top of page

Japan Diary - Part 4A

ഒരു പണി, എട്ടിന്റെ !


സൈറൺ!!!

സൈറൺ!!! സൈറൺ!!!

ഫ്ലാറ്റിനു ചുറ്റും ഫയർ എൻജിൻസ്‌.

ദേ ആംബുലൻസ്.

ദൈവമേ, ദാ സൈക്കിളിൽ റോന്തു ചുറ്റുന്ന പോലീസ്ക്കാരും.

ഈശോയേ..


എവിടെ തോർത്ത്, തോർത്ത് എവിടെ?

**************************************************************************************

“ടാ നീ പോയിട്ട് വരുമ്പോ ചെറിയ ഒരു റോബോട്ട്. ചെറുത് മതി, ബാഗിൽ ഇട്ടു കൊണ്ട് പോരെ.” ജപ്പാനിൽ നിന്ന് കൊണ്ട് വരാനുള്ള ലിസ്റ്റില്ലേ ഒരു ഐറ്റം.

ലിസ്റ്റ് എടുത്തു നോക്കിയാൽ എല്ലാം ഗാഡ്ജറ്റ്‌സ് ആണ്, റോബോട്ട് - ചെറുത് ഒന്ന്,

ജി-ഷോക്ക് (വാച്ച്)-വലുതൊരണം, പ്ലേയ് സ്റ്റേഷൻ അല്ലേൽ എക്സ്ബോക്സ്...

അങ്ങിനെ അങ്ങിനെ..

ജപ്പാൻ ഗാഡ്ജറ്റുകളുടെ നാടാണല്ലോ, അതാവണം ...


ജപ്പാൻ - യന്ത്രങ്ങളുടെ നാട്.

മനുഷ്യ പ്രയത്‌നം കുറക്കാൻ വേണ്ടിയുള്ള ജപ്പാന്റെ യന്ത്രങ്ങൾ ലോക പ്രശസ്തമാണല്ലോ. ചിലപ്പോ ഈ മനുഷ്യസഹായി യന്ത്രങ്ങൾ നല്ല പണി തരും.

അതും ഒരു അന്യഭാഷ ദേശത്തു വച്ചാണെൽ എല്ലാം പൂർത്തിയായി, നല്ല എട്ടിന്റെ പണി.


“ചേച്ചി, എനിക്ക് ഒന്ന് കുളിക്കണം”

നരിതാ എയർപോർട്ടിൽ നിന്ന് ഫുനാബോരി എന്ന കൊച്ചു നഗരത്തിലെ ചേട്ടന്റേം ചേച്ചീടേം ഫ്ലാറ്റിൽ എത്തിയപ്പോൾ ഏറ്റവും ആവശ്യം അതായിരുന്നു.

കുറച്ചു നാളായല്ലോ അങ്ങ് ഇന്ത്യയിൽ നിന്ന് പോന്നിട്ടു.

ഒന്ന് കുളിച്ചു യാത്ര ക്ഷീണം മാറ്റിയിട്ടാവാം ബാക്കി എന്ന് വിചാരിച്ചു.


“നീ വാ” ചേച്ചി വിളിച്ചു.

“നിനക്ക് പാട്ടു പാടാൻ അറിയാമോ”

“ഏഹ്ഹ് ????”

ഈ ഡയലോഗ്…റാം ജി റാവു…ചേച്ചി ???


“കൊളുത്തില്ല”

“ലോക്ക് ചെയ്‌യാൻ പറ്റില്ലേ?”

“പറ്റും, നീ ഇത് കണ്ടോ, അകത്തു കേറീട്ടു ഇത് താഴോട്ടു ആക്കിയ മതി, പക്ഷേ പുറത്തു നിന്നും ഈ ലോക്ക് തുറക്കാൻ പറ്റും”

“ഏഹ്ഹ്ഹ്!!!!”

“അതുകൊണ്ട് പാട്ട് പാടുന്നത് നല്ലതായിരിക്കും…ഒരു മുന്നറിയിപ്പ് തന്നു എന്നെ ഉള്ളു”.

ചെറു ചിരിയോടെ ചേച്ചി.


രണ്ടു പാളിയുള്ള, ഒറ്റ മടക്കുള്ളതാണ് കുളിമുറിയുടെ വാതിൽ. അതിൽ മേലോട്ടും താഴോട്ടും നീക്കാൻ പറ്റുന്ന ഒരു പ്ലാസ്റ്റിക് തഴുതും. കുളിമുറിയുടെ അകത്തു നിന്ന് പുറത്തു നിന്നും ഈ തഴതു പ്രവർത്തിപ്പിക്കാൻ സാധിക്കും.


മടക്കു നിവര്ത്തുക, തഴതു താഴോട്ടു ആക്കുക, പാട്ടു പാടുക.


പെട്ടന്നാണ് ഞാൻ വാതിലിനെ ഒന്ന് ശെരിക്കും നോക്കിയത്.

പളുങ്കു വാതിൽ…അതെ കുളിമുറിക്കു പളുങ്കു വാതിൽ.

അകത്തോട്ടു കാണാൻ പറ്റുമോ എന്ന് ചോദിച്ചാ, കാണാനും കാണാതിരിക്കാനും പറ്റും എന്നുള്ള അവസ്ഥ.

പരീക്ഷണങ്ങൾ ആണലോ കർത്താവെ...

ഞാൻ ചേച്ചിയെ നോക്കി, ചേച്ചിക്ക് കാര്യം പിടികിട്ടി.


“നീ ഈ ഡോർ കണ്ടോ”

ദാ വരുന്നു വേറെ ഒരു വാതിൽ, ഒളിച്ചിരിക്കയിരുന്നു അവൻ.

വർക്ക് ഏരിയയുടെ വാതിലാണ് ഇപ്പൊ രംഗ പ്രവേശനം ചെയ്തത്.

ഫ്ലാറ്റിൽ, കുളിമുറിയും വർക്ക് ഏരിയ കൂടി ഒരുമിച്ചാണ്.

വർക്ക് ഏരിയയുടെ വാതിലിൽ കൂടി കേറിയാൽ ഇടതു ഭാഗത്തു നമ്മുടെ കുളിമുറിയുടെ പളുങ്കു വാതിൽ, ബാക്കി സ്ഥലം വർക്ക് ഏരിയ.


“നീ ഈ ഡോർ കൂടി ഒന്ന് അടച്ചാ മതി.അപ്പൊ പിന്നെ പ്രശനം ഇല്ല. പിന്നെ, ഇതും ലോക്ക് ചെയ്‌യാൻ പറ്റില്ല”

“ആണോ...”

“അപ്പൊ ആദ്യം വർക്ക് ഏരിയയുടെ വാതിൽ, പിന്നെ കുളിമുറിയുടെ??”

അതെയെന്ന് ചേച്ചി തല കുലുക്കി.


രണ്ടു വാതിൽ, തഴതു താഴോട്ട്, പാട്ട്...ഒന്ന് കുളിക്കാൻ.

എന്റെ ജപ്പാനേ...


ചേച്ചി പളുങ്കു വാതിൽ ഒന്ന് മടക്കി.


കുളിമുറി തന്നെ അല്ലേ ഇത്!

വിവിധ തരം കുപ്പികൾ ഇങ്ങനെ നിര നിരയായി ഇരിക്കാണ് .

പല തരത്തിൽ, പല വലുപ്പത്തിൽ, പല നിറത്തിൽ.

കുട്ടികൾക്ക്, മുതിർന്നവർക്ക്; ദേഹത്തേക്ക്, തലയിലേക്ക്..എങ്ങിനെ എങ്ങിനെ കുറെ കുപ്പികൾ.പിന്നെ എനിക്ക് അറിയാത്ത എന്തൊക്കയോ കുറെ രാസവസ്തുക്കളുടെ കുപ്പികൾ.

ചെറിയ ഒരു കെമിസ്ട്രി ലാബ്!

ഞാൻ പെട്ടന്ന് നാട്ടിലെ എന്റെ കുളിമുറിയിലെ അവസ്ഥ ഒന്ന് ആലോചിച്ചു.

തലക്കും ദേഹത്തേക്ക് എല്ലാം കൂടി ഒരു സോപ്പ്. ഞാൻ വരുമ്പോ പച്ച നിറത്തിലുള്ള സോപ്പ്; അതെ നമ്മുടെ ചന്ദ്രിക.

ഹ ഹ ഹ...


കണ്ണോടിച്ചു വന്നപ്പോ അതാ കുളിമുറിയുടെ ഉള്ളിൽ ഒരു ഇലക്ട്രോണിക് യന്ത്രം, വലിയ ഒരു സ്വിച്ച് ഒക്കെ. ഇലക്ട്രോണിക് യന്ത്രം വെള്ളത്തിന്റെ ചൂട് ക്രമീകരിക്കാൻ ഉള്ളതാണ്, സ്വിച്ച് എമർജൻസി ആവശ്യങ്ങൾക്കു വേണ്ടിയുള്ളതും.

സൂക്ഷിച്ചു നോക്കിയപ്പോ എല്ലാം ജാപ്പനീസിൽ ആണ്, സ്വിച്ചിൽ വലിയ പച്ച അക്ഷരത്തിൽ എന്തോ എഴുതിയിട്ടുണ്ട്. എല്ലാം ജാപ്പനീസ് ആയോണ്ട് യന്ത്രങ്ങളിൽ അധികം കൈ വെക്കാൻ പോയില്ല.


“ടാ ചൂട് ഒക്കെ ഞങ്ങൾ സെറ്റ് ചെയ്തു വച്ചിട്ടുണ്ട്, നിനക്ക് എന്തേലും മാറ്റം വേണേൽ പറഞ്ഞാ മതി”

“ഓക്കെ”


ചേച്ചി പിന്നെ കുളിമുറിയിലെ എനിക്ക് ഉപയോഗിക്കാൻ പറ്റുന്ന കുപ്പികൾ പരിചയപ്പെടുത്തി. ലളിതമായിട്ടു ഞാൻ ഇങ്ങനെ മനസ്സിൽ ഓർത്തു വെച്ചു, “വെള്ള കുപ്പി ദേഹത്തേക്ക്, നീല കുപ്പി തലയിൽ തേക്കാൻ.”


അങ്ങിനെ കുളിമുറി ഒന്ന് നോക്കി കണ്ടു പഠിച്ചതിനു ശേഷം, നല്ല ഒരു കുളി അങ്ങ് കുളിച്ചു.

ഹോ !!


************************************************************************************************


രണ്ടാഴ്ചകൾക്കിപ്പുറമുള്ള ഒരു പ്രഭാതം.

ചേട്ടനും ചേച്ചിയും ഓഫീസിൽ പോയി, കുട്ടികൾ സ്കൂളിലേക്കും.

എൻ്റെ പതിവനുസരിച്ചു എല്ലാവരും പോയി കഴിഞ്ഞിട്ടാണ് കുളി, ഭക്ഷണം എല്ലാം. എന്നിട്ടു സ്ഥലങ്ങൾ കാണാൻ ഇറങ്ങും. അന്നും പതിവ് പോലെ ഒരു സ്ഥലം കാണാൻ ഉറപ്പിച്ചു ഞാൻ കുളിക്കാൻ കേറി.


ഒരു റൌണ്ട് പതപ്പിക്കൽ കഴിഞ്ഞു, അടുത്ത റൌണ്ട്നു ഷവര് തുറന്നു...

“ഈശോയെ............”


സൈറൺ!!

സൈറൺ!! സൈറൺ!!

ആകെ ബഹളം.

ടു..ഡു..ടു..ഡു..ടു..ഡു..ടു..


ഒരു കട്ടിയുള്ള വാക്കു പ്രായോഗിക്കുകയാണ് സുഹൃത്തുക്കളെ ഞാൻ ഈ അവസരത്തിൽ.

‘അസ്തപ്രഗ്ജ്ഞനായി’ നിന്ന് പോയി ഞാൻ.


പിന്നണിയിൽ നല്ല താളത്തിൽ അപകട മണി മുഴങ്ങി കൊണ്ടിരിക്കുന്നു.

മനസ്സിൽ പല ഇംഗ്ലീഷ് പടങ്ങളും ഓടി മറഞ്ഞു.

ചീറി പാഞ്ഞു വരുന്ന ആംബുലൻസുകൾ, ഫയർ എൻജിൻസ്, പിന്നെ പോലീസും.

ദൈവമേ...

ഈ കൊച്ചു ഫുനാബോരിയെ ഞാൻ ഇന്ന് ഒരു ഹിരോഷിമയോ നാഗസാക്കിയോ ആക്കി മാറ്റും.


ഇംഗ്ലീഷ് പോലും അറിയില്ല ഇവന്മാർക്ക്, ഇംഗ്ലീഷ് പഠിച്ചൂടെ ഇവർക്ക്?

പോലീസ് എങ്ങാനും വന്ന എങ്ങിനെ ഞാൻ പറഞ്ഞു മനസ്സിലാക്കും എന്തോ!

ഒരു ജാപ്പനീസ് സംഭാഷ അനുഭവം ഉള്ളത് കൊണ്ട് ആ അവസ്ഥ നന്നായി അറിയാം.

ഞാനും ജപ്പാൻകാരുമായുള്ള സംഭാഷണ വിവരണം വേറെ ഒരു ലക്കത്തിൽ.

ഈ പ്രശ്നം ഒന്ന് അവസാനിപ്പിക്കട്ടെ, ഞാൻ ഇവിടെ അസ്തപ്രഗ്ജ്ഞാനായി നിൽക്കാണലോ.


പരിസരബോധം വന്നപ്പോഴാണ്, കാര്യങ്ങൾ പിടികിട്ടിയത്.

ഷവര്നു പകരം മറ്റേ വലിയ പച്ച അക്ഷരങ്ങൾ കൊത്തിയ എമർജൻസി സ്വിച്ച് ആണ് ഞാൻ അമർത്തിയത്.


ടു..ഡു..ടു..ഡു..ടു..ഡു

 
 
 

Comments


Featured Posts

© Copyright
bottom of page