Memoirs of a Monsoon Road Trip - Part 4
- Pathikan

- Jan 23, 2017
- 2 min read
ആകെ ഒരു മൂടിക്കെട്ടിയ അന്തരീക്ഷം.
എല്ലാവരുടെയും ഉത്സാഹം ഒന്ന് കെട്ടടങ്ങി.
തൊട്ടടുത്ത് നില്‍ക്കുന്നവരെ പോലും കാണാന്‍ പറ്റുന്നില്ല.
എന്നാലും ഇവിടെ വരെ വന്നിട്ട് മീശപുലിമല കാണാതെ എങ്ങിനെയാ…
ഒടുവിൽ രണ്ടും കൽപ്പിച്ചു മീശപുലിമല വരെ പോവാം എന്ന് തന്നെ തീരുമാനിച്ചു.
കാലാവസ്ഥ ഒട്ടും മാറുന്നില്ലെങ്കിൽ, തിരിച്ചു നടക്കാം എന്ന ഒരു ബാക്ക് അപ്പ് പദ്ധതിയുമായി
ഞങ്ങൾ മുന്നോട്ടു നടന്നു.
“ദേ വരയാട്!”
കൂട്ടത്തിൽ ആരോ വിളിച്ചു പറഞ്ഞു.
ഈ കനത്ത കോടയിൽ ഒന്നും കാണാനില്ല, എങ്ങിനെ കണ്ടോ ആവോ ?
നോക്കുമ്പോ, ഈ കോടയിൽ ഒരു കറുത്ത നിഴൽ പോലെ വളഞ്ഞ കൊമ്പൊക്കെയായി ഒരു വരയാട്.
ശെരിക്കും ഒന്ന് കാണാനായി അടുത്തു ചെന്നപ്പോഴേക്കും അത് അപ്രത്യക്ഷമായി.
വരയാടിനെയെങ്കിലും കണ്ടല്ലോ ഈ കോടയിൽ എന്ന ചാരിതാർഥ്യത്തോടെ ഞങ്ങൾ മുന്നോട്ടു.

ഒരു ചെറിയ അരുവി, ഒരു വലിയ വെള്ളച്ചാട്ടം, കുറെ മൊട്ട കുന്നുകൾ; അല്ല കൊച്ചു കൊച്ചു മലകൾ.
ഇതാണ് മീശപുലിമല ട്രെക്കിങ്ങ് .
കുറച്ചു സമയം അങ്ങ് കഴിഞ്ഞപ്പോൾ കോടയെല്ലാം നീങ്ങി, അന്തരീക്ഷം ഒന്ന് തെളിഞ്ഞു വന്നു. പക്ഷേ, മീശപുലിമല ട്രെക്കിങ്ങ് കുറച്ചു വിരസമായിരുന്നു. വായിച്ച വിവരണങ്ങളിൽ എല്ലാം മീശപുലിമല ട്രെക്കിങ്ങ് ഹൃദയഹാരി എന്നാണ്, പക്ഷേ എങ്ങിനെ എനിക്ക് അനുഭവപ്പെട്ടില്ല.
കാലാവസ്ഥ കാരണം ആണോ, അതോ അടുപ്പിച്ചു ഇത് മൂന്നാമത്തെ ട്രെക്കിങ്ങ് ആണ് ഞങ്ങളുടെ, അതുകൊണ്ടാണോ…അറിയില്ല. ഒരു വേള ഞങ്ങൾ തിരിച്ചു നടന്നാലോ എന്ന് വരെ ആലോചിച്ചു.
എന്നാലും തളർന്നില്ല, മുന്നോട്ടു തന്നെ.
തിരിച്ചു നടക്കുന്നതിലും എളുപ്പം മീശപുലിമല വഴി ഇറങ്ങുന്നതാണ് എന്ന് ഗൈഡ് ചേട്ടൻ .
എന്ന പിന്നെ എങ്ങിനെ തന്നെ ആവട്ടെ എന്നും വിചാരിച്ചു.
അടുത്ത ട്രിപ്പ്, എന്തായാലും ഒരു ട്രെക്കിങ്ങ് ട്രിപ്പ് വേണ്ട എന്ന് അപ്പോള്‍ തന്നെ ഞങ്ങൾ തീരുമാനിച്ചു.


ഞങ്ങൾ അങ്ങിനെ ട്രെക്കിങ്ങ്ന്റെ വിരസതയിൽ മൂകമായി മല കേറുന്നു.
ആറു മലകളുടെ ഒരു നിര, അതിൽ ഏറ്റവും ഉയരം കൂടിയതും, ആറാമത്തേയുമാണ് മീശപുലിമല. അപ്പൊ അഞ്ചു മലകൾ കയറി ഇറങ്ങണം അങ്ങ് മീശപുലിമല എത്താൻ. നടക്കുക തന്നെ വേറെ വഴിയില്ലലോ.
ഞങ്ങൾ അങ്ങനെ നടന്നു നടന്നു അഞ്ചാമത്തെ മലയുടെ മുകളിൽ എത്തി.
അപ്പൊ അതാ…
“ട്രിങ്ഗ്ഗ്ഗ്ഗ്ഗ്ഗ്…ട്രിങ്ഗ്ഗ്ഗ്ഗ്…ട്രിങ്…”
റേഞ്ച്…ദൈവമേ…ഇവിടെ റെയിഞ്ചോ !!
ഇടുക്കി, മീശ എന്നൊക്കെ കേട്ടതിനു ശേഷം ഒരു മൊബൈൽ ഫോണും ഇതുവരെ ശബ്ധിച്ചിട്ടില്ല.
മരുന്നിനു പോലും റേഞ്ച് ഇല്ല. അങ്ങനെ ഇരിക്കുമ്പോഴാണ്, മൊബൈൽ ശബ്‌ദിക്കുന്നതു.
മെസ്സേജും, വട്സാപ്പും ഒന്നുമല്ല, കോൾ തന്നെ.
ശാശുവിന്റെ മൊബൈൽ ആണ്, ഒരു അറിയാത്ത നമ്പർ.
ശാശു ഫോൺ എടുത്തു.
“ശാശു ചേട്ടൻ അല്ലെ”
“ഞാൻ ശ്രീകാന്തിന്റെ കസിൻ ആണ്, ശ്രീകാന്തിനെ ഒന്ന് കിട്ടുവോ”
ശാശു ഫോൺ ശാന്തിനു കൈമാറി.
“ഹലോ, എനിക്ക് കുഴപ്പമൊന്നുമില്ല, ഇല്ല…കുഴപ്പമില്ല.
ഇവിടെ റേഞ്ച് വേണ്ടേ ? ഇന്നലെ വിളിക്കാൻ പറ്റിയില്ല…ഇല്ല ഒരു പ്രശ്‌നവുമില്ല.
ദൈവമേ…നിങ്ങൾ എന്ത് ചെയ്തു എന്നിട്ടു…ഒന്ന് വിളിച്ചില്ല എന്ന് ഓർത്തു…
ഹൂ ..!!
ശെരി ശെരി…ഞങ്ങൾ വൈകിട്ട് ആവും ഇറങ്ങാൻ, റേഞ്ച് വരുമ്പോ വിളിക്കാം. ശെരി”
ശാന്ത് ദയനീയ ഭാവത്തിൽ ഞങ്ങളെ നോക്കി. “പോലീസിൽ അറിയിച്ചില്ലെന്നേ ഉള്ളു...”
കാര്യം ഇത്രേ ഉള്ളു, ശാന്ത് വീട്ടിലേക്കു വിളിക്കാൻ മറന്നു തലേന്ന്.
ഇടുക്കിയിൽ ഉരുൾപൊട്ടൽ എന്നൊക്കെ കേട്ടപ്പോ വീട്ടിൽ ആകെ ആവലാതി.
ഞങ്ങളെ എല്ലാവരെയും വിളിച്ചു കാണും, റേഞ്ച് ഇല്ലാലോ.
എന്തായാലും ശാന്ത് അനുഗ്രഹീതനാണ്, സ്നേഹമുള്ള കുടുംബാഗംങ്ങൾ. ഹി! ഹി!
ഞങ്ങൾ വീണ്ടും മീശപുലിമലയിലോട്ടു.

അവസാനം ഞങ്ങൾ കയറിയെത്തി, മീശപുലിമലയുടെ മുകളിൽ. ഏതോ ഒരു പക്ഷി ഞങ്ങളെയും കാത്തു അവിടെയുണ്ട്; തന്റെ സ്ഥലത്തു ആരാണ് അതിക്രമിച്ചു കയറിയതെന്ന് നോക്കി.
വളരെ ഉയരത്തിലുള്ള ഒരു വലിയ മൊട്ടക്കുന്ന്, അതാണ് മീശപുലിമല.
മലയുടെ മുകളില്‍ നിന്ന് താഴോട്ടുള്ള കാഴ്ചകള്‍ മനോഹരമാണ്.
പച്ച പുതച്ചു, കണ്ണെത്താ ദൂരത്തോള്ളം നീണ്ടു കിടക്കുന്ന മല നിരകള്‍; ആ മല നിരകളെ തൊട്ടുരുമി കൊണ്ട് ഒഴുകുന്ന വെളുത്ത മഞ്ഞു മേഘങ്ങള്‍.
മഴയുടെ സ്പര്‍ശം കൊണ്ട് പുളകമണിഞ്ഞു കിടക്കുന്ന പ്രകൃതി.
മനോഹരം !
എല്ലാവരും കയറിയെത്തി,
പിന്നെ പതിവ് പോലെ ഫോട്ടോ സെഷൻ.
ഫോട്ടോ എടുത്തു തീരാറായപ്പോഴേക്കും ഗൈഡ് ചേട്ടൻ പൊതി തുറന്നു.
ഉച്ച ഭക്ഷണം.
എല്ലാവര്ക്കും ഓരോ പൊതി. മൂന്ന് ചപ്പാത്തിയും മസാല കറിയും.
പിന്നെ വിരൽ നക്കി തുടച്ചത് മാത്രമേ ഓര്മയുള്ളു. വിശപ്പേ !
കൈ കഴുകാൻ ഈ മലയുടെ മുകളിൽ എവിടെ വെള്ളം, അതിന്റെ ആവശ്യവുമില്ല…വിരലെല്ലാം പള പളാ തിളങ്ങുവാന്.
ഭക്ഷണം കഴിച്ചു തീർന്നതും, ഗൈഡ് ചേട്ടൻ ഇറങ്ങാം എന്ന് പറഞ്ഞു.
അന്തരീക്ഷം ഒന്ന് മാറി, ഒന്നിരുണ്ടു. ചെറിയ ചാറ്റൽ മഴ തുടങ്ങി.
പെട്ടന്ന് ഇറങ്ങാം, അല്ലേൽ വഴിയിൽ ആനയൊക്കെ കാണും എന്ന് ഗൈഡ് ചേട്ടൻ.
താഴ്വര.
മീശപുലിമല ട്രെക്കിങ്ങിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് തിരിച്ചുള്ള ഇറക്കം ആയിരുന്നു.
ആരും അധികം സംസാരിക്കുന്നില്ല.
ഗൈഡ് ചേട്ടൻ മുന്നിൽ, ഞങ്ങൾ ആറു പേര് പിന്നിൽ.
താഴ്വരയിലെ പുല്ലു നമ്മുടെ തല പൊക്കത്തോളം ഉണ്ട്.
എല്ലാം മഴ നനഞ്ഞു പുതുമയോടെ നില്കുന്നു.
ഇടയ്ക്കിടയ്ക്ക് പലതരത്തിൽ ഉള്ള പൂക്കൾ…നീല, മഞ്ഞ, ചുവപ്പു…
മനോഹരമായ കാഴ്ചകൾ !

“ദേ പാമ്പ്”
എല്ലാവരും ഒന്ന് ഞെട്ടി.
ചങ്ങല കണ്ണി പോലെ ഒന്നിന് പുറകെ ഒന്നായി പോയി കൊണ്ടിരുന്ന ഞങ്ങൾ, പെട്ടന്ന് നിന്നു.
നോക്കുമ്പോൾ കണ്ടോ, കേട്ടോ പോലും പരിചയമില്ലാത്ത തരം പാമ്പ്. ഗൈഡ് ചേട്ടനും പിടിയില്ല.
പാമ്പ് ആണെങ്കിൽ അവിടെ നിന്ന് മാറാൻ ഉള്ള ഒരു ഉദ്ദേശവും ഇല്ല.
ചെറുതായി ഒന്ന് തട്ടിയപ്പോൾ, അതൊന്നു “നിങ്ങൾ വേണേൽ ഓരം ചേർന്നു പൊയ്‌ക്കൊള്ളൂ” എന്ന മട്ടിൽ കുറച്ചു ഒന്ന് നീങ്ങി കിടന്നു. വേറെ മാർഗം ഒന്നുമില്ലാത്തതു കൊണ്ട്, ഞങ്ങൾ ഒരാൾക്ക് പിറകെ ഒരാൾ അങ്ങിനെ ഓരം ചേർന്ന് പാമ്പിനെ മറി കടന്നു.
വീണ്ടും മുന്നോട്ടു.
പെട്ടന്ന് ഗൈഡ് ചേട്ടൻ ഒന്ന് നിന്നു.
ഒരു വശത്തേക്ക് കൈ ചൂണ്ടി...
തുടരും






Comments