ്റിക്ക് ഷീറ്റെങ്ങടുത്തു മാറ്റി…

വെള്ളം വീണ് തുണി നനയാതിരിക്കാൻ ചുറ്റിയതാണു, അല്ലാതെ തല പൊതിഞ്ഞെടുക്കാനായിരുന്നില്ലാ…

എന്റെ അറിവില്ലായ്മാ..!!!


ബാർബർ അപ്പൂപ്പൻ പിന്നെയങ്ങു തുടങ്ങി…

ആദ്യം ട്രിമ്മർ വന്നു…പിന്നെ കത്രിക വന്നു…

പിന്നെ വീണ്ടും ട്രിമ്മർ വന്നു…വീണ്ടും കത്രിക വന്നു…

അപ്പൂപ്പൻ ഇടക്കൊന്നു നിർത്തും. എന്റെ തല അങ്ങൊട്ടും ഇങ്ങൊട്ടുമൊക്കെയൊന്നു തിരിച്ച്, ചാഞ്ഞും ചെരിഞ്ഞുമൊക്കെ ഒന്നു നോക്കും…ഇടയ്ക്കു ഞാൻ കാണിച്ചു കൊടുത്ത പടത്തിലേയ്ക്കും…

ബാർബർ അപ്പൂപ്പൻ അങ്ങു വെട്ടുവാണു, ഒരു വല്ലാത്ത ആത്മാർത്ഥത !

ഇതിനും മാത്രം വെട്ടാൻ മുടിയുണ്ടോ എന്നായി എന്റെ സംശയം !

ഇടയ്ക്ക് അപ്പൂപ്പന്റെ കൈയൊന്നു വിറയ്ക്കുന്നുണ്ടോ എന്നൊരു സംശയം, ഇല്ലാ തോന്നിയതാവും !

വീണ്ടും കത്രിക, അല്ല കത്രികകൾ വന്നു…

വലിയ കത്രിക, ചെറിയ കത്രിക…പിന്നെ എന്തൊക്കയോ തരത്തില്ലുള്ള കത്രികകൾ…

ആ വൈകീയ വേളയിൽ ഒരു കാര്യം ഞാൻ മനസിലാക്കി…

ബാർബർ അപ്പൂപ്പൻ എന്റെ തലയിലൊരു ജാപ്പനീസ് താജ്മഹൽ പണിതു കൊണ്ടിരിക്കാണു.

കണ്ടറിയണം, എന്താവുമെന്നു !

താജ്മഹൽ നന്നായി വരണേ ഈശ്വരാ…!!!

സമയമങ്ങനെ കടന്നു പോയി…മുടി തുബുകളങ്ങ് അറ്റു വീണുകൊണ്ടിരിന്നു…

അപ്പൂപ്പൻ തന്റെ അവസാന മിനുക്കു പണികളിൽ.

അപ്പോഴാണു അതു ശ്രദ്ധിച്ചതു, അപ്പൂപ്പൻ പണിയുന്ന താജ്മഹലിന്റെ തൂണുകളുടെ ഡിസൈൻ അത്രക്കങ്ങോട്ട് പോരാ. കൃതാവിന്റെ കട്ടി കുറച്ചു കുറയണം…

പക്ഷേ…കൃതാവ് ???

കൃതാവിന്റെ ജാപ്പനീസ് ?? അറിയില്ലലോ...സ്വഭാവികം.

എന്നാ ഇംഗ്ലീഷിൽ ഒന്നു ശ്രമിച്ചാലോ…

ഇംഗ്ലീഷ് വാക്കിനെ ഒന്നു ജാപ്പനീസികരിച്ചാ ചിലപ്പോ വർക്ക്ഔട്ട് ആവും.

അപ്പോ, കൃതാവിനെ ആദ്യം മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്കു മാറ്റണം, പിന്നെ ഇംഗ്ലീഷിൽ നിന്നും ജാപ്പനീസിലേക്കും…വൻ കണക്കുകൂട്ടലുകൾ…പക്ഷേ…

കൃതാവിന്റെ ഇംഗ്ലീഷ്…????????

എഹ്ഹ്…കൃതാവിന്റെ ഇംഗ്ലീഷ്, അതും അറിയില്ല !!!!

ഒഹോ, അപ്പോ ഇംഗ്ലീഷും അറിയില്ലാ ! ബെസ്റ്റ് !!!

തീരുമാനമായി !

തൂണ് അപ്പോ അങ്ങിനെ തന്നെയിരിക്കട്ടെ !


“ഹൈ, ദൊ സൊ…കത്തൊ വ ദായിജോബു ദെസുക ??”

ബാർബർ അപ്പൂപ്പൻ മിനുക്കു പണികളൊക്കെ തീർത്ത്, വെട്ടിയത് ‘ഓക്കേ’ യല്ലെയെന്നു ?

“മെഗനേ...?? കണ്ണടയൊന്നു തരുമൊയെന്നു ഞാൻ.

അപ്പൂപ്പൻ എടുത്തു വച്ചിരുന്ന കണ്ണടയെടുത്തു മുഖത്തു വച്ചു തന്നു.

“ഹാവൂ” കാഴ്ച്ച തിരിച്ചു കിട്ടിയിരിക്കുന്നു.


വേഗം കണ്ണാടിയിലേക്കൊന്നു നോക്കി.


ഹാവൂ, കണ്ണാടിയിൽ ഞാൻ തന്നെ !

വലിയ അൽകുൽത്തുകളോന്നുമില്ല…കൃതാവ് മാത്രമൊന്നു ശെരിയവാനുണ്ടു.

അതു വീട്ടിൽ പോയി ഒന്നു കൈവച്ചാ ശെരിയാക്കാം, സാരമില്ലാ.

മൊത്തത്തിൽ കുഴപ്പമില്ലാ…


“ഹൈ, ദായിജോബു ദെസുയൊ, അരിഗാത്തൊ ഗൊസായിമാസ്” ഞാൻ.

“അതെ, ഓക്കേയാണു, നന്ദി” മലയാള പരിഭാഷ.


ബാർബർ അപ്പൂപ്പന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു, എന്റെയും…


അപ്പൂപ്പൻ ഒരിക്കൽ കൂടി എന്റെ മുഖവും, കഴുത്തുമെല്ലാം വൃത്തിയാക്കി, ചുറ്റിയിരുന്ന തുണിയൊക്കെ അഴിച്ചു മാറ്റി…അവസാനം കൈകളും ഫ്രീയായി..ആശ്വാസം..

കസേരയിൽ നിന്നുമിറങ്ങി, പയ്യെയൊന്നു ശ്വാസമെടുത്തു…ഹാവൂ…


മുടിയും വെട്ടി, ജീവനുമുണ്ട് !!!


“ഇകുറ ദേസുക ?

“സാന്‍ സെന്‍ യെന്‍ ദെസ്…”

“ഹൈ, ദൊ സൊ”

ഞാൻ മൂവായിരം യെനങ്ങു ബാർബർ അപ്പൂപ്പന്റെ കൈയിൽ കൊടുത്തു.

“അരിഗാത്തൊ ഗൊസായിമാഷിത്ത”

“അരിഗാത്തൊ ഗൊസായിമാഷിത്ത”


പരസ്പരം ഒന്നു കുബിട്ടു വണങ്ങി, ബാർബർ അപ്പൂപ്പനോടു ഒരു നന്ദിയും രേഖപെടുത്തി, ഞാൻ പയ്യെ ആ ക്ഷൗരകടയിൽ നിന്നുമിറങ്ങി…


അവസാനിച്ചു.

അടിക്കുറിപ്പ്

ജാപ്പനീസ് അറിയാത്തതു കൊണ്ട് ഇനിയങ്ങോട്ടു മാനഹാനിയുറപ്പാണ്…ധനനഷ്ടമെങ്കിലും കുറയ്ക്കണമല്ലൊ…

അതുകൊണ്ടു ഒരു പുതിയ, ട്രൌസ്സർ കീറാത്ത ഒരു സ്ഥലം കണ്ടു പിടിച്ചു…

മൂവയിരത്തിനു പകരം ആയിരത്തിഒരുനൂറൂ !!! ഹാവൂ….

അവിടേം ഒരു അപ്പൂപ്പൻ തന്നെ..അപ്പൂപ്പനുമായി ഇപ്പോ കൂട്ടായി…

അങ്ങിനെ മുടിവെട്ടു ഇപ്പോ വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോവുന്നു… :)


 
 
 

Comments


Featured Posts

© Copyright
bottom of page