top of page

Memoirs of a Monsoon Road Trip - Part 3

“നിങ്ങൾ ഈ അരുവി കണ്ടോ ?”

“ഇവിടെ കുറച്ചു നാളു മുൻപേ രണ്ടു പുലികുട്ടികളെ കണ്ടിരുന്നു, വെള്ളം കുടിക്കാൻ വന്നതാ”

ഗൈഡ് ചേട്ടൻ മീശപുലിമലയിലെ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി.

പുലികുട്ടികൾ…തള്ളൽ ആണോ…മീശപുലിമലയിലും ഒരു മോഡി ഫാൻ !!

തള്ളൽ അല്ല എന്ന് ആളുടെ മുഖഭാവം കണ്ടപ്പോ മനസിലായി.

ബേസ് ക്യാമ്പിലോട്ടു ഒരു അര മണിക്കൂർ നടന്നു കേറണം, കാർ പോവില്ല.

ജീപ്പും SUVയും മാത്രമേ കേറൂ.

നമ്മുടെ ശകടം താഴെ ഒതുക്കിയിട്ടു.

ബേസ് ക്യാമ്പിലോട്ടു കേറുന്നതിനു ഇടയിലാണ് പുലികുട്ടികളെ കണ്ട ആ കൊച്ചു അരുവി.


വാസ്തവത്തിൽ ബേസ് ക്യാമ്പിലോട്ടു കേറാൻ എല്ലാവര്ക്കും മടി.

എല്ലാവര്ക്കും നല്ല ക്ഷീണം ഉണ്ട്. എങ്ങിനെയെങ്കിലും ഒന്ന് ബേസ് ക്യാമ്പ് എത്തിയ മതിയെന്നുള്ള അവസ്ഥ.

ഒരു വിധം എല്ലാവരും നടന്നു അങ്ങ് ബേസ് ക്യാമ്പിൽ എത്തി.

“ഉപ്പു വേണോ, കാലിൽ അട്ട ഉണ്ടോ എന്ന് നോക്കിയോ…ഇവിടെ നിറയെ പുല്ലു അട്ടയുണ്ടേ.” ഗൈഡ് ചേട്ടൻ.

“ദൈവമേ…”

എല്ലാവരും ജീൻസ്‌ എല്ലാം പൊക്കി തപ്പലോടു തപ്പൽ .

ഉണ്ട്, എല്ലാവരുടെ കാലിലും ഉണ്ട്, ചെറിയ ചെറിയ കടും പച്ച നിറത്തിൽ നീളൻ വരകൾ.

സൂക്ഷിച്ചു നോക്കിയാൽ അത് പതിയെ വീർത്തു വീർത്തു വരുന്നത് കാണാം.

പക്ഷേ ഉപ്പു പ്രയോഗത്തിൽ അട്ടയുടെ പ്രയത്നങ്ങൾ എല്ലാം വിഫലമായി.

അട്ടകൾ ഉണ്ട്, ഒന്ന് സൂക്ഷിച്ചോളാൻ ഗൈഡ് ചേട്ടന്റെ മുന്നറിയിപ്പ്.

ree

ഗൈഡ് ചേട്ടൻ എല്ലാവര്ക്കും കട്ടൻ ചായയുമായി വന്നു.

കട്ടൻ ചായ കുടിച്ചു കഴിഞ്ഞപ്പോ തന്നെ എല്ലാവരും ഒന്ന് ഉഷാറായി.


ബേസ് ക്യാമ്പെന്നു പറയുമ്പോ, ഒരു വലിയ വീട്.

വീടിന്റെ ഒരു വശത്തു, രണ്ടു മുറികളും, അടുക്കളയും. ഒരു മുറി ക്യാമ്പിന്റെ ഇൻ ചാർജ് ഉള്ള ഓഫീസർക്കും, മറ്റേതു ഗൈഡ് ചേട്ടനും. പിന്നെ വിശാലമായ ഒരു പോർട്ടിക്കോ, അല്ല പോർട്ടിക്കോ പോലെ…

അവിടെയാണ് ക്യാമ്പ് ഫയർ ഒക്കെ. അതിനോട് ചേർന്ന് സാമാനങ്ങൾ സൂക്ഷിക്കുന്ന മുറിയും, കുളിമുറിയും ടോയ്ലറ്റുമെല്ലാം. ബേസ് ക്യാമ്പ് ഒന്ന് ചുറ്റി നടന്നു കണ്ടു.

വിവിധ തരം ചെടികളും മരങ്ങളും, കൂടാതെ ഒരു താമര കുളവും.

ചുറ്റുവട്ടം കാണാൻ നല്ല ഭംഗി.

പിന്നെ ശ്രദ്ധയിൽപെട്ട ഒരു കാര്യം, അങ്ങോട്ടുള്ള വൈദ്യുതി അവിടെ തന്നയാണ് ഉല്പാദിപ്പിക്കുന്നെ.

ചെറിയ ഒരു ടർബെയ്‌ൻ, ജനറേറ്റർ എല്ലാമുണ്ട്.

ബേസ് ക്യാമ്പ് ഒന്ന് കറങ്ങി തിരിച്ചെത്തിയപ്പോഴേക്കും അതാ വേറെ രണ്ടു പേരു്.

മീശപുലിമല കാണാൻ ഇറങ്ങിയതാണ്, നല്ല മഴയത്തു ബൈക്കിൽ.


ഈ വട്ടു നമ്മുക്ക് മാത്രമല്ല !!

ree

ഞങ്ങൾ മൊത്തം ആറ്‌ പേരാണ് അപ്പൊ നാളെ മീശപുലിമല കാണാൻ ഉള്ളത്.

പക്ഷേ, ട്രെക്കിങ്ങ് നടക്കുമോ എന്ന് ഉറപ്പില്ല.

മഴയാണെങ്കിൽ ബുദ്ധിമുട്ടാണ്, നല്ല കോടമഞ്ഞു ഉണ്ടാവും, ഒന്നും കാണാനും പറ്റില്ല.

നാളെ ആവട്ടെ, കാലാവസ്ഥ അനുസരിച്ചു നമ്മുക്ക് നോക്കാം എന്ന് ഗൈഡ് ചേട്ടൻ.

നാളെ എന്താവും എന്ന് അറിയാതെ ഞങ്ങൾ ടെന്റിലേക്കു കയറി.

ഞാനും മിനിസ്റ്ററും ഒന്നിൽ, ശാശുവും ശാന്തും വേറൊന്നിൽ.

അവിടെ വച്ചാണ് മിനിസ്റ്റർ ‘ടനെറിഫ്’ നെ എനിക്ക് പരിചയപ്പെടുത്തുന്നത്.

‘ടനെറിഫ്’കണ്ടതിനു ശേഷം പതിയെ ഉറക്കത്തിലേക്കു.


ചെറുതായി മഴ, നല്ലപോലെ കോടമഞ്ഞു. പിറ്റേന്നത്തെ പ്രഭാത കാഴ്ച.

ട്രെക്കിങ്ങ് മിക്കവാറും ഒരു തീരുമാനം ആവും എന്ന് ഉറപ്പായി.

ഞങ്ങൾ ഇങ്ങനെ ട്രെക്കിങ്ങ് നടക്കുമോ ഇല്ലയോ എന്ന ആലോചനയിൽ,

രാവിലത്തെ കട്ടനും അടിച്ചു ഇങ്ങനെ ഇരിപ്പാണ്.

അപ്പൊ ദാ വരുന്നു നമ്മുടെ ഫോറെസ്റ് ഓഫീസർ.

“ഇന്ന് ഒന്നും നടക്കുമെന്ന് തോന്നുന്നില്ല. ഒരു കാര്യം ചെയ്‌യാം, നമ്മുക്ക് റോഡോവാലി വരെയൊന്നു പോവാം. അവിടെ ഒരു വ്യൂ പോയിന്റ് ഉണ്ട്, മിക്കവാറും ഒന്നും കാണാൻ പറ്റില്ല ഈ കോടയിൽ. ഒന്ന് പോയി നോക്കാം. എന്തായാലും ഇവിടെ വരെ വന്നതല്ലേ…”

“അപ്പൊ ട്രെക്കിങ്ങ്???”

“ഇന്ന് നടക്കാൻ ചാൻസ് കുറവാണ്, ഈ കാലാവസ്ഥയിൽ…ബുദ്ധിമുട്ടാവും, എന്നാലും നമ്മുക്ക് പോയി നോക്കാം. ഞാൻ റെഡിയാവാം, അപ്പോഴേക്കും നിങ്ങൾ ഒന്ന് മുകളിലെ ഹണിമൂൺ കോട്ടജ് ഒക്കെ കണ്ടു വാ…”

എന്ന് ഓഫീസർ സർ.

ree

നല്ല കോടമഞ്ഞു.

ഞങ്ങൾ ആറ്‌ പേരും ചുമ്മാ കോട്ടജ് വരെ ഒന്ന് പോയി, കുറെ ഫോട്ടോ ഒക്കെ എടുത്തു തിരിച്ചു വന്നു.

അപ്പോഴേക്കും ഓഫീസർ സർ റെഡി.

ഉച്ചഭക്ഷണവും പൊതിഞ്ഞെടുത്തു ഗൈഡ് ചേട്ടനും തയ്യാർ.

എല്ലാവരും ജീപ്പിൽ കയറി.

“വണ്ടി നിന്ന് പോയാൽ, എല്ലാവരും കൂടി തള്ളേണ്ടി വരും. ഒക്കെയാണല്ലോ?”

ഓഫീസർ സർ .

“ഏഹ്ഹ്ഹ് !..ഏഹ്ഹ് !..ഏഹ് !..” ആറ്‌ പേരും ഒരുമിച്ച്..

ഗൈഡ് ചേട്ടനെ നോക്കിയപ്പോ ആൾക്ക് ഒരു ചെറു പുഞ്ചിരി.


“ജീപ്പിന്റെ ക്ലച്ച് പോയി കിടക്കാന്നു, ഫസ്റ്റ് ഗിയറിലിട്ടെ യാത്ര പറ്റു, ഇടക്ക് ഓഫ് ആയി കഴിഞ്ഞാ പിന്നെ ബുദ്ധിമുട്ടാണ്. ചിലപ്പോ തള്ളേണ്ടിയൊക്കെ വരും.”

“എന്നാലും കുഴപ്പമില്ല, സർ വണ്ടി എടുക്കു” എന്ന് ഞങ്ങൾ.

ഓഫീസർ സാറിന്റെ ഡ്രൈവിംഗ് വൈഭവത്തെ ഇവിടെ പറയാതെ വയ്യ, ഒരിക്കൽ പോലും ഓഫ് ആവാതെ സർ ഞങ്ങളെ റോഡോവാലി എത്തിച്ചു.

വഴി വളരെ ദുർഘടം പിടിച്ചതാണ്, അവിടെയൊന്നും ഒരിക്കൽ പോലും ഓഫ് ആവാതെ. കിടിലം.


റോഡോവാലി.

ബേസ് ക്യാമ്പിൽ നിന്ന് ഒരു മണിക്കൂറിനു അടുത്ത് യാത്ര, മുകളിലോട്ടു.

അവിടെയും ചെറിയൊരു ക്യാമ്പിംഗ് സൗകര്യം ഉണ്ട്, KTDCയുടെ തന്നെ.

പക്ഷേ റേറ്റ് ഇത്തിരി കൂടുതലാണെന്നു മാത്രം, റോഡോ മെൻഷൻ.

റോഡോവാലിക്ക് ആ പേരു വരാൻ ഉള്ള കാരണവും ഓഫീസർ സർ പറഞ്ഞു.

ആ താഴ്വര മുഴുവൻ റോഡോഡെൻഡ്രോണ് എന്ന മരങ്ങൾ ആണത്രേ.

ഒരു പ്രത്യേക സീസണിൽ നിറയെ ചുവന്ന പൂക്കൾ ഉണ്ടാവും അതിൽ.

കാണാൻ അതിമനോഹരം എന്നാണു സാറിന്റെ അഭിപ്രായം.

മൺസൂൺ റോഡോഡെൻഡ്രോണിന്റെ സീസൺ അല്ല, പൂക്കൾ കണ്ടില്ലെങ്കിലും റോഡോഡെൻഡ്രോണ് മരങ്ങൾ സർ കണ്ടു.

റോഡോവാലിയിൽ നിന്ന് ഏകദേശം മൂന്ന് മണിക്കൂറിനു മേലേ വേണം മീശപ്പുലിമലക്ക്.

പക്ഷേ കോടക്കു ഒരു മാറ്റവും ഇല്ല. ഉയരം കൂടിയത് കൊണ്ട് കോടയുടെ തീവ്രതയും കൂടി.

ഒരു പത്തടി അകലത്തിന്നു അപ്പുറം ഒന്നും കാണാൻ പറ്റുന്നില്ല.

എന്നാലും എല്ലാവരും കൂടി വ്യൂ പോയിന്റ് വരെ ഒന്ന് പോവാം എന്ന് വിചാരിച്ചു.

നല്ല കാറ്റും, ചെറുതായി മഴയും.


ഞങ്ങൾ ആ കോട മഞ്ഞിലോട്ടു നടന്നു കയറി.


തുടരും

 
 
 

Comments


Featured Posts

© Copyright
bottom of page