Memoirs of a Monsoon Road Trip - Part 2
- Pathikan

- Jan 18, 2017
- 3 min read
“പെരേര, നിങ്ങളുടെ കാറിന്റെ നമ്പർ KL-08-AR 9731 ആണോ?”
“യെസ്, മൈ ഫോൺ നമ്പർ ഈസ് 2255.”
“ഡേയ് മനുഷ്യാ, ഫോൺ നമ്പർ അല്ല…കാറിന്റെ നമ്പർ…ഞങ്ങൾ ദാ ഗേറ്റിന്റെ പുറത്തുണ്ട്…
വേഗം വന്നു ഗേറ്റ് തുറക്ക്” “പെരേര നല്ല ഉറക്കത്തിലാന്നു തോന്നുന്നു, എന്തൊക്കയോ പിച്ചും പേയും പറയുന്നു”, ഫോൺ കട്ട് ആവുന്നതിനു മുന്നേ മിനിസ്റ്റർ പറയുന്നത് ഞാൻ കേട്ടു.
സംഭവം എന്താണന്നു വച്ചാൽ, ഇവന്മാര് മൂന്ന് പേരും കോയമ്പത്തൂർ നിന്ന് ജോലി കഴിഞ്ഞു വരുന്നതാണ്.
ഓഫീസിൽ നിന്നു നേരെ തൃശ്ശൂരുള്ള എൻ്റെ വീട്ടിൽ വരുന്നു, ഒന്ന് വിശ്രമിക്കുന്നു, പ്രാതൽ കഴിച്ചു യാത്ര ആരംഭിക്കുന്നു. ഇതാണ് പ്ലാൻ. നിങ്ങൾ എത്താറാവുമ്പോ വിളിച്ചാ മതി, ഞാൻ റെയിൽവേ സ്റ്റേഷൻ വന്നു പിക്ക് ചെയ്‌യാം എന്ന് പറഞ്ഞാണ് തലേന്നു കിടന്നതു. എൻ്റെ ഉറക്കത്തെ പറ്റി നന്നായി അറിയാവുന്നതു കൊണ്ടാവണം, എന്നോട് ലൊക്കേഷൻ ഷെയർ ചെയ്‌യാൻ പറഞ്ഞിരുന്നു വാട്ട്സ്ആപ്പിൽ.
ആ ഷെയർ ചെയ്‌ത ലൊക്കേഷൻ വെച്ചു, ഇവന്മാർ ഓട്ടോ പിടിച്ചു വീടെത്തി,
ജൂൺ 18 - ശനിയാഴ്ച വെളുപ്പിന് ഒരു നാല് നാലര മണിക്ക്.
എന്നിട്ടാണ് ഗേറ്റിന്റെ മുൻപിൽ നിന്ന് എന്നെ വിളിക്കുന്നത്.
ഭീകരന്മാർ, കൊടും ഭീകരന്മാർ.
ഇത്രക്കും ഞാൻ പ്രതീക്ഷിച്ചില്ല.

Thrissur to Meeshapulimala - 187kms, 5hr 14mins.
ഗൂഗിൾ മാപ്‌സിൽ റൂട്ട് സെറ്റ് ചെയ്തു.
2010 മോഡൽ സാൻട്രോയും, ഞങ്ങൾ നാല് പേരും, പിന്നെ മഴയും.
മൂന്ന് മണിക്ക് മുൻപ് ക്യാമ്പ് സൈറ്റിൽ എത്തണം എന്നാണ് നിർദ്ദേശം.
അത് അനുസരിച്ചാണ് പ്ലാൻ.
ഗൂഗിൾ മാപ്‌സ്നെ വിശ്വസിക്കാമെങ്കിൽ ഉച്ചക്ക് ഒരു മണിയോട് കൂടി മീശപുലിമല എത്തും.
റോഡ് ട്രിപ്പിന്റെ ആദ്യ പാദം കാർ ഞാൻ എടുത്തു.
തൃശൂർ ജില്ല കഴിഞ്ഞു, ഇടുക്കിയിലോട്ടു പ്രവേശിച്ചു.
മഴയെ അതിന്റെ ഭംഗിയോട് കൂടെ കാണണമെങ്കിൽ അങ്ങ് ഇടുക്കിയിൽ ചെല്ലണം.
കണ്ണിനു കുളിര്മയേകുന്ന ഹരിതാഭയാർന്ന കാഴ്ചകൾ.
ഈ കുളിർമ്മക്കു വന്യത നൽകാൻ എന്ന പോലെ കുത്തിയൊലിച്ചു ഒഴുകുന്ന വെള്ളച്ചാട്ടങ്ങളും.
കുറച്ചു നേരം ആ കുത്തിയൊലിച്ചു ഒഴുകുന്ന വെള്ളച്ചാട്ടങ്ങളെ നോക്കി നിന്നാൽ നമ്മുക്ക് ചെറുതായി പേടിയൊക്കെ തോന്നും. വന്യമായ ആവേശത്തോടെ കുത്തിയൊലിച്ചു ഒഴുകുന്ന വെള്ളം. ഹോ !
അതും ഇടുക്കിയിൽ കഴിഞ്ഞ ദിവസം ഉരുൾ പൊട്ടൽ ഉണ്ടായി എന്ന് കൂടി അറിയുമ്പോൾ; ആ ഭയം ഇരട്ടി ആവും.
മഴയുടെ ഒരു കുളിർമയും, ഉരുൾ പൊട്ടൽ ഉണ്ടാവുമോ എന്നൊരു ഭീതിയും.
യാത്രയുടെ രണ്ടാം പാദം, കാർ ശാശു എടുത്തു.
ഗൂഗിൾ മാപ്പുമായി മുന്നോട്ടു.
കുറെ കഴിഞ്ഞപ്പോൾ, നഗരത്തിന്റേതായ മട്ടും ഭാവവും എല്ലാം മാറി.
വിജനമായ തെരുവുകൾ, ഇടുക്കിയുടെ വേറെ ഒരു മുഖം.
കുന്നും മലയും; കേറ്റവും ഇറക്കവുമൊക്കെ.
വഴിയും ആകെ പൊട്ടി പൊളിഞ്ഞു, ഡ്രൈവിംഗ്നു സുഖകരമല്ലാത്ത അവസ്ഥ.
“ഗൂഗിൾനു വഴി തെറ്റില്ലലോ, ആരോടെങ്കിലും ചോദിച്ചാലോ?”
“ഈ ഇന്റർനെറ്റ് യുഗത്തിൽ നമ്മൾ വഴി ചോദിക്കുകയോ, ഇല്ലാ ഒരിക്കലുമില്ല.”
സമയം നോക്കിയാപ്പോൾ ഏതാണ്ട് ഒരു മണി, ഗൂഗിൾ മാപ്‌സ് വെച്ചു ഇനിയും ഒരു മണിക്കൂർ കൂടിയുണ്ട് മീശപുലിമലയിലോട്ടു.
ഉച്ചഭക്ഷം ആ വിജനപ്രദേശത്തെ ഒരു ചെറു കടയിൽ നിന്ന് തരപ്പെടുത്തി.
മീശപുലിമലയിലോട്ടുള്ള യാത്രയുടെ അവസാനപാദം.
“ഇനി കാർ ഞാൻ എടുക്കാം.”
“അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ…ഗുലുമാൽ”
ശാന്ത് ഇതു പറയുമ്പോൾ പശ്ചാത്തലത്തിൽ ഈ പാട്ട് കേട്ടോ എന്നൊരു സംശയം.
മൈൻഡ് ആക്കിയില്ല, അത് പിന്നെ എങ്ങിനെ ആണലോ. വരാൻ ഉള്ളത്…
ശാന്ത് ഡ്രൈവിംഗ് പഠിച്ചു വരുന്നേ ഉള്ളു, ലൈസൻസ് ഒക്കെ ഉണ്ട് പക്ഷേ അങ്ങോട്ട് പയറ്റി തെളിഞ്ഞിട്ടില്ല.
പയറ്റി തെളിയട്ടെ എന്ന് വിചാരിച്ചു ചാവി അങ്ങ് കൊടുത്തു.
പയറ്റി തെളിയാൻ പറ്റിയ സ്ഥലം, നല്ല കാലാവസ്ഥയും. ഞാൻ മനസ്സിൽ ഓർത്തു.
ശാന്ത് ഡ്രൈവിംഗ് സീറ്റിൽ, ഞാൻ മുന്നിൽ തൊട്ടപ്പുറത്ത്.
ശാശുവും മിനിസ്റ്ററും പുറകിൽ.
ശാന്ത് കാർ അങ്ങോട്ട് എടുത്തില്ലാ, ദാ വരുന്നു ഒരു കയറ്റം.
കയറ്റമല്ലേ, ശാന്ത് അതാ ഗിയര് മാറ്റുന്നു, വണ്ടി അതാ പുറകോട്ടു പോവുന്നു, ഞാൻ ചാടി ഹാൻഡ് ബ്രേക്ക് പിടിക്കുന്നു.
എല്ലാം ശട പടെ ശട പടെ എന്നായിരുന്നു.
പുറകിൽ വേറെ വണ്ടി ഒന്നുമില്ലാതിരുന്നതു ദൈവാനുഗ്രഹം.
“ക്ലച്ച് ഇടുംബം ഗിയര് അമർത്തണം” പുറകിൽ നിന്ന് ഒരു കമെന്റും.
ഡ്രൈവിംഗ് പഠിച്ചവർക്ക് അറിയാം ഒരു കയറ്റം വരുമ്പോൾ ഉള്ള അവസ്ഥ, ഹാഫ് ക്ലച്ച്ന്റെ കളികൾ.
പക്ഷേ ശാന്ത് പതറിയില്ല, മുന്നോട്ടു തന്നെ.
പിന്നെയും വന്നു കയറ്റങ്ങൾ…പിന്നെയും പല തവണ വണ്ടി ഓഫ് ആയി…
മുന്നോട്ടു തന്നെ…
പാവം വണ്ടി, എന്ത് തെറ്റ് ഞാൻ നിന്നോട് ചെയ്തു എന്ന് ചോദിച്ചു കാണും ചിലപ്പോ.
അതിനിടയിൽ മഴ നന്നായി കനത്തു.
ശാന്തിന്റെ ഡ്രൈവിങ്ങിൽ നിന്ന് ശ്രദ്ധ തിരിച്ചു ഞാൻ പരിസരം ഒന്ന് വീക്ഷിച്ചു.
“ബോയ്സ്, ഇതു തന്നെ ആണോ വഴി ? കണ്ടിട്ട് ഒരു സുഖമില്ലലോ” എൻ്റെ ചോദ്യം.
“ഗൂഗിൾനു തെറ്റില്ല, കുറച്ചു ദൂരം കൂടിയേ ഉള്ളു. പോട്ടെ, പോട്ടെ” എന്ന് ഉത്തരം.
ഞങ്ങൾ ഇങ്ങനെ താഴെ നിന്ന് മുകളിലോട്ടു കയറി കൊണ്ട് ഇരിക്കയാണ്.
ഒരു ചെറിയ മലയുടെ മുകളിലോട്ടു ആണ് വഴി പോകുന്നെ എന്ന് മനസിലായി.
ഒന്ന് രണ്ടു ഹെയർ പിൻ വളവുകൾ ഒക്കെ കടന്നു.
വഴിയുടെ ഒരു വശത്തേക്ക് നോക്കിയപ്പോൾ, ചെറുതായി ഒന്ന് പേടിച്ചു.
ഒന്ന് ഉരുൾപൊട്ടി പോയ ലക്ഷണം ഒക്കെ ഉണ്ട്. പാറകളും, മരക്കൊമ്പുകളും എല്ലാം വഴിയിൽ വീണു കിടക്കുന്നു, വെള്ളം കുത്തി ഒളിച്ചു പോയതിന്റെ ലക്ഷണങ്ങളും ഉണ്ട്.
വഴി മുഴുവൻ ചെളി. വഴിയിൽ ആണേൽ ഒറ്റ വണ്ടി പോലും ഇല്ല. കൂടാതെ കനത്ത മഴയും.
ആകെ ഒരു ഭീകരാന്തരീക്ഷം.

എത്തുന്നില്ലലോ, എത്തുന്നില്ലലോ എന്ന് വിചാരിച്ചിരിക്കുമ്പോൾ…
അതാ വേറെയൊരു ഹെയർപിൻ.
ഹെയർപിൻ തിരിഞ്ഞു കയറിയത് ഒരു കുത്തനെ ഉള്ള കയറ്റത്തിലേക്കു.
തിരിഞ്ഞു കയറിയതും, വണ്ടി ഓഫ് ആയി.
കുത്തനെ ഉള്ള കയറ്റം, കയറ്റത്തിന് മധ്യത്തിൽ ഒരു ഓഫ് ആയ വണ്ടി ഹാൻഡ് ബ്രേക്ക് ഇട്ടു നിർത്തിയിരിക്കുന്നു.
വണ്ടി മുന്നോട്ടോ പോവുമോ പിന്നോട്ടു പോവുമോ എന്ന് അറിയാതെ ഞങ്ങൾ മൂന്ന് പേര്, വണ്ടി എങ്ങോട്ടെങ്കിലും പോയ മതി എന്ന് ഓർത്തു സ്റ്ററിങ്ങിൽ കൈയും വെച്ചു ശാന്തും.
ശാന്ത് വണ്ടി വീണ്ടും സ്റ്റാർട്ട് ചെയതു, രക്ഷയില്ല…
വണ്ടി ഗർജിക്കുന്ന എന്നല്ലാതെ മുന്നോട്ടു നീങ്ങുന്നില്ല.
വണ്ടി വീണ്ടും ഓഫ് ആയി, ക്ലച്ച്ചും ആക്‌സിലറേറ്ററും തമ്മിൽ മല്‍പിടുത്തം.
വീണ്ടും സ്റ്റാർ്റ്റാക്കി, വണ്ടി ഒന്ന് ചെറുതായി പിന്നോട്ടു ഇറങ്ങി, ശാന്ത് ആക്‌സിലേറ്റർ നന്നായി ഒന്ന് ചവുട്ടി. ഗ്രർർർർ…
വണ്ടി വീണ്ടും ഓഫ് ആയി, വീണ്ടും ഹാൻഡ് ബ്രേക്കിൽ.
വണ്ടി എങ്ങാനും പിന്നിലോട്ടു പോയ എന്താ അവസ്ഥ എന്ന് ആ നേരത്തു ആലോചിച്ചില്ല. ഇപ്പൊ ആലോചിക്കുമ്പോ കാലിന്റെ അടി ഒക്കെ വിയർക്കുന്നു.
പഠിച്ച പണി പതിനെട്ടും നോക്കി, നടക്കുന്നില്ല.
അവസാനം ശാന്ത് സ്റ്ററിങ്ങിൽ നിന്ന് കൈ എടുത്തു.
ചാവി മിനിസ്റ്റർക്കു കൈ മാറി, ഞങ്ങൾ എല്ലാവരും കാറിൽ നിന്ന് ഇറങ്ങി.
ഒന്ന് മേലോട്ട് നോക്കിയപ്പോൾ ദാ വീണ്ടും അടുത്ത ഹെയർപിൻ, പക്ഷേ അത് അടുത്താണ്.
അതുകൊണ്ടു ഞങ്ങൾ ആ ഹെയർപിൻ നടന്നു കേറാം, മിനിസ്റ്റർ കാർ എടുത്തു ഹെയർപിൻ കയറിയിട്ട് അവിടെ കാത്തുനിൽക്കാം എന്ന് തീരുമാനിച്ചു.
മിനിസ്റ്റർ കാർ എടുത്തു, എല്ലാവരും ആകാംഷയോടെ…
മിനിസ്റ്റർ വളരെ കൂൾ ആയി അടുത്ത ഹെയർപിൻ കയറ്റി, വണ്ടി ഒതുക്കി ഇട്ടു.
ഞങ്ങൾ പതുക്കെ വണ്ടിയുടെ അടുത്ത് എത്തി നോക്കുമ്പോൾ, എൻജിനിൽ നിന്ന് ചെറുതായി പുക ഒക്കെ വരുന്നുണ്ട്. വണ്ടിക്കു എന്തേലും പണി കിട്ടുമോ എന്ന് എല്ലാവര്ക്കും ഒരു പേടി.
നല്ല സ്ഥലത്താണ് പെട്ടിരിക്കുന്നതും.
കാറിനു ജീവൻ ഇല്ലാത്തതു ഭാഗ്യം, അല്ലെങ്കിൽ അത് ഇറങ്ങി വന്നു തല്ലിയേനെ.
“അവന്മാരുടെ ഒരു മൺസൂൺ ട്രിപ്പും, മീശപുലിമലയും…”
പിന്നെ അങ്ങോട്ട് മിനിസ്റ്റർ ആയിരുന്നു വണ്ടി എടുത്തത്.
ഹെയർപിൻ കഴിഞ്ഞതും കുറച്ചു അങ്ങ് ചെന്നപ്പോ ഹൈവേയിൽ എത്തി.
സമാധാനം.
കനത്ത മഴ, വൈപ്പർ ഇട്ടിട്ടും ഒന്നും കാണുന്നില്ല.
ഈ കൊല്ലത്തെ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയ ദിവസം അന്നാണോ എന്ന് എനിക്ക് സംശയം ഉണ്ട്. ഒരു വിധം ആ കനത്ത മഴയത്തു, ഞങ്ങൾ KTDCയുടെ ഓഫീസിൽ എത്തി. ഹാവൂ.
സുനിൽ സർ, മീശപുലിമല ക്യാമ്പ് സൈറ്റിന്റെ ചാർജ് ഉള്ള KTDC ഓഫീസർ വരാൻ കുറച്ചു താമസിച്ചു. ഞങ്ങൾക്കു വേണ്ട ഭക്ഷണ സാധനങ്ങൾ വാങ്ങാൻ ടൗണിൽ പോയതായിരുന്നു
സർനോട് നമ്മുടെ വഴിയേ പറ്റി പറഞ്ഞപ്പോ, “നിങ്ങൾ എന്തിനാ ആ വഴി വന്നത്, നല്ല നാഷണൽ ഹൈവേ അപ്പുറത്തു ഉണ്ടല്ലോ”
ഗൂഗിളേ…

മീശപുലിമല ബേസ് ക്യാമ്പിലോട്ടു KFDC ഓഫീസിൽ നിന്ന് കുറച്ചു ദൂരം ഉണ്ട്.
ഈ പരാക്രമങ്ങൾക്കു ശേഷം കാറിന്റെ അവസ്ഥ എന്താവും എന്ന് ഒരു സംശയം ഉണ്ടായിരുന്നു. കാർ ഒന്ന് ചെക്ക് ചെയ്‌യാൻ ആണേൽ ഇടുക്കി ടൗണിൽ പോണമത്രേ. തത്കാലം അതിനു നിവർത്തിയില്ല. ബേസ് ക്യാമ്പ് വരെ കാർ പോവും, എന്ന പിന്നെ അങ്ങിനെ ആവട്ടെ എന്ന് കരുതി.
സുനിൽ സർ ബേസ് ക്യാമ്പിലോട്ടു ഞങ്ങൾക്ക് ഒരു റേഞ്ച് ഓഫീസറെയും ഒരു ഗൈഡ് ചേട്ടനെയും പറഞ്ഞു ഏൽപ്പിച്ചിരുന്നു. അവരുടെ ജീപ്പിന്റെ പിന്നാലെ ഞങ്ങൾ കാറുമായി മീശപുലിമല ബേസ് ക്യാമ്പിലോട്ടു…
തുടരും






Comments