Memoirs of a Monsoon Road Trip - Part 5
- Pathikan

- Jan 26, 2017
- 2 min read
എല്ലാവരും ആകാംക്ഷയോടെ...
ഞങ്ങളുടെ കണ്ണുകള്‍ ഗൈഡ് ചേട്ടന്‍ ചൂണ്ടിയിടത്തേക്ക് പാഞ്ഞു.
നോക്കുമ്പോൾ ആളൊപ്പം പൊക്കമുള്ള പുല്ലും ചെടികളുമെല്ലാം ഉലഞ്ഞു കിടക്കുന്നു.
ആനകൂട്ടം വന്നതിന്റെ ആണെന്ന് ഗൈഡ് ചേട്ടൻ.
“നമ്മുക്കേ, പെട്ടന്ന് നടക്കാം. നടക്കുമ്പോ ശെരിക്കുമൊന്നു നോക്കിക്കോ ചുറ്റും” ഗൈഡ് ചേട്ടന്‍.
ഇതും പറഞ്ഞു ആള് നടന്നു.
എല്ലാവരും ചെറുതായി ഒന്ന് നടുങ്ങി.
മുന്നോട്ടുള്ള വഴിയുടെ വശങ്ങളിലോട്ടായി പിന്നെ എല്ലാവരുടെയും നോട്ടം.
നോക്കുമ്പോൾ ഇത് തന്നെ അവസ്ഥ, വശങ്ങളിലെ ചെടികളും വൃക്ഷങ്ങളും എല്ലാം ഒരു വശത്തേക്ക് ഉലഞ്ഞു കിടക്കുന്നു. ചവിട്ടി മെതിച്ചു കടന്നു പോയിരിക്കാണ്. ആനകൂട്ടം.
ചില സ്ഥലങ്ങളിൽ ആന പിണ്ഡങ്ങളും കിടപ്പുണ്ട്, പിണ്ഡങ്ങൾ അധികം പഴക്കം ചെന്നിട്ടില്ല എന്നൊരു നിഗമനത്തിൽ എത്തി ഞങ്ങൾ.
നടപ്പിന് വേഗം കൂടി.


“ആന, ദേ അവിടെ ഒരു ആന” എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഞാൻ ഉറക്കെ.
“ആന. നോക്ക്, നോക്ക്. ദേ ഒരു ആന”
പതുക്കെ എല്ലാവരോടും പറയണം എന്നായിരുന്നു എൻ്റെ മനസ്സിൽ, വെറുതെ പേടിപ്പിക്കണ്ടല്ലോ.
പക്ഷേ ആനയെ കണ്ട ആ ആവേശത്തിൽ ഞാൻ അങ്ങ് ഉറക്കെ പറഞ്ഞു പോയി.
എല്ലാവരും ഞെട്ടി തരിച്ചു ഞാൻ കൈ ചൂണ്ടിയ ഭാഗത്തേക്ക് തലതിരിച്ചു.
കുറച്ചു അങ്ങ് ദൂരെയാണ് ആന. പുറം തിരിഞ്ഞാണ് നിൽപ്പ്.
എല്ലാവര്ക്കും ഒരു ഭയം കലർന്ന ആവേശം. ആന, അതും കാട്ടാന.
ഭീകരം, ഭയാനകം.
“ഹയ്യ്, ആന അനങ്ങുന്നില്ലലോ…” കൂട്ടത്തിൽ ആരോ.
“അയ്യേ, അത് ഒരു പാറയാണ്, ചുമ്മാ കണ്ണട വച്ച് ഇറങ്ങിയിരിക്കാണ്, ആളെ പേടിപ്പിക്കാൻ”
“ഡേയ് പോയി ആ പവർ ഒന്ന് ചെക്ക് ചെയ് …”
ഒന്നും മിണ്ടിയില്ല, തലയും താഴ്തി നടന്നു ഞാന്‍ ഗൈഡ് ചേട്ടന്റെ പിന്നാലെ.
ആനയെന്നു കരുതിയത് ഒരു പാറയായിരുന്നു, പക്ഷേ ശെരിക്കും പുറം തിരിഞ്ഞു നിൽക്കുന്ന ഒരു ആനയെ പോലെ തന്നെ. അതെങ്കിലും എല്ലാവരും സമ്മതിച്ചു.
താഴ്വര കടന്നു, ചെന്നു കയറിയത് ഒരു ചെമ്മണ് പാതയിലേക്ക്.
ആ പാതക്കു ഇരുവശവും ചൂള മരത്തിന്റെ ഗണത്തില്‍ പെട്ട മരങ്ങള്‍ വരി വരിയായി നില്കുന്നു. നല്ല ഉയരത്തില്‍; ക്രിസ്മസ് ട്രീയുടെ സ്മരണയുണര്‍ത്തുന്ന വൃക്ഷങ്ങള്‍. അതില്‍ കടും പച്ച നിറത്തില്‍ നീണ്ടു കൊലുന്നനെയുള്ള ഇലകൾ. മഴത്തുള്ളികള്‍ ആ ഇലത്തുമ്പുകളില്‍ തിളങ്ങുന്നു.
നനുത്ത മഴ, മഴയില്‍ കുതിര്‍ന്നു കിടക്കുന്ന ചെമ്മണ്‍ പാത.
പാതയുടെ ആ ചെമ്മണ്‍ ചുവപ്പും, ചൂളമരത്തിന്റെ പച്ചയും, തിളങ്ങുന്ന മഴത്തുള്ളികളും; നയനമനോഹരമായ കാഴ്ചകൾ. ഞങ്ങൾ പതിയെ ആ വഴിയിലൂടെ പ്രകൃതിഭംഗി ആസ്വദിച്ചു നടന്നു.
പെട്ടന്നാണ് വഴിയിൽ ഒരു മരക്കൊമ്പ് വീണു കിടക്കുന്നതു ശ്രദ്ധയിൽ പെട്ടത്, മരത്തിനടിയിൽ ചുവന്ന നിറത്തിൽ എന്തോ തിളങ്ങുന്നു.
മാജിക് മഷ്‌റൂം !!
മാജിക് മഷ്‌റൂംസ്, പല വലുപ്പത്തിൽ…നിര നിരയായി…
വലുതും ചെറുതുമായി കുറെയേറെ ചുവന്ന കുടകൾ, കുടകള്‍ക്കു മുകളില്‍ ഇപ്പൊ പെയ്യ്ത മഞ്ഞു പോലെ തൂവെള്ള നിറത്തിൽ ചിത്രപ്പണികളും.
മനോഹരം, അതിമനോഹരം.
ആ ചൂളമരങ്ങൾ നിറഞ്ഞ ചെമ്മണ്ണ് പാതയും, ചാറ്റൽ മഴയും, മാജിക് മഷ്‌റൂസും
“മൈഡ് മൈ ഡേ !” യാത്രയുടെ ഉദ്ദേശം സഫലമായ പോലെ.
മനസ് നിറഞ്ഞു.


ആ വഴി ചെന്ന് കേറുന്നത്, റോഡോ മാന്ഷനിലോട്ടു ആണ്.
അവിടെ ഓഫീസർ സർ ഞങ്ങളെ കാത്തു ഇരിപ്പുണ്ട്."
“അവസാനം മീശപുലിമല കണ്ടുവല്ലേ” എന്ന് നിറഞ്ഞ ചിരിയോടെ ഓഫീസർ സർ.
ഞങ്ങൾ തലയാട്ടി കണ്ടുവെന്ന അർത്ഥത്തിൽ.
എല്ലാവരും നേരെ ജീപ്പിലോട്ടു. താഴേ ബേസ് ക്യാമ്പിലേക്ക്.
സമയം ഒരുപാടായി.
ബേസ് ക്യാമ്പിൽ നിന്നും ഓരോ കട്ടനും അടിച്ചു ഞങ്ങൾ ഇറങ്ങി.
താഴേ കാർ ഇട്ടിരിക്കുന്ന സ്ഥലത്തേക്ക് ഗൈഡ് ചേട്ടൻ ഒരു ഷോർട്കട്ട് പറഞ്ഞു തന്നു.
ചെറിയ ഒരു കാടിനുള്ളിലൂടെ ആണ്, പക്ഷേ പെട്ടന്ന് എത്തും.
അട്ടയെ മാത്രമൊന്നു സൂക്ഷിച്ചാ മതി.
ഒന്നും നോക്കിയില്ല, ഷോർട്കട്ട് തന്നെ എടുത്തു.
ചെറിയ കാടിനുള്ളിലൂടെ.

“അട്ട, അട്ട…”
ഒരട്ട രണ്ട അട്ട…ചറ പറ അട്ടകൾ.
നോക്കിയപ്പോ, കാലു നിറയെ അട്ടകൾ.
മുട്ടിനു താഴേ അങ്ങോട്ട്...കാലിനു പുറകില്‍, വിരലുകള്‍ക്കിടയില്‍...
കയ്യിലും അട്ടകൾ !
എന്തിനു ബാഗിനെ പോലും വെറുതെ വിട്ടില്ല ഈ അട്ടകൾ.
സർവത്ര അട്ടകൾ.
അര മണിക്കൂർ എടുത്തു എത്തേണ്ടിടത്തു, പത്തു മിനിറ്റ് കൊണ്ട് ഞങ്ങൾ എത്തി.
പറക്കായിരുന്നല്ലോ, ഷോര്‍ട്ട് കട്ട് എന്ന് പറഞ്ഞപ്പോ ഇത്രക്കും പ്രതീക്ഷിച്ചില്ല !!
ചോരക്കളം.
ഉടുമ്പിന്റെ പിടി പോലെ തന്നെയാണ് ഏതാണ്ട് അട്ടയുടെയും.
കുറച്ചു പാടുപെടും ഒന്ന് വിട്ടു കിട്ടാന്‍. ഉപ്പു ബേസ് ക്യാമ്പില്‍ നിന്ന് എടുത്തുമില്ലാ !
കൈ കൊണ്ട് തട്ടി കളയുമ്പോള്‍, അത് കയ്യില്‍ പിടിക്കും.
കൈകൊണ്ടു നടക്കില്ല എന്ന് മനസിലായപ്പോ പിന്നെ ചെറിയ കമ്പും കോലും ഒക്കെയായി.
കാലു മുഴുവന്‍ ചോര, ചോരക്കളം.
ഒരു വിധം എല്ലാത്തിനെയും തട്ടി കളഞ്ഞു. കാറിൽ കയറി.
വണ്ടി എടുത്തു കുറച്ചു കഴിഞ്ഞപ്പോൾ അതാ വീണ്ടും. “അട്ട!”
കണ്ണിൽ പെടാതെ ഒളിച്ചിരിക്കുന്ന കുറേ അട്ടകൾ.
ഉപ്പില്ലാതെ നടക്കില്ലന്ന് മനസിലായി. അടുത്തെങ്ങും ഒരു കടയുമില്ല.
നിവര്‍ത്തിയില്ലാതെ അട്ടകളെയും കൊണ്ട് കുറച്ചു ദൂരം കാറില്‍.
അവസാനം ഒരു കട കണ്ടു ആ പരിസരത്ത്.
“ചേട്ടാ ഉപ്പു, വേഗം! വേഗം!”
ചോര ഊറ്റി കുടിച്ചു വീര്‍ത്തിരിക്കുന്ന പച്ച പുഴുക്കള്‍. കാലു നിറയെ !
പിന്നെ അങ്ങോട്ട് ഒരു ചെറു യുദ്ധം, അട്ടകളുമായി.
അവസാനം, ഒരു വിധം എല്ലാത്തിനെയും ഉപ്പിലിട്ടു.
കാലില്‍ മാത്രമേ അട്ട പിടിച്ചിടുണ്ടാവുള്ളൂ എന്ന വിശ്വാസത്തോടെ, കാലും കൈയുമെല്ലാം കഴുകി വണ്ടിയെടുത്തു.
ഇനി വീട്ടിലോട്ടു… മീശപുലിമലയോടു വിട.
ഒരു മൺസൂൺ റോഡ് ട്രിപ്പ് എന്ന സ്വപനം അങ്ങിനെ സാക്ഷാത്കരിച്ചു.
മഴ, മീശപുലിമല, മാജിക് മഷ്‌റൂംസ്…
രണ്ടു മാസങ്ങൾക്കിപ്പുറമാണ് ഞാന്‍ ‘ചാര്‍ലി’ കാണുന്നത്.
കണ്ടുകൊണ്ടിരിക്കുമ്പോള്‍ അതാ വരുന്നു ചാർളിയുടെ ആ ചോദ്യം...
“മീശപുലിമലയിൽ മഞ്ഞു പെയ്യുന്നതു കണ്ടിട്ടുണ്ടോ
മാജിക് മഷ്‌റൂം കണ്ടിട്ടുണ്ടോ...”
ഞാൻ ഒന്ന് ഊറിചിരിച്ചു... “കണ്ടിട്ടുണ്ടേ”
അവസാനിച്ചു.
അടികുറിപ്പ്
സഹയാത്രികര്‍ - മിനിസ്റ്റെര്‍(അര്‍ജുന്‍), ശാന്ത്(ശ്രീകാന്ത്), ശാശു(ശാശ്വത്).
ചിത്രങ്ങള്‍ക്കു കടപ്പാട് - ശാശുവിനോടും (Sasu's Gallery - Ramz Fotography), പിന്നെ കൂടെയുണ്ടായിരുന്ന യാത്രപ്രേമികളോടും.






Comments