Japan Diary - Part 1
- Pathikan

- Nov 25, 2016
- 1 min read
Updated: Apr 5, 2020
ജപ്പാൻ, ഒരിക്കൽ പോലും, എന്റെ സ്വപ്നങ്ങളില്‍ പോലുമില്ലാതിരുന്ന ഒരു രാജ്യം.
ഉദയസൂര്യന്റെ, ടോട്ടോചാന്റെ, സമുറായികളുടെ നാട്.
പുസ്തകങ്ങളിൽ വായിച്ചും, ചേച്ചിയും ചേട്ടനും അയച്ചു തന്ന ഫോട്ടോസും വീഡിയോസും കണ്ടു മാത്രം പരിചയമുള്ള നാട്. ഇപ്പോൾ ഇതാ അങ്ങോട്ട് പോവാൻ ഉള്ള ഒരു അവസരവും.
സ്വപ്നങ്ങളല്ലാ യാഥാര്‍ത്ഥ്യമെന്ന് ഒരിക്കൽ കൂടി തിരിച്ചറിഞ്ഞിരിക്കുന്നു.

ഞാനും ആർക്കിമെഡീസും തമ്മിൽ എന്തോ ഒരു ജന്മാന്തര ബന്ധമുള്ളത് പോലെ തോന്നിയിട്ടുണ്ട് പലപ്പോഴും. പുനർജന്മ തിയറിസ് വച്ച് നോക്കിയാല്‍, ഞാൻ ആണോ ഇനി ആർക്കിമെഡീസിന്റെ പുനർജനം എന്ന് എനിക്ക് തന്നെ സംശയം തോന്നാറുണ്ട്. അങ്ങേർക്കു ഓരോ പുതിയ ഐഡിയ കത്തുന്നത് ദേഹത്ത് വെള്ളം വീഴുമ്പഴാണ്, എനിക്കും അങ്ങിനെ തന്നെ. പച്ചമലയാളത്തിൽ പറഞ്ഞാൽ കുളിക്കുമ്പോ !
ജപ്പാനില്‍ പോവാമെന്നുള്ള ചിന്തയും അങ്ങിനെ കുളിക്കുമ്പോള്‍ തോന്നിയ ഒന്നാണ് .
കഴിഞ്ഞ ഏപ്രിൽ മാസം, കേരളം ചുട്ടു പൊള്ളുന്നു; കേരളത്തിൽ ആയോണ്ട് ഞാനും !
മൂന്ന് തവണ കുളി കഴിഞ്ഞു. വെള്ളം ഇഷ്ട്ടം പോലെയുണ്ട് വീട്ടിൽ, ഒന്നും പാഴാക്കിയിട്ടില്ല.
വൈകിട്ട് പള്ളി പോവുന്നതിനു മുന്നേ ഒരു കുളി കൂടി ഉണ്ട്.
അങ്ങിനെ കുളിച്ചുകൊണ്ടു ഇരിക്കുമ്പോ...പെട്ടന്ന് ഒരു ബൾബ് മിന്നി...
അല്ല രണ്ടു അണു ബോംബ് ഒരുമിച്ചു പൊട്ടി മനസ്സിൽ...
ജപ്പാൻ...ജപ്പാൻ...
ഞാൻ കേരളത്തിൽ ആയതുകൊണ്ടും, ആർക്കിമെഡീസിന്റെ പുനർജനം ആണോയെന്ന് സംശയമുള്ളതും കൊണ്ടും തുണിയില്ലാതെ പുറത്തോട്ടു ഓടിയില്ല.
കുളിയൊക്കെ കഴിഞ്ഞു, പുറത്തിറങ്ങി നേരെ അമ്മയോട് ചോദിച്ചു,
“അമ്മെ ഞാൻ ഒന്ന് ജപ്പാൻ വരെ പോയാലോ??”
“നിനക്ക് പൊക്കൂടെ മോനെ, അവര് എത്ര തവണ പറയുന്നേ, നീ പോ...”
ശേഷം അമ്മേടെ “നിങ്ങൾ ഈ ഠ വട്ടത്തു നിന്ന് കറങ്ങാതെ, പുറത്തൊക്കെ പോയി വാ. ചിന്തകൾ ഒക്കെ മാറട്ടെ” തുടങ്ങിയ ഡൈലോഗ്സും…
അമ്മയും അപ്പനും ഒരു തവണ ജപ്പാൻ പോയതാണ് …
അപ്പൊ പിന്നെ എന്തും പറയാലോ.
നേരെ വാട്ട്സ്ആപ്പ് എടുത്തു മെസ്സേജ് ഇട്ടു 'ക്യോഡൈ' ഗ്രൂപ്പിലോട്ടു.
“ഞാൻ ഒന്ന് ജപ്പാൻ വരെ വന്നാലോ...”
'ക്യോദഇ', ഗ്രൂപ്പിന്റെ പേരുകേട്ട് ഞെട്ടണ്ട.
ജാപ്പനീസ് വാക്കാണ്, സഹോദരങ്ങൾ എന്ന് അർഥം.
ഞാനും, ചേട്ടനും, ചേച്ചിയും, അനിയത്തിയും അടങ്ങുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പ് .
“നീ വാടാ മോനെ” എന്ന് ചേച്ചി.
“കം കം” എന്ന് ചേട്ടൻ.
“പോ പോ” എന്ന് അനിയത്തി.
എന്നാ പിന്നെ പോയി കളയാം എന്ന് ഞാനും വിചാരിച്ചു ...
പോവുമോ ഇല്ലയോ എന്ന് അറിഞ്ഞു കൂടാ… ഇത് വരെ പോയില്ല…
അതോണ്ട് തുടരും…






Comments