Memoirs of a Monsoon Road Trip - Part 1
- Pathikan

- Jan 13, 2017
- 2 min read
“മീശപുലിമലയിൽ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ?
മാജിക് മഷ്‌റൂം കണ്ടിട്ടുണ്ടോ...”
- ചാർളി (മലയാളം മൂവി, 2016)
ഒരു മൺസൂൺ ട്രിപ്പ്, മഴ ആസ്വദിച്ചു കൊണ്ട് ഒരു യാത്ര.
അലക്സാണ്ടർ ഫ്രറ്റേറുടെ ‘ചെസിങ് ദി മൺസൂൺ’ എന്ന കൃതി വായിച്ചതിനു ശേഷമാണ് ഇങ്ങനെ ഒരു പൂതി മനസ്സിൽ. പുസ്തകം വായിച്ചിട്ടു കൊല്ലം അഞ്ചാറു കഴിഞ്ഞെങ്കിലും, ആ ആശയം ഇങ്ങനെ മനസ്സിൽ കിടന്നിരുന്നു. മഴയെ പിന്തുടരുക !
ഫ്രറ്റേർ മൺസൂൺ ചെയ്‌സ് ആരംഭിക്കുന്നത് കോവളം കടപ്പുറത്തു നിന്നാണ്, മൺസൂൺ ഇന്ത്യയിൽ പതിക്കുന്ന ആദ്യ ഇടങ്ങളിൽ ഒന്ന്. അവസാനിപ്പിച്ചതോ, വർഷത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലങ്ങളിൽ ഒന്നായ ചെറാപുഞ്ചിയിലും.
ഫ്രറ്റേർ മൺസൂൺനെ പിന്തുടര്ന്നു ഇന്ത്യ മുഴുവൻ കറങ്ങി.
എൻ്റെ ഓർമ്മ ശെരിയാണെങ്കിൽ ഫ്രറ്റേർ തൻ്റെ മൺസൂൺ ചെയ്‌സ് നടത്തിയത് 1987ലോ 1988ലോ ആണ്. അതായതു ഗൂഗിൾ മാപ്സിനും, മെയ്ക് മൈ ട്രിപ്പിനും, ഒയോ റൂംസ്നും, എയർ ബി എൻ ബിക്കും ഒക്കെ മുൻപ്.
കൊടും മഴയത്തു, ഇന്ത്യ മുഴുവൻ. അതും ഇന്റർനെറ്റ് ഇല്ലാതെ !
ഭീകരൻ.
ഫ്രറ്റേർനെ പോലെ ഒരു മൺസൂൺ ചെയ്‌സ് നടത്തണമെന്ന് നല്ല ആഗ്രഹമുണ്ട്.
പക്ഷേ നമ്മുടെ കീശക്ക് അത്രക്കു വലുപ്പമില്ലാത്തതുകൊണ്ടു അത് പെട്ടന്നൊന്നും നടക്കില്ല.
ഒരു അവസ്ഥ വെച്ചു നോക്കിയാൽ നടക്കാനേ സാധ്യത ഇല്ല.
ഇനി കീശ വീർത്തു വരുമ്പോ മൺസൂൺ തന്നെ കാണുമോ എന്ന് കണ്ടു തന്നെ അറിയണം !
അത് കൊണ്ട് ഈ മൺസൂണിൽ തന്നെ ഒരു കൊച്ചു യാത്ര ആവാം എന്ന് കരുതി.
എങ്ങോട്ടു പോകും ഈ മഴക്കാലത്ത് ?
അപ്പോഴാണ് മാതൃഭൂമി യാത്ര മാസികയിൽ കണ്ട ഒരു വിവരണം ശാന്ത് അയച്ചു തരുന്നത്. ‘മീശപുലിമല’
വിവരണം വായിച്ചപ്പോ എല്ലാം പതിവ് പോലെ തന്നെ, കാടും മലയും, കേറ്റവും ഇറക്കവും ഒക്കെ തന്നെ. പതിവ് പോലെ എന്ന് പറയാൻ കാരണം, ഞങ്ങൾ ഇപ്പൊ തന്നെ അടുപ്പിച്ചു രണ്ടു ട്രെക്കിങ്ങ് കഴിഞ്ഞേ ഉള്ളു; കുടജാദ്രിയും, വയനാടും. അതുകൊണ്ടു വീണ്ടും ഒരു ട്രെക്കിങ്ങ് വേണോ വേണ്ടയോ എന്നൊരു സന്ദേഹം, അതും ഈ മഴക്കാലത്ത്.
എന്തായാലും നമ്മുടെ സുഹൃത്തുക്കളോട് ഒന്ന് ചോദിച്ചിട്ടാവാം ഒരു തീരുമാനം എന്ന് കരുതി. സുഹൃത്തുക്കൾ എന്ന് പറയുമ്പോ, എല്ലാം യാത്ര പ്രേമികൾ തന്നെ.
ഒരാളെ നേരത്തെ പരിചയപെടുത്തിയല്ലോ, മിനിസ്റ്റർ !!
പിന്നെയുള്ള രണ്ടു പേരാണ് ശ്രീകാന്ത് എന്ന ശാന്തും, ശാശ്വത് എന്ന ശാശുവും.

ശാന്തിനെ പറ്റി പറയുമ്പോ, പ്ലാൻ ചെയ്‌യാൻ അവനെ കഴിഞ്ഞേ ഉള്ളു ആരും…
പക്ഷേ അവൻ പ്ലാൻ ചെയ്‌യുന്നു; ദൈവം നിശ്ചയിക്കുന്നു എന്ന് മാത്രം.
യാത്ര പോവുമ്പോ താമസ്ഥലം വേണോ, ശാന്തിനോട് പറഞ്ഞാ മതി.
ഇത് വരെ ഉള്ള യാത്രകളിലെ താമസ സ്ഥലങ്ങൾ എല്ലാം ശാന്തിന്റെ മേൽനോട്ടത്തിൽ ആയിരുന്നു. നിരാശപെടുത്തിയിട്ടില്ല ഇതു വരെ.
ഞങ്ങളുടെ യാത്രകളുടെ കണക്കപിള്ള, ഒരു ബില്ലും പാസ്സാവില്ല ശാന്തിന്റെ അപ്പ്രൂവൽ ഇല്ലാതെ.
ക്ലിക്ക്, ക്ലിക്ക്, ക്ലിക്ക്…
അതാണ് ശാശു, നമ്മുടെ ആസ്ഥാന ക്യാമറ മേനോൻ.
നിക്കോൺ 5200 ആണ് ശാശൂന്റെ ആയുധം, 55-200mmന്റെ ഒരു ചെറു പുട്ടുകുറ്റിയും, 50mm ന്റെ ഒരു ചിരട്ട പുട്ടും ഉണ്ട് പടക്കോപ്പുകൾ ആയിട്ടു.
എൻ്റെ അറിവിൽ ചരിത്രത്തിൽ ആകെ ഒരാളെ ഉള്ളു, കുടജാദ്രി ട്രെക്കിങ്ങ് പീക്കിന്റെ മുകളിൽ ഒരു DSLRന്റെ ട്രൈപോഡും ചുമന്നു കയറിയിട്ട് DSLRല് സെൽഫി എടുത്തതു. ശാശു, ദി ഗ്രേറ്റ്.
ഇങ്ങനെ ഒക്കെ ആണേലും, അവൻ എടുക്കുന്ന ഫോട്ടോസ് എല്ലാം കിടിലം ആണ്. ആത്മാവ് ഉള്ള പടങ്ങൾ.
മൺസൂൺ ട്രിപ്പിനെ പറ്റി പറഞ്ഞപ്പോ എല്ലാവരും ഓക്കേ.
യാത്ര എന്നാൽ കാറിൽ ആയാലോ എന്നായി പറഞ്ഞു വന്നപ്പോൾ.
ഒരു റോഡ് ട്രിപ്പ് അനുഭവം കൂടി ആവുമല്ലോ എന്ന് കരുതിയിട്ടാണ്.
എന്ന പിന്നെ എങ്ങിനെ തന്നെ ആവാം എന്ന് വിചാരിച്ചു, ഒരു മൺസൂൺ റോഡ് ട്രിപ്പ്.
മഴ കണ്ടും, കൊണ്ടും…
മീശപുലിമലയെ പറ്റി ഒരു ഗവേഷണം നടത്തി, പോവാൻ തീരുമാനിച്ച സ്ഥലത്തെ പറ്റി അറിഞ്ഞിരിക്കണമല്ലോ .
പശ്ചിമ ഘട്ടത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപുലിമല.
സമുദ്ര നിരപ്പിൽ നിന്ന 8661അടി ഉയരത്തിലാണ് മീശപുലിമല.
തമിഴ് നാടിന്റെയും, കേരളത്തിന്റെയും അതിർത്തി. മീശപുലിമലയിൽ നിന്ന് നമ്മുക്ക് തമിഴ്നാട് കാണാൻ സാധിക്കും.
മീശപുലിമലയിലോട്ടു രണ്ടു വഴിക്കു വരാം, ഒന്ന് കൊളുക്കു മല വഴി; പിന്നെ ഒന്ന് ഇടുക്കി-ബൈസൺ വാലി വഴി.കൊളുക്കു മലയിലൂടെ ഉള്ള വഴി നിയമ വിരുദ്ധമാണ്. അതുകൊണ്ടു ഇടുക്കി-ബൈസൺ വാലി റൂട്ട് തന്നെ പോവാം എന്ന് തീരുമാനിച്ചു.
താമസത്തിനു KTDCയുടെ, കേരളാ ടൂറിസത്തിന്റെ സൗകര്യങ്ങൾ ഉണ്ട്.
KTDC തന്നെ ആവാം താമസത്തിന് എന്നും ഉറപ്പിച്ചു.
ഓൺലൈൻ വഴി KTDCയുടെ രണ്ടു ടെന്റുകളും ബുക്ക് ചെയ്തു.
ഒരു കാർ, നാല് പേര്, രണ്ടു ടെന്റുകള്…മീശപുലിമലയിലോട്ടു…






Comments